നിതീഷോ തേജസ്വിയോ, ബിഹാര്‍ ആര്‍ക്കൊപ്പം? ഫലം ഇന്നറിയാം

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വെള്ളിയാഴ്ച. രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഒന്‍പതുമണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും.
ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. എല്ലാ എക്‌സിറ്റ് പോളുകളും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എന്‍ഡിഎ വിജയമാണ് പ്രവചിക്കുന്നത്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. ഫലത്തെപ്പറ്റി അഭിപ്രായംപറയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, വികസനത്തിനും സദ്ഭരണത്തിനും സ്ഥിരതയ്ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എക്‌സിറ്റ് പോളുകളില്‍ കാണുന്നതെന്ന് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനുള്ള ബിജെപി തന്ത്രംമാത്രമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുഖ്യമന്ത്രിമുഖം എന്നനിലയില്‍ തനിക്കാണ് സര്‍വേകളില്‍ സ്വീകാര്യതലഭിച്ചതെന്നും പിന്നെങ്ങിനെയാണ് എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു. 18-ന് മുഖ്യമന്ത്രിയായി താന്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Bihar Assembly Election results are being counted today. Get live updates, exit poll analysis, and key statements from leaders like Nitish Kumar and Tejashwi Yadav.