തകര്‍ക്കപ്പെട്ട ഓര്‍വെല്‍ ഓര്‍മകള്‍, മോത്തിഹാരിയുടെ രാഷ്ട്രീയസന്ദേശം

കാതോര്‍ത്താല്‍ ചരിത്രത്തിന്റെ തേരുരുളൊച്ചയും സമാധാനത്തിന്റെ ഗാന്ധി സന്ദേശങ്ങളും കേള്‍ക്കുന്ന കിഴക്കന്‍ ചമ്പാരന്‍. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കാതെ നീലം കൃഷി ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷ് ഭരണത്തിനെതിരെ 1917 ല്‍ ഗാന്ധിജി സത്യഗ്രഹം നടത്തിയ പ്രദേശമാണ് ചമ്പാരനിലെ മോത്തിഹാരി ഗ്രാമം.ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹസമരം അതായിരുന്നു.ഗാന്ധിജിയുടെ ഓര്‍മകള്‍കൊണ്ട് മാത്രമല്ല,വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ജോര്‍ജ് ഓര്‍വെലിന്റെ ജന്‍മനാടും മോത്തിഹാരിയാണ്.1984,അനിമല്‍ ഫാം തുടങ്ങിയ നിത്യപ്രസക്ത രചനകള്‍ നിര്‍വഹിച്ച എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന് ജോര്‍ജ് ഓര്‍വെല്‍ ജനിച്ച മണ്ണ്.1903 ജൂണ്‍ 25 നാണ് മോത്തിഹാരിയിലെ വീട്ടില്‍ എറിക് ആര്‍തര്‍ ബ്ലെയറിന്റെ ജനനം.
2005-ല്‍ ആദ്യ യാത്ര
2002 ല്‍ നടത്തിയ തിരഞ്ഞെടുപ്പ് യാത്രയിലാണ് പട്നയില്‍ നിന്ന് 153 കിലോമീറ്റര്‍ പിന്നിട്ട് ആദ്യമായി മോത്തിഹാരിയില്‍ എത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്ന കിഴക്കന്‍ ചംപാരന്‍. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്നായി മാറി.നീലം കൃഷിയും കറപ്പ് കൃഷിയുമായിരുന്നു ചംപാരനില്‍ ബ്രിട്ടീഷുകാരുടെ കണ്ണുറപ്പിച്ചത്.കറപ്പ്,ചണം,പരുത്തി തുടങ്ങിയ കൃഷികള്‍ ബംഗാള്‍ പ്രവിശ്യവരെ നീണ്ടു കിടന്നിരുന്നു.നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മോത്തിഹാരി.മലേറിയ,ടൈഫോയ്ഡ് എന്നിവയ്ക്ക് പുറമെ കള്ളന്‍മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യവും പഴയകാലത്ത് വ്യാപകം.മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു.വീടുകളും കറപ്പ് സംഭരണശാലകളും വെള്ളത്തില്‍ മുങ്ങുകയും പതിവ്.കറപ്പ് കൃഷിയും വ്യാപാരവുമായിരുന്നു നീലം കൃഷി കഴിഞ്ഞാല്‍ ,മോത്തിഹാരിയുടെയും പരിസരങ്ങളുടെയും നിത്യജീവിതം.കൂലിയില്ലാതെ പണിയെടുത്ത് നടുവ് തകരുന്ന നാട്ടുകാര്‍.കറപ്പ് കയറ്റുമതി ചെയ്ത് പണം നേടുന്ന ബ്രിട്ടീഷ് ഭരണം.
എന്നാല്‍, 2002-ല്‍ മോത്തിഹാരിയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഒരു ഉറക്കം തൂങ്ങി ബിഹാര്‍ഗ്രാമമായി മോത്തിഹാരി പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. പൊടിനിറഞ്ഞു കിടക്കുന്ന ചെറുഗ്രാമത്തില്‍ പോയകാല പ്രതാപത്തിന്റെ നെടുവീര്‍പ്പ് പോലുമില്ല. നിസ്സംഗതയുടെ മറയായിരുന്നു ഗ്രാമീണരുടെ മുഖത്ത്. വോട്ട് രാഷ്ട്രീയം പറഞ്ഞ് അവരെ ഉണര്‍ത്താന്‍ ഞങ്ങളിറങ്ങി. ചായ തന്നവര്‍ സല്‍ക്കരിച്ചു.രാഷ്ട്രീയം പറഞ്ഞു.ചമ്പാരന്‍ സത്യഗ്രഹ പാര്‍ക്ക് മാത്രമായിരുന്നില്ല ആ യാത്രയില്‍ ഞങ്ങളുടെ ലക്ഷ്യം.അടുത്ത ലക്ഷ്യത്തിലായിരുന്നു മറ്റൊരു കൗതുകം ഒളിച്ചിരുന്നത്.
