സുശാന്ത് രാജ്പുതിന്റെ ഓർമയുമായി ദിവ്യ ഗൗതം; ഇടത് സ്ഥാനാർഥിയായി ബിഹാറിന്റെ പോരാട്ടക്കളത്തിൽ

ബഹിരാകാശ സഞ്ചാരിയാകാനും വ്യോമസേനയിൽ പൈലറ്റാകാനും ഷാരൂഖ് ഖാനെ ആരാധിച്ച് സിനിമയുടെ നിറങ്ങളിൽ അഭിരമിക്കാനും മാറി മാറി മോഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു പണ്ട് ബിഹാറിൽ. ബിഹാർ സംസ്ഥാന കൈത്തറി കോർപ്പറേഷന്റെ റിട്ട.ടെക്നിക്കൽ ഓഫീസർ കൃഷ്ണ കുമാർ സിംഗിന്റെയും വീട്ടമ്മയായിരുന്ന ഉഷാ സിംഗിന്റെയും മകൻ സുശാന്ത് സിംഗ് രാജ്പുത്. പട്നയിലെ സെന്റ് കരൺസ് ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സുശാന്തിന് ഫിസിക്സിലായിരുന്നു കമ്പം.2002 ൽ അമ്മ മരിച്ചപ്പോൾ പട്നയിലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ കുടുംബത്തോടൊപ്പം സുശാന്ത് ഡൽഹിയിലേക്ക് കുടിയേറി.ഡൽഹിയിൽ കുലച്ചി ഹൻസ് രാജ് മോഡൽ സ്കുളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.അസ്ട്രോ ഫിസിക്സിലായിരുന്നു അപ്പോൾ താൽപര്യം. ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിഗിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് ചേർന്ന സുശാന്ത് പഠനത്തിനിടയിൽ ഡാൻസിലേക്കും അഭിനയപഠനത്തിലേക്കും തിരിഞ്ഞു. അത് സിനിമയിലേക്കുള്ള വഴിയായി. 2020 ൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തും വരെ സുശാന്ത് യുവചലച്ചിത്രതാരങ്ങൾക്കിടയിൽ വ്യത്യസ്ത മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു. കായ്പോചെ, എം.എസ്.ധോണി :ദ അൺടോൾഡ് സ്റ്റോറി,കേദാർനാഥ് ,ചിചോരെ തുടങ്ങിയ സിനിമകളിലൂടെ സുശാന്ത് ബോളിവുഡിൽ പേരുറപ്പിച്ചിരുന്നു.
2020 ജൂണിലായിരുന്നു സുശാന്ത് രാജ്പുതിന്റെ മരണം.തുടർന്ന് മരണത്തെച്ചൊല്ലി ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും വിവാദങ്ങളുടെയും വേലിയേറ്റ കാലം.2020 നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിലും സുശാന്തിന്റെ മരണം ബിഹാറിലെ രാഷ്ട്രീയ വേദികളിൽ ചർച്ചയായി.
ഇക്കുറിയും സുശാന്ത് രാജ്പുത് എന്ന ബിഹാറി യുവതാരത്തിന്റെ പേര് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയരുന്നുണ്ട്. സുശാന്തിന്റെ അടുത്ത ബന്ധുവായ തിയേറ്റർ ആക്ടിവിസ്റ്റ് ദിവ്യ ഗൗതം മത്സരക്കളത്തിലുണ്ടെന്ന കാരണത്താലാണ് ഈ ചർച്ച.''സുശാന്ത് എന്റെ അടുത്ത ബന്ധുവാണ്.ഞങ്ങൾ ഒരുമിച്ചാണ് അഭിനയപാഠങ്ങൾ പഠിച്ചത്.സുശാന്തിൽ നിന്ന് ഒത്തിരി പ്രചോദനം ലഭിച്ചിട്ടുണ്ട്.ഒരിടത്തു നിന്നും ആരുടെയും പിന്തുണയും ഇല്ലാതെയാണ് സുശാന്ത് സിനിമയിലെത്തിയത് ''-ദിവ്യ പട്ന നഗരത്തിൽ വച്ച് മാതൃഭൂമിയോട് പറഞ്ഞു.
