സുധാകരന്റെയും ഐസക്കിന്റെയും പേരില്ല; പ്രതിഭയ്ക്കും ദലീമയ്ക്കുമൊപ്പം മറ്റ് പേരുകൾ നിർദേശിച്ചു

#ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളം, അരൂർ മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എ.മാരെക്കൂടാതെ മറ്റു പേരുകളും നിർദേശിച്ച് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

കായംകുളത്ത് യു. പ്രതിഭ എം.എൽ.എ. രണ്ടു തവണ പൂർത്തിയാക്കി. ടേം നിബന്ധന ഇത്തവണ സി.പി.എം. കർശനമാക്കുന്നില്ല. അതിനാൽ പ്രതിഭയെ നിലനിർത്തി തന്നെ ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരുടെ പേരുകളും നിർദേശിച്ചു.

അരൂരിൽ ദലീമ എം.എൽ.എ. ഒരു തവണയേ ആയുള്ളൂ. ഇവിടെയും ദലീമയുടെ സാധ്യത നിലനിർത്തി ആർ. നാസറിന്റെ പേരുകൂടി നിർദേശിച്ചു. രണ്ടു മണ്ഡലങ്ങളിൽ ജില്ലാ സെക്രട്ടറിയുടെ പേരു വന്നതിനാൽ ഒരിടത്തെങ്കിലും അദ്ദേഹത്തെ മത്സരിപ്പിച്ചേക്കും.

അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനെ പരിഗണിച്ചുകൂടേയെന്ന് കെ. രാഘവൻ, ഹരിശങ്കർ എന്നിവർ യോഗത്തിൽ ചോദിച്ചു. എന്നാൽ, ഒരു തവണ മാത്രം എം.എൽ.എ. ആയ എച്ച്. സലാമിനെ മാറ്റുന്നതിനെ മറ്റുള്ളവർ അംഗീകരിച്ചില്ല.

മാനദണ്ഡ പ്രകാരം കഴിഞ്ഞതവണ മാറിയവരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച വേണ്ടെന്ന് സംസ്ഥാനസെക്രട്ടറി നിലപാടെടുത്തെന്നാണു സൂചന. അരൂരിൽ തോമസ് ഐസക്കിന്റെ പേരുകൂടി വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മേൽപ്പറഞ്ഞ ഉപാധി അദ്ദേഹത്തിനും ബാധകമായി.

മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എ.മാർതന്നെ മത്സരിക്കും. ആലപ്പുഴ-പി.പി. ചിത്തരഞ്ജൻ, ചെങ്ങന്നൂർ- സജി ചെറിയാൻ, മാവേലിക്കര-എം.എസ്. അരുൺകുമാർ എന്നിവരാണ് വീണ്ടും ജനവിധി തേടുക.

ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശകൾ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. തുടർന്ന് ജില്ലകളിൽ വീണ്ടും ചർച്ച നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നാകും അന്തിമതീരുമാനമെടുക്കുക.

Content Highlights: alappuzha district assembly seats expected cpm candidates