അന്നത്തെ ഓര്‍വെല്‍
ചംപാരന്‍ സത്യഗ്രഹ പാര്‍ക്കില്‍ നിന്ന് അരക്കിലോമീറ്റര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍,ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം.ഉരുളന്‍ ഓടുകള്‍ പാകിയ മേല്‍ക്കൂരയുടെ നടുവൊടിഞ്ഞിരിക്കുന്നു.അനാഥമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുന്ന കെട്ടിടത്തില്‍ അംഗന്‍വാടികളിലൊന്ന് ഇടം പിടിച്ചിരിക്കുന്നു. മുന്നിലെ ചെറു ഫലകത്തില്‍ മാഞ്ഞു തുടങ്ങിയ ഒരു അറിയിപ്പ്: ബ്രിട്ടീഷ് എഴുത്തുകാരന്‍ എറിക് ആര്‍തര്‍ ബ്ലെയര്‍ അഥവാ ജോര്‍ജ് ഓര്‍വെല്ലിന്റെ ജന്‍മ ഗൃഹം!
ജോര്‍ജ് ഓര്‍വെല്‍ എന്ന എറിക് ആര്‍തര്‍ ബ്ലെയര്‍ ജനിച്ച് ഒരു വര്‍ഷം ജീവിച്ച വീടാണ് ഞങ്ങളുടെ മുന്നില്‍.ഓര്‍മകളുടെ വില ചോര്‍ന്നും മേല്‍ക്കൂര ചോര്‍ന്നൊലിച്ചും ഒരു ഓര്‍വീലിയന്‍ തമാശ പോലെ വീട് അങ്ങനെ നില്‍ക്കുന്നു.പുറത്തും അകത്തും ഓര്‍വെലിന്റേതായി ഒന്നും ആ കെട്ടിടത്തിലുണ്ടായിരുന്നില്ല.
1903 ജൂണ്‍ 25 നാണ് മോത്തിഹാരിയിലെ വീട്ടില്‍ എറിക് ആര്‍തര്‍ ബ്ലെയറിന്റെ ജനനം. അച്ഛന്‍ റിച്ചാര്‍ഡ് ബ്ലെയര്‍ ഒരു പുരോഹിതന്റെ മകനായിരുന്നു.18 വയസ്സില്‍ റിച്ചാര്‍ഡ് ബ്ലെയര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒപ്പിയം സര്‍വീസില്‍ ഡപ്യൂട്ടി ഒപിയം ഏജന്റായി ചേര്‍ന്നു.പ്രതിവര്‍ഷം 900 രൂപ ശമ്പളം.തുടര്‍ന്ന് ഇന്ത്യയിലെത്തി.ഇന്ത്യയില്‍ ബ്ലെയര്‍ എത്തുമ്പോള്‍ 46 വയസ്സ്.ആരും അധികം കടന്നു ചെല്ലാത്ത പ്രദേശമായിരുന്നു അന്ന് മോത്തിഹാരി.അവിടെ നിന്ന് കറപ്പ് ചൈനയിലേക്ക കയറ്റുമതി ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കലായിരുന്നു റിച്ചാര്‍ഡിന്റെ ജോലി.റിച്ചാര്‍ഡ് ബ്ലെയര്‍,ഭാര്യ ഐഡ,മകള്‍ മജോറി എന്നിവര്‍ താമസിച്ചത് ഈ വീട്ടില്‍.വീടിന് അന്ന് പേരുണ്ടായിരുന്നില്ല.മിസ്‌കോര്‍ട്ട് എന്നാണ് നാട്ടുകാര്‍ വീടിനെ വിളിച്ചിരുന്നത്.തികച്ചും ഒരു ബ്രിട്ടീഷ് ബംഗ്ലാവ്.രണ്ടര ഏക്കറിലാണ് വീട് പരന്നു കിടക്കുന്നത്.കറപ്പ് സംഭരണ ശാല കൂടാതെ ജോലിക്കാര്‍ക്കും പാചകക്കാര്‍ക്കും താമസിക്കാനുള്ള വീടുകളും കോമ്പൗണ്ടിലുണ്ടായിരുന്നു.ഈ വീടിന്റെ പരിസരത്തായിരുന്നു നീലം പ്ലാന്റര്‍മാരുടെയും ചണവ്യവസായികളുടെയും കറപ്പ് വ്യാപാരികളുടെയും താമസം.