അതെ സമയം,സുശാന്തിന്റെ മരണത്തെ 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം രാഷ്ട്രീയവൽക്കരിച്ചു എന്ന ആരോപണവും ദിവ്യ ഉയർത്തി.''നിർഭാഗ്യവശാൽ സുശാന്തിന്റെ മരണത്തെ ബിഹാറിൽ നിലവിലുള്ള ഭരണപക്ഷം രാഷ്ട്രീയവൽക്കരിച്ചു എന്നതാണ് ഖേദകരം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മരണത്തെ രാഷ്ട്രീയായുധമായി നിലവിലുള്ള ഭരണകൂടം ഉപയോഗിച്ചു.അതിൽ എനിക്ക് കടുത്ത ദുഖമുണ്ട്.അദ്ദേഹത്തിന്റെ ബന്ധു എന്ന നിലയിലും ഒരു കലാകാരി എന്ന നിലയിലും ഞാൻ സുശാന്തിനെ ഓർമിക്കുന്നു.സ്നേഹിക്കുന്നു ''-ദിവ്യ പറഞ്ഞു.2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണവിഷയങ്ങളിൽ സുശാന്തിന്റെ മരണവും പ്രചരണവിഷയമായതിനെ പരാമർശിച്ചായിരുന്നു ദിവ്യയുടെ പ്രതികരണം.ഇക്കുറിയും ദിവ്യയുടെ സാന്നിധ്യത്തിലൂടെ സുശാന്ത് രാജ്പുതിന്റെ ഓർമകൾ ബിഹാർ രാഷ്ടീയത്തിലുണ്ട്.
പട്ന നഗരത്തിനടുത്തുള്ള ദിഗ മണ്ഡലത്തിലെ സി.പി.ഐ.എം.എൽ സ്ഥാനാർഥിയാണ് മുപ്പത്തിനാലുകാരിയായ ദിവ്യാ ഗൗതം.സി.പി.ഐ.എം.എല്ലിന്റെ 20 സ്ഥാനാർഥികളിൽ ഏക വനിത.ബിഹാറിന്റെ ഇടത് ആശയധാരകളുടെ നാടകവേദിയിൽ തീവ്രസാന്നിധ്യമാണ് ദിവ്യ ഗൗതം.വിദ്യാഭ്യാസ വിദഗ്ധയും തിയേറ്റർ ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയുമായ ദിവ്യ വിദ്യാർഥി ജീവിതകാലം മുതൽ ഇടത് രാഷ്ട്രീയ ആശയങ്ങൾക്കൊപ്പമാണ്.
സി.പി.ഐ.എം.എൽ നിയമസഭാംഗം സത്യദേവ് റാമിന്റെ വസതിയിൽ വച്ചാണ് ദിവ്യയെ കണ്ടത്.മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒരു സംഘം രാഷ്ട്രതന്ത്ര വിദ്യാർഥികളുമായി സംവദിച്ച ശേഷമാണ് മാതൃഭൂമിയുമായി ദിവ്യ സംസാരിച്ചത്.കണ്ണൂരിൽ ഞാൻ കഴിഞ്ഞ വർഷം വന്നിട്ടുണ്ട്,കണ്ണൂരിലെ മാതൃഭൂമി ഓഫീസിലും പോയിരുന്നു-കേരളത്തിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കാനിരുന്നപ്പോൾ,ദിവ്യയുടെ ആദ്യപ്രതികരണം ഇതായിരുന്നു.
രണ്ട് വട്ടമായി ബി.ജെ.പി പ്രതിനിധീകരിക്കുന്ന ദിഗ മണ്ഡലത്തിലാണ് ദിവ്യ ഗൗതം മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.2020 ൽ സി.പി.ഐ.എം.എൽ സ്ഥാനാർഥി ശശി യാദവിനെ 97,000 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് ചൗരസ്യ പരാജയപ്പെടുത്തിയത്.
