യമുനയിലെ വെള്ളത്തിൽ വിവാദച്ചൂട്; തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് എഎപിയും ബിജെപിയും

ന്യൂഡൽഹി: യമുനാനദിയിലെ വെള്ളത്തിൽ ഹരിയാണ വിഷംകലർത്തുന്നെന്ന മുഖ്യമന്ത്രി അതിഷിയുടെ ആരോപണത്തിലൂന്നി ഡൽഹിയിൽ രാഷ്ട്രീയവിവാദം. ഹരിയാണയിൽനിന്നെത്തുന്ന വെള്ളത്തിൽ ഉയർന്ന അളവിൽ അമോണിയ കലർന്നിരിക്കുന്നെന്നും തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടിക്കണ്ട് ബി.ജെ.പി. ഡൽഹിക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമാണ് എ.എ.പി. ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് രാഷ്ട്രീയക്കൊടുങ്കാറ്റുയർത്തി അതിഷിയുടെ ആരോപണം. ഇത് നിഷേധിച്ച ഹരിയാണാ മുഖ്യമന്ത്രി നായബ് സിങ് സെയ്നി വെള്ളം പരിശോധിക്കാമെന്ന് മറുപടിയും നൽകി. എന്നാൽ, ആരോപണത്തിലുറച്ചുനിന്ന എ.എ.പി. വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. ഡൽഹിയിലെ ജലശുദ്ധീകരണികൾക്ക് താങ്ങാവുന്നതിലും ഉയർന്നതോതിൽ വിഷാംശമുള്ള വെള്ളമാണ് ഹരിയാണയിൽനിന്ന് യമുനയിലൊഴുകിയെത്തുന്നതെന്ന് അതിഷി കമ്മിഷനുമുന്നിൽ ചൂണ്ടിക്കാട്ടി.
ഇതിനുപിന്നാലെ ബി.ജെ.പി. സംഘവും കമ്മിഷനെ സമീപിച്ച് പരാതിനൽകി. പ്രശ്നം ഗുരുതരമാണെന്നും ബുധനാഴ്ച രാവിലെ എട്ടിന് മുമ്പ് ആരോപണത്തിൽ തെളിവ് ഹാജരാക്കാണമെന്നും കെജ്രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിൽ കൂട്ടക്കൊലയ്ക്കാണ് ബി.ജെ.പി. പദ്ധതിയിടുന്നതെന്നും എ.എ.പി. അതനുവദിക്കില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കെജ്രിവാൾ വ്യാജപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിച്ചു.
അതേസമയം, തലസ്ഥാനത്ത് ജലവിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡൽഹി ജൽബോർഡ് സി.ഇ.ഒ. ശില്പ ഷിന്ദേ എ.എ.പി. ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
Content Highlights: Delhi-Haryana Water Dispute: AAP Accuses BJP of Poisoning Yamuna