റിച്ചാര്‍ഡിന് മകന്‍ എറിക് ജനിച്ചത് ഈ വീട്ടിലാണ്.എല്ലാ വര്‍ഷവും ലണ്ടനില്‍ പോകാനായി മൂന്ന് മാസം ശമ്പളത്തോടു കൂടിയ അവധി റിച്ചാര്‍ഡിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു.1904 ല്‍ അത്തരമൊരു അവധിക്കാലത്ത് ഭാര്യയെയും മക്കളെയും ബ്ലെയര്‍ ലണ്ടനിലേക്ക് കൊണ്ടു പോയി.എന്നാല്‍ ഓര്‍വെല്‍ പിന്നീട് തിരിച്ചു വന്നില്ല.എങ്കിലും ഒരു വര്‍ഷം മാത്രം ജീവിച്ച ഇന്ത്യയെ ഓര്‍വെല്‍ സ്നേഹിച്ചിരുന്നു.മുതിര്‍ന്ന ശേഷം ബര്‍മ വഴി ഇന്ത്യയിലേക്ക് വരാന്‍ ഓര്‍വെല്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മതിച്ചില്ല.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് അദ്ദേഹത്തിന് അനുഭാവമുണ്ടായിരുന്നുവെന്നതായിരുന്നു കാരണം.ഇന്ത്യയെക്കുറിച്ചുള്ള തന്റെ സങ്കല്‍പവും ആഗ്രഹവും ബര്‍മീസ് ഡേയ്സ്,ഏ ഹാംഗിംഗ്,ഷൂട്ടിംഗ് ആന്‍ എലിഫന്റ് തുടങ്ങിയ രചനകളില്‍ ഓര്‍വെല്‍ പ്രകടിപ്പിക്കുന്നുണ്ട്.ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് ലണ്ടന്‍ ' എന്ന തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനായി പേരിനൊപ്പം ഓര്‍വെല്‍ നദിയുടെ പേര് കടമെടുത്തതോടെയാണ് എഎറിക് ആര്‍തര്‍ ബ്ലെയര്‍ ജോര്‍ജ് ഓര്‍വെലായത്.
1934-ല്‍ മിസ്‌കോര്‍ട്ട് കനത്ത ഭൂകമ്പത്തില്‍പ്പെട്ടു.വീടും കറപ്പ് സംഭരണശാലയ്ക്കും കേടുപാടുകള്‍ വന്നു.അതങ്ങനെ അനാഥമായി.ജോര്‍ജ് ഓര്‍വെലിന്റെ വീടാണതെന്ന് ദീര്‍ഘകാലം പലര്‍ക്കും അറിവില്ലായിരുന്നു.1983 ല്‍ ഓര്‍വെലിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഇയാന്‍ ജാക്ക് മോത്തിഹാരിയിലെത്തിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.തിരിച്ചു ചെന്ന ശേഷം സണ്‍ഡൈ ടൈംസില്‍ അദ്ദേഹം ഇന്‍ സര്‍ച്ച് ഓഫ് ജോര്‍ജ് ഓര്‍വെല്‍ എന്ന ലേഖനമെഴുതി.ഇതെത്തുടര്‍ന്നാണ് ആഗോള ശ്രദ്ധ മോതിഹാരിയിലേക്ക് വന്നത്.തുടര്‍ന്ന് ലോകമെങ്ങും നിന്ന് സഞ്ചാരികളും വായനാ പ്രിയരും ഇവിടെ എത്തിക്കൊണ്ടിരുന്നു.എന്നിട്ടും വീട് സംരക്ഷിക്കാനോ നിലനിര്‍ത്താനോ ശ്രമങ്ങളുണ്ടായില്ല.
