കണക്കുകള്‍ പറയുന്നു; കന്നിയങ്കത്തില്‍ രാഹുലിനെ മറികടന്ന് പ്രിയങ്ക

രാഹുലും പ്രിയങ്കയും
രാഹുലും പ്രിയങ്കയും

കല്‍പ്പറ്റ:  2019-ല്‍ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തോടൊപ്പം എത്തിയില്ലെങ്കിലും കന്നിയങ്കത്തില്‍ രാഹുലിനേക്കാള്‍ മികച്ച പ്രകടനമാണ് പ്രിയങ്ക കാഴ്ചവെച്ചത്. വയനാട്ടില്‍  പ്രിയങ്ക മത്സരിച്ചത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തോടായിരുന്നു. വിജയം സുനിശ്ചിതമായ മണ്ഡലത്തില്‍ രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുകയായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം.  അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പ്രിയങ്കയെ ജയിപ്പിക്കാന്‍ യുഡിഎഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് പോളിങ് കുറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് വയനാട്ടില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 64.72 ശതമാനം. 

പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യാനായി എന്നത് മാത്രമായിരുന്നു യുഡിഎഫ് പ്രതീക്ഷ. അപ്പോഴും ഭൂരിപക്ഷം രാഹുലിന് അടുത്തെത്തില്ലേയെന്ന അശങ്കയും ഉണ്ടായിരുന്നു. അവസാന കണക്ക് അനുസരിച്ച് പ്രിയങ്കയുടെ ഭൂരിപക്ഷം 4,10,931 വോട്ടുകളാണ്.  അതായത് മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിച്ചു. 2019-ൽ രാഹുലിന്  64.67 വോട്ടുകളാണ് ലഭിച്ചത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കയ്ക്ക് ലഭിച്ചു. ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ രാഹുലിന് ഒപ്പമെത്താനായില്ലെങ്കിലും രാഹുലിനേക്കാള്‍ മികച്ച പ്രകടം പ്രിയങ്ക കാഴ്ചവെച്ചുവെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.  ഇടതുപക്ഷത്തിന്റെ സത്യന്‍ മെകേരി 2,11,407 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപിയുടെ നവ്യാ ഹരിദാസ് 1,09,939 വോട്ടുകള്‍ കരസ്ഥമാക്കി. 

4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019-ല്‍ രാഹുല്‍ വയനാട്ടില്‍ നിന്ന് വിജയിച്ചത്. പ്രിയങ്കയുടെ മത്സരം ഈ ഭൂരിപക്ഷത്തോടായിരുന്നു. 80.33 ശതമാനം പോളിങ്ങാണ് അന്ന് രേഖപ്പെടുത്തിയത്. അന്ന് രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് 7,06,367 വോട്ടുകള്‍. മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ നിന്ന് 64.67 ശതമാനം വോട്ടുകള്‍. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിന് 2,74,597 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകള്‍ നേടി.

2024 തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞു,  3,64,442 വോട്ടുകള്‍ക്കാണ് രാഹുല്‍ സിപിഐ സ്ഥാനാര്‍ഥി ആനി രാജയോട് വിജയിച്ചത്. പോളിങ് 72.92 ശതമാനം ആയിരുന്നു. പോള്‍ ചെയ്തതിന്റെ 59.69 ശതമാനം വോട്ടുകള്‍ രാഹുലിന് ലഭിച്ചു. ആനി രാജയ്ക്ക് 2,83,023 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 1,41,045 വോട്ടുകള്‍ നേടിയിരുന്നു.  

Content Highlights: Priyanka gandhi won she crosses Rahul Gandhi’s majority in Wayanad Loksabha by election 2024