ഡൽഹി തിരഞ്ഞെടുപ്പ്: സൗജന്യങ്ങളിൽ മത്സരിച്ച് പാർട്ടികൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം രാഷ്ട്രീയപ്പോര് മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് പാർട്ടികളുടെ പ്രകടനപത്രികകൾ. ജനങ്ങൾക്ക് സൗജന്യവാഗ്ദാനങ്ങൾ നൽകുന്നതിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിലും പാർട്ടികൾ മത്സരിക്കുകയാണ്.
വൈദ്യുതിയും വെള്ളവും നിശ്ചിതപരിധിവരെ സൗജന്യമാക്കി വിജയിച്ച ആം ആദ്മി പാർട്ടിയുടെ ‘ഡൽഹി മോഡൽ’ അനുകരിച്ചാണ് ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും പ്രകടനപത്രിക. പദ്ധതികളുടെ പേരിൽമാത്രമാണ് വ്യത്യാസം. സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുമെന്ന വാഗ്ദാനത്തിൽ എ.എ.പി.യെ കടത്തിവെട്ടി 2500 രൂപ നൽകുമെന്നാണ് ബി.ജെ.പി.യും കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും മുതിർന്ന പൗരർക്കുള്ള സൗജന്യ തീർഥയാത്രയുമടക്കം നിലവിലെ ആനുകൂല്യങ്ങൾ തുടരുമെന്ന് മൂന്ന് പാർട്ടികളും വ്യക്തമാക്കിയുണ്ട്.
ഡൽഹിയിലെ പ്രധാനവാഗ്ദാനങ്ങൾ
എ.എ.പി.
- സ്ത്രീകൾക്ക് മാസം 2100 രൂപ
- 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ
- വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ ട്രെയിനിൽ 50 ശതമാനം നിരക്കിളവ്
- ദളിത് വിദ്യാർഥികൾക്ക് വിദേശപഠനത്തിന് സ്‌കോളർഷിപ്പ്
- പൂജാരിമാർക്കും സിഖ് പുരോഹിതർക്കും മാസം 18,000 രൂപ
- ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയും
- തൊഴിലില്ലായ്മയ്ക്ക് പരിഹാരം
ബി.ജെ.പി.
- സ്ത്രീകൾക്ക് മാസം 2500 രൂപ, ഗർഭിണികൾക്ക് 21,000 രൂപയുടെ സഹായം
- 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, ഹോളിക്കും ദീപാവലിക്കും സൗജന്യം
- ചേരിപ്രദേശങ്ങളിൽ 5 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ കാന്റീനുകൾ
- മുതിർന്ന പൗരർക്ക് പ്രയോജനപ്പെടാൻ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കും
- മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒറ്റത്തവണ 15,000 രൂപ
- നിർധന വിദ്യാർഥികൾക്ക് പി.ജി. വരെ സൗജന്യവിദ്യാഭ്യാസം
- ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്കും ഗാർഹിക തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്
കോൺഗ്രസ്
- സ്ത്രീകൾക്ക് മാസം 2500 രൂപ
- 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ
- യുവാക്കൾക്ക് 8500 രൂപ തൊഴിൽരഹിത വേതനം
- 25 ലക്ഷം രൂപവരെ ചികിത്സയ്ക്ക് ആരോഗ്യക്ഷേമ പദ്ധതി
- 300 യൂണിറ്റുവരെ വൈദ്യുതി സൗജന്യം (നിലവിൽ 200 യൂണിറ്റാണ് സൗജന്യം)
- ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ റേഷൻ കിറ്റ് മാസംതോറും
Content Highlights: Delhi Assembly election manifestos focus on freebies