നവീകരണ ശ്രമങ്ങള്‍
എന്നാല്‍ അവിടെ കഥ തീരുന്നില്ല.എഴുത്തുകാരന് നൂറ് വയസ്സ് തികയുന്ന വര്‍ഷമായ 2003 ല്‍ ജന്‍മഗൃഹം സംരക്ഷിക്കാനുള്ള ചില ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ചില സന്നദ്ധ സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായി എന്നതാണ് കഥയുടെ ആശ്വാസകരമായ തുടര്‍ച്ച. യു.കെ.യിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും മുന്‍ രാജ്യസഭാംഗവുമായ എല്‍.എം.സിംഗ്വി ഓര്‍വെലിന്റെ ജന്‍മസ്ഥലം ഷേക്സ്പിയറുടെയും ടോള്‍സ്റ്റോയിയുടെയും ജന്‍മസ്ഥലം പോലെ വളര്‍ത്താന്‍ ആഗ്രഹിച്ചു.അതിന് മുന്‍കയ്യെടുത്തു.എന്നാല്‍ 2007 ല്‍ അദ്ദേഹം മരിച്ചതോടെ ആ പരിശ്രമങ്ങള്‍ മുന്നേറിയില്ല.വര്‍ഷങ്ങളോളം ഒരു പ്രാദേശിക സ്‌കുളിന്റെ കൈവശമായിരുന്നു ഓര്‍വെലിന്റെ വീട്. എന്നാല്‍ 2014 ല്‍ വീടും കറപ്പ് സൂക്ഷിച്ചിരുന്ന വെയര്‍ഹൗസും ബിഹാര്‍ സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഏറ്റെടുത്തു.സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ലോകത്തിലെ ആദ്യത്തെ ഓര്‍വെല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതിയിട്ടു.2.48 ഏക്കറില്‍ മ്യൂസിയം സ്ഥാപിക്കാനായി 2018 ല്‍ തറക്കല്ലിട്ടു.
തകര്‍ന്ന ഓര്‍മകള്‍
മൂന്നാം യാത്രയില്‍ കഴിഞ്ഞ ദിവസം മോത്തിഹാരിയില്‍ എത്തുമ്പോള്‍ ആദ്യം തിരഞ്ഞത് ജോര്‍ജ് ഓര്‍വെല്‍ സ്മാരകമാണ്.നാട്ടുകാര്‍ കൈ ചൂണ്ടിയ വഴികളിലൂടെ നടന്നപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ഞെട്ടിച്ചു.60 ലക്ഷം രൂപ മുടക്കി നവീകരിച്ച ഓര്‍വെല്‍ സ്മാരകം പാടെ തകര്‍ക്കപ്പെട്ടിരിക്കുന്നു.ഓര്‍വെലിന്റെ ജന്‍വീടും പരിസരവും ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് അടിമുടി തകര്‍ന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത്.മേല്‍ക്കൂര പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ തറയോടുകളും ചുവരുകളും.വാതിലുകളും ജനലുകളും ഇരുമ്പ് ഗ്രില്ലുകളും മോഷ്ടിക്കപ്പെട്ടു.അങ്കണത്തില്‍ സ്ഥാപിച്ചിരുന്ന ഓര്‍വെലിന്റെ പ്രതിമയും കാണാനില്ല.മുറികള്‍ക്കുള്ളില്‍ മലവും മാലിന്യവും കൂമ്പാരം.മനസ്സിലുണ്ടായിരുന്ന സ്മാരകം തിരക്കി അല്‍പനേരം അലഞ്ഞശേഷമാണ് തൊട്ടുമുമ്പില്‍ കാണുന്ന കെട്ടിടാവശിഷ്ടങ്ങളാണ് പ്രഖ്യാപിത സ്മാരകമെന്ന് തിരിച്ചറിഞ്ഞത്.ഓര്‍വെലിന്റെ പ്രതിമ തകര്‍ക്കപ്പെടാതിരിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോയെന്ന് പ്രദേശവാസിയായ വിനായക് പറഞ്ഞു. കാവലുണ്ടായിരുന്ന നാല് ഹോംഗാര്‍ഡുകളെ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ നാശം പൂര്‍ണമായി.
രാഷ്ട്രീയ സന്ദേശം
23 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നാം വട്ടം മോത്തിഹാരിയില്‍ എത്തുമ്പോള്‍ ജോര്‍ജ് ഓര്‍വെലിന്റെ ഓര്‍മകള്‍ തുടച്ചു നീക്കാന്‍ മനപൂര്‍വം അരങ്ങേറുന്ന ശ്രമങ്ങളാണ് നടുക്കുന്ന കാഴ്ചകളായത്.ഓര്‍വെലിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ സ്മാരകമാക്കിയ ജന്‍മവീട് തകര്‍ത്ത് അനാഥമാക്കിയതിന്റെ ദുരന്തദൃശ്യങ്ങളാണ് പുതിയ മോത്തിഹാരിയുടെ രാഷ്ട്രീയ സന്ദേശം.അതിശക്തമായ രാഷ്ട്രീയ സന്ദേശങ്ങളടങ്ങിയ നിത്യപ്രസക്തമായ രചനകള്‍ സംഭാവന ചെയ്ത ജോര്‍ജ് ഓര്‍വെലിനെ കേവലം വിദേശിയെന്ന് മുദ്രകുത്തി,അങ്ങനെ ഒരാളെ ആദരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ബി.ജെ.പിയുടെ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍.സ്മാരകം നിലനിര്‍ത്താന്‍ ജെ.ഡി.യുവും മുഖ്യമന്ത്രി നിതീഷ് കുമാറും ആഗ്രഹിച്ചെങ്കിലും ബി.ജെ.പിക്ക് വിരുദ്ധ നിലപാടാണ്.മോത്തിഹാരിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഓര്‍വെല്‍ സ്മാരകവും ചര്‍ച്ചാ വിഷയമാണ്.