സഹസ്രസ്വദേശിനിയായ ദിവ്യക്ക് മാധ്യമ പഠന രംഗത്ത് ബിരുദാനന്തര ബിരുദമുണ്ട്.ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് വിമൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം.കൂടാതെ നളന്ദ സർവകലാശാലയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ മറ്റൊരു ബിരുദാനന്തര ബിരുദം.ബിറ്റ്സ് പിലാനിയിൽ ജൻഡർ ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ദിവ്യ ഇപ്പോൾ.
വിദ്യാഭ്യാസ കാലത്ത് തന്നെ ദിവ്യ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.പട്ന സർവകലാശാലാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ)യുടെ സ്ഥാനാർഥിയായി.എന്നാൽ ഏ.ബി.വി.പിസ്ഥാനാർഥിയോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു.2021 ൽ ദിവ്യ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായി.എന്നാൽ സർവീസിൽ കയറിയില്ല.ആക്ടിവിസത്തിൽ കേന്ദ്രീകരിച്ചു.പട്ന വിമൻസ് സർവകലാശാലയിൽ ഹ്രസ്വകാലം അധ്യാപികയുമായിരുന്നു.
-നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് ദിവ്യ ആദ്യമായാണ് മത്സരിക്കു്ന്നത്.മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം എന്താണ് ?
പ്രതികരണം വളരെ അനുകൂലമാണ്.നിലവിലുള്ള സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾ അതൃപ്തിയാണുള്ളത്.ഈ മണ്ഡലത്തിലെ ബി.ജെ.പി എംഎൽഎ രണ്ടു വട്ടമായി തിരഞ്ഞെടുക്കപ്പെടുന്നുണ്ട്.എന്നാൽ അദ്ദേഹം ഈ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല.എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് യാതൊരു മതിപ്പും ഇല്ല.ബിഹാറിലെ യൂവാക്കൾ രൂക്ഷമായ തൊഴിലില്ലായ്മയാണ് നേരിടുകയാണ്.ബിഹാറിലെ പല വീടുകളിലും പ്രായമായവർ മാത്രമാണുള്ളത്.യുവാക്കൾ ജോലി തേടി കേരളം,കർണാടക,തമിഴ്നാട്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.ജോലി ചെയ്യാൻ ശേഷിയുള്ളവരാരും ബിഹാറിൽ തങ്ങുന്നില്ല.മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവർ മാത്രമാണ് ബിഹാറിൽ തുടരുന്നത്.തൊഴിലില്ലായ്മ ഈ തിരഞ്ഞെടുപ്പിലെ വലിയ വിഷയമാണ്.മെച്ചപ്പെട്ട വിദ്യാഭ്യാസം,ആരോഗ്യപരിപാലനം എന്നിവയെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണ്.
-തൊഴിലില്ലായ്മ പരിഹരിക്കാൻ എല്ലാ വീടുകളിലും ഒരാൾക്ക് സർക്കാർ ജോലി എന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.ഇതെങ്ങനെ പ്രായോഗികമാകും?
എന്തു കൊണ്ട് സാധ്യമല്ല ? വ്യവസായം കൊണ്ടുവരാനെന്ന പേരിൽ അദാനിക്ക് ബിഹാറിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി സംസ്ഥാന സർക്കാർ , ഏക്കറിന് കേവലം ഒരു രൂപ പ്രകാരം പാട്ടത്തിന് നൽകുകയാണ്.ഭാഗൽപുരിൽ ഇത്തരത്തിൽ ആയിരം ഏക്കർ ഭൂമി 33 വർഷത്തേക്ക് അദാനിക്ക് പാട്ടത്തിന് നൽകിക്കഴിഞ്ഞു.ഇതെങ്ങനെ നൽകുന്നു.പട്ന നഗരത്തിൽ 25 ചേരികൾ തകർത്തു കളഞ്ഞു.ഔട്ട്സോഴ്സിംഗിന്റെ പേരിൽ കരാർ ജോലിക്ക് യാതൊരു സാമൂഹ്യസുരക്ഷയും നൽകുന്നില്ല.തൊഴിലാളികൾക്ക് അസുഖം വന്നാൽ അവരുടെ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ നൽകേണ്ടതുണ്ട്.തേജസ്വി ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ 5 ലക്ഷം പേർക്ക് തൊഴിൽ നൽകി.ഒരാളുടെ വൈദഗ്ധ്യം പരിഗണിച്ച് തൊഴിൽ ഉറപ്പാക്കണം.എല്ലാവരും ബ്യൂറോക്രാറ്റാകണമെന്നില്ല.സാമൂഹിക സുരക്ഷ ഉറപ്പാക്കണം.ഇത് സാധിക്കും.കരാർ ജോലിക്കാരുടെ
-പ്രശാന്ത് കിഷോറും ജൻസുരാജ് പാർട്ടിയും യുവാക്കളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തുന്നത്.അത് ശ്രദ്ധയിലുണ്ടാകുമല്ലോ ?
