അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തി, അസഭ്യം പറഞ്ഞു; അവര്‍ എന്നെ അനാഥയാക്കി-ഗുരുതര ആരോപണങ്ങളുമായി രോഹിണി ആചാര്യ

#ന്യൂസ് ഡെസ്ക്
രോഹിണി ആചാര്യ, ലാലു പ്രസാദ് യാദവിനൊപ്പം രോഹിണി| Photo:PTI
രോഹിണി ആചാര്യ, ലാലു പ്രസാദ് യാദവിനൊപ്പം രോഹിണി| Photo:PTI

പട്‌ന: അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നെന്നും തന്നെ അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. രാഷ്ട്രീയം വിടുകയാണെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നെന്നും ശനിയാഴ്ച, സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ രോഹിണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച, അവര്‍ വൈകാരികമായ മറ്റൊരു കുറിപ്പ് എക്‌സില്‍ പങ്കുവെച്ചത്.

ഇന്നലെ, ഒരു മകള്‍- ഒരു സഹോദരി- ഒരു ഭാര്യ- ഒരു അമ്മ അപമാനിക്കപ്പെടുകയും വൃത്തികെട്ട വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. എന്നെ അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തി. ഞാന്‍ എന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ സത്യം അടിയറവ് വെക്കുകയോ ചെയ്തില്ല. അതുകൊണ്ടുമാത്രം ഈ അപമാനം എനിക്ക് സഹിക്കേണ്ടിവന്നു. ഇന്നലെ ഒരു മകള്‍, അവളുടെ കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതയായി. അവര്‍ എന്നെ എന്റെ അമ്മവീട്ടില്‍നിന്ന് പറിച്ചെറിഞ്ഞു. അവര്‍ എന്നെ അനാഥയാക്കി. നിങ്ങള്‍ക്കാര്‍ക്കും എന്റെ വഴിയിലൂടെ നടക്കാനുള്ള ഇടവരാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ, എന്നാണ് രോഹിണിയുടെ കുറിപ്പ്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി കനത്തപരാജയം നേരിട്ട് തൊട്ടുപിറ്റേന്നാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ പൊട്ടിത്തെറിയെന്ന് സൂചിപ്പിക്കുംവിധത്തില്‍ രോഹിണിയുടെ പ്രതികരണമെത്തിയത്. 'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു ശനിയാഴ്ചത്തെ അവരുടെ എക്‌സ് കുറിപ്പ്. ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താല്‍പര്യമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം.

ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്തതും രോഹിണി ആയിരുന്നു.

Content Highlights: slipper raised to hit humiliated says rohini acharya