ബ്രിട്ടീഷുകാരനായ ജോര്‍ജ് ഓര്‍വെലിനെ ഗാന്ധിജിയുടെ മണ്ണില്‍ ആദരിക്കേണ്ടതില്ലെന്ന വ്യാഖ്യാനത്തിന്റെ മറവില്‍, ഏകാധിപത്യഅധികാരരൂപങ്ങളെ നിരന്തരം ചോദ്യം ചെയ്ത ഒരഴുത്തുകാരന്റെ ഓര്‍മകള്‍ തകര്‍ക്കാനൊരുങ്ങിയ പ്രാദേശിക രാഷ്ട്രീയം അഴിഞ്ഞാടുന്ന രംഗങ്ങളാണ് മോത്തിഹാരിയില്‍ കണ്ടത്.''ബ്രിട്ടീഷുകാരനെ ഇവിടെ ആദരിക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ ഗാന്ധിജിയുടെ പ്രതിമ ബ്രിട്ടണിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള കാര്യം ഇവര്‍ക്കറിയില്ല ''-മോത്തിഹാരിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഓര്‍വെല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ദേബപ്രിയ മുഖര്‍ജി മാതൃഭൂമി യോട് പറഞ്ഞു.
''20 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഈ സ്മാരകത്തിനായി പ്രവര്‍ത്തിക്കുന്നു.മുഖ്യമന്ത്രിക്ക് വലിയ താല്‍പര്യമായിരുന്നു.ഇതനുസരിച്ച് സ്മാരകം ഉയര്‍ന്നു.എന്നാല്‍ ഭരണപക്ഷത്തെ പ്രധാന സഖ്യകക്ഷിക്ക് വ്യത്യസ്ത നിലപാടായിരുന്നു.ഇതേ നിലപാട് പ്രാദേശിക നേതാക്കളും സ്വീകരിച്ചു.ഇതോടെ നാശം തുടങ്ങി ''-ദേബ്പ്രിയ മുഖര്‍ജി പറഞ്ഞു.''സ്മാരകം കാണാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരെത്താറുണ്ട്.അവരെ ഞങ്ങള്‍ എന്ത് കാണിച്ചു കൊടുക്കും ? ''അദ്ദേഹം ചോദിച്ചു.ദേബപ്രിയയുടെ മകനും ഡോക്യുമെന്ററി സംവിധായകനുമായ വിശ്വജിത് മുഖര്‍ജിയും ട്രസ്റ്റ് അംഗമാണ്.'ജോര്‍ജ് ഓര്‍വെല്‍-ഇന്‍ ദ ലാന്‍ഡ് ഓഫ് സത്യഗ്രഹ 'എന്ന ഡോക്യുമെന്റി ചിത്രം 2016-ല്‍ ഒരുക്കിയത് വിശ്വജിത്താണ്.
കര്‍മം കൊണ്ടും ജന്‍മം കൊണ്ടും മാത്രമല്ല,മോത്തിഹാരി ഗാന്ധിജിക്കും ഓര്‍വെലിനുമിടയില്‍ ബന്ധങ്ങളുടെ പാലം സൃഷ്ടിക്കുന്നത്.ഗാന്ധിജിയെക്കുറിച്ച് എഴുതിയ ലോകത്തിലെ വിഖ്യാതങ്ങളായ രചനകളിലൊന്ന് ഓര്‍വെലിന്റേതാണ്.റിഫ്ളക്ഷന്‍സ് ഓണ്‍ ഗാന്ധി എന്ന രചനയില്‍ ഗാന്ധിജിയോടുള്ള ആരാധനയും ഒപ്പം വിമര്‍ശനവും ഓര്‍വല്‍ പങ്കിടുന്നു.