പ്രശ്നങ്ങൾ ഉയർത്തുകയും പ്രവർത്തിക്കാതിരിക്കുകയുമാണ് പ്രശാന്ത് കിഷോറിന്റെ രീതി. അവർക്ക് പാർട്ടിയോ കേഡർമാരോ ഇല്ല. ശമ്പളം പറ്റുന്ന വോളണ്ടിയർമാരാണുള്ളത്. എൻ.ഡി.എ സഖ്യത്തിൽ നി്ന്ന് സീറ്റ് ലഭിക്കാത്തവരാണ് പ്രശാന്തിന്റെ പാർട്ടിയിൽ ചേർന്ന് മത്സരിക്കുന്നത്. ദിഘ മണ്ഡലത്തിൽ മത്സരിക്കുന്ന ജൻസുരാജ് പാർട്ടിയുടെ സ്ഥാനാർഥി അവസാന നിമിഷം വരെ എൻ.ഡി.എ.യിലായിരുന്നു. എന്നാൽ എൻഡിഎ യിൽ നിന്ന് ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ, ഉടൻ തന്നെ ജൻസുരാജ് പാർട്ടിയിൽ ചേർന്നു. പ്രസംഗം,പ്രചരണം,മാധ്യമങ്ങളുട സഹായം തുടങ്ങിയ കാരണങ്ങളാൽ ജൻസുരാജ് പാർട്ടി നിലനിൽക്കുന്നു എന്ന് മാത്രം. വോട്ടെണ്ണുമ്പോൾ അറിയാം അവരുടെ അവസ്ഥ.
-പ്രത്യേക വോട്ടർ പട്ടിക വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണോ ?
തീർച്ചയായും എസ്.ഐ.ആർ ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്.ജനങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ് ഹനിക്കുന്നത്. സാധാരണ നിലയിൽ തങ്ങളുടെ പ്രതിനിധികളെ വോട്ടർമാരാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇപ്പോൾ വോട്ടർമാരെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുന്ന രീതിയാണ്. നമ്മുടെ ജനാധിപത്യം അപകടത്തിലാണ്. നമ്മുടെ ഭരണഘടന തകർക്കുകയാണ്. എസ്.ഐ.ആർ സംബന്ധിച്ച നിരവധി പരാതികൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നുണ്ട്. നവംബർ 6 ന് മാത്രമേ എത്രപേർക്ക വോട്ട് നഷ്ടമായെന്ന് അറിയാൻ കഴിയു.ഞങ്ങൾ നിരവധി വോട്ടർമാരെ കാണുന്നുണ്ട്. അവരിൽ പലർക്കും വോട്ട് നഷ്ടപ്പെട്ടിരിക്കുന്നു. വളരെ ഗൗരവത്തിലുളള വിഷയമാണ്. ഞാൻ ചേരികളിൽ പോകുമ്പോൾ, ന്യൂനപക്ഷ മേഖലയിൽ പോകുമ്പോൾ അവരിൽ പലരുടെയും വോട്ടുകൾ നഷ്ടപ്പെട്ടിരിക്കുന്നതായി കാണുന്നു. തന്ത്രപരമായ നീക്കമാണിത്.
-ചരിത്രപരമായി നോക്കിയാൽ ബിഹാർ വിപ്ലവങ്ങളുടെ മണ്ണാണ്. എന്നാൽ ,ജാതി രാഷ്ട്രീയമാണ് ബിഹാറിന്റെ അടിത്തറ. ഇതിനിടിൽ ഇടത് രാഷ്ട്രീയമെങ്ങനെയാണ് നിലനിൽക്കുക ?
ജാതി ഒരു യാഥാർഥ്യമാണ്. നിങ്ങൾ അതിനെ നിരസിക്കാൻ തീരുമാനിച്ചാൽ,നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. വിവാഹം ഉൾപ്പടെ എല്ലാ സംവിധാനങ്ങളും ജാതി അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. നിങ്ങൾ പൊതുജീവിതത്തിൽ നി്ന്ന് ജാതിയെ നീക്കാൻ ശ്രമിച്ചാൽ സാമുഹ്യധാരണകളെക്കുറിച്ചുള്ള നി്ങ്ങളുടെ ധാരണയാണ് ചോദ്യം ചെയ്യപ്പെടുക.1990 വരെ ബിഹാർ രാഷ്ട്രീയത്തിൽ ബ്രാഹ്മണ മേധാവിത്വമുണ്ടായിരുന്നു. അന്ന് രാഷ്ട്രീയ നേതാക്കളിൽ 90 ശതമാനവും ഉപരിസമുദായാംഗങ്ങളായിരുന്നു. അന്ന് ഇതിനെ ജാതി രാഷ്ട്രീയമെന്ന് ആരും വിൡച്ചിരുന്നില്ല. എന്നാൽ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളവർ, ദളിതർ, അടിച്ചമർത്തപ്പെട്ടവർ തുടങ്ങിയവർ രാഷ്ട്രീയ നേതൃരംഗത്തെത്തിയപ്പോൾ, അതിനെ ജാതി രാഷ്ട്രീയമെന്ന് മുദ്രകുത്താൻ തുടങ്ങി. 1990 ലാണ് ജാതിരാഷ്ട്രീയം തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല, കാരണം,ജാതി രാഷ്ട്രീയം പണ്ടു മുതൽ തന്നെ സമൂഹത്തിലുണ്ട്. എന്നാൽ അക്കാലത്ത് അതിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചിരുന്നില്ല. നമ്മുടെ പൊതുസമൂഹം പ്രവർത്തിക്കുന്നത് ജാതി ഘടനയിലാണ്. ജാതി എന്നത് ഒരു വസ്തുതയാണ്. 1990 ന് ശേഷം പലതരത്തിലുള്ള നേതാക്കൾ, പല സമൂഹത്തിൽ നിന്ന് ഉയർന്നു വന്നു. അത് സ്വാഗതാർഹമാണ്.
-രാഷ്ട്രീയപശ്ചാത്തലമുള്ള ജീവിതാന്തരീക്ഷത്തിൽ നിന്നല്ല ദിവ്യ വരുന്നത്.ബിഹാർ സംസ്ഥാന സിവിൽ സർവീസ് പരീക്ഷ വിജയിച്ച് സർക്കാർ നിയമനം ലഭിച്ചിട്ടും വേണ്ടെന്ന് വച്ചതാണ് ദിവ്യ.എന്തു കൊണ്ടാണ് രാഷ്ട്രീയം പ്രവർത്തന മണ്ഡലമായി നിശ്ചയിച്ചത് ?
രാഷ്ട്രീയമില്ലാതെ ഒന്നുമില്ല. രാഷ്ട്രീയം എല്ലായിടത്തുമുണ്ട്. പഠനം, ജോലി, തൊഴിൽ, വ്യക്തിജീവിതം തുടങ്ങി എല്ലാ തലങ്ങളിലും രാഷ്ട്രീയമുണ്ട്. അതിനാൽ രാഷ്ട്രീയമില്ല, രാഷ്ട്രീയം പാടില്ല തുടങ്ങിയ സമീപനങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അതിനാൽ സ്ത്രീകളും യുവാക്കളും രാഷ്ട്രീയ രംഗത്തിറങ്ങണം എന്നാണ് എന്റെ അഭിപ്രായം
Content Highlights: Divya Gautam, Sushant Singh Rajput`s relative, contests Bihar elections. Learn about her campaign, views on unemployment, and political journey. Click for details!