വടക്കന്‍ കാശ്മീരില്‍ നിര്‍ണായകം സജ്ജാദ് ലോണ്‍; വിഘടന വാദത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക്

പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ വടക്കന്‍ കാശ്മീരിലെ കുപ്‍വാര ജില്ലയിലെ ലോലോബാ നിയമസഭാ മണ്ഡലത്തില്‍ റോഡ്‌ ഷോ നടത്തുന്നു | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി
പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ വടക്കന്‍ കാശ്മീരിലെ കുപ്‍വാര ജില്ലയിലെ ലോലോബാ നിയമസഭാ മണ്ഡലത്തില്‍ റോഡ്‌ ഷോ നടത്തുന്നു | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

കോഷുര്‍ ഡൂണ്‍ എന്ന് കാശ്മീരി ഭാഷയിലും വാല്‍നട്ട് എന്ന് ആംഗലേയത്തിലും അക്രൂട്ട് എന്ന് ഹിന്ദിയിലും വിളിക്കുന്ന ഉണക്കപ്പഴത്തിന്റെ (ഡ്രൈഫ്രൂട്ടിന്റെ) വിളവ് കേന്ദ്രമാണ് കുപ്വാരയും ഹാന്ദ്വാരയും.ഉണക്കപ്പഴങ്ങളുടെ പാത്രം  എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലാണ് രാജ്യത്തെ തൊണ്ണൂറ് ശതമാനം  അക്രൂട്ടും വിളയുന്നത്.

അക്രൂട്ട് മാത്രമല്ല,വടക്കന്‍ കാശ്മീരിന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നതിലും ഈ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ട്.അതില്‍ പ്രധാനിയാണ് ജമ്മുകാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജ്ജാദ് ഘനി ലോണ്‍. വിഘടന വാദ രാഷ്ട്രീയത്തില്‍ നിന്ന് മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും ,വോട്ട് ബഹിഷ്‌കരണ പാരമ്പര്യത്തില്‍ നിന്ന് വോട്ട് തേടുന്ന രാഷ്ട്രീയത്തിലേക്കും പരിണമിച്ച സജ്ജാദ് ലോണ്‍ ഇക്കുറി രണ്ട് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.കുപ് വാരയിലും അതിന് തൊട്ടടുത്തുള്ള ഹാന്ദ്വാരയിലും.

മെയ് മാസത്തില്‍ തുടങ്ങുന്ന അക്രൂട്ട് കൃഷിയുടെ സീസണിന്റെ വിളവെടുപ്പ് കാലമാണ് സെപ്തംബര്‍.അക്രൂട്ട് സീസണ്‍ കഴിയുമ്പോഴേക്ക് കുപ് വാരയിലും ഹാന്ദ്വാരിയിലും തിരഞ്ഞെടുപ്പ് കാലമായി.വിഘടനവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും കടും നിറമുള്ള  ചരിത്രം പശ്ചാത്തലമായി നില്‍ക്കുന്ന ഈ സങ്കീര്‍ണ പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പും പ്രചരണവും.

ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

ശ്രീനഗറില്‍ നിന്ന് എണ്‍പത് കിലോമീറ്റര്‍ ദൂരെയുള്ള ഹാന്ദ്വാര എന്ന ചെറുനഗരത്തില്‍ സജ്ജാദ് ലോണിനെ തേടിയെത്തുമ്പോള്‍, വിശാലമായ വസതിയുടെ  മുകളിലത്തെ നിലയിലെ മുറിയില്‍ പ്രവര്‍ത്തകരുമായി കൂടിയാലോചനകളുടെ തിരക്കിലായിരുന്നു.താഴെ പലവിധ സുരക്ഷാ സേനകളുടെ കാവല്‍.മുകളിലത്തെ നിലയിലെത്തുമ്പോള്‍ പ്രാദേശിക നേതാക്കളില്‍  ചിലര്‍ ഹസ്തദാനവുമായും മറ്റ് ചിലര്‍ മാലയുമായും  ലോണിനെ കാണാനെത്തുന്നു.അവരുമായി കുശലം പറഞ്ഞും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ചര്‍ച്ച ചെയ്തും ലോണ്‍.അതിനിടയില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ കാണാനും സമയം കണ്ടെത്തി.

ഉച്ചയ്ക്ക് ശേഷം സുരക്ഷാ സേനകളുടെയും പ്രവര്‍ത്തകരുടെയും വലയത്തില്‍ റോഡ്‌ഷോയുമായി സജ്ജാദ് ലോണ്‍ വീട്ടില്‍ നിന്നിറങ്ങി. നേരെ 28 കിലോമീറ്റര്‍ ദൂരെയുള്ള ഡൂണിവാര (അക്രൂട്ടിന്റെ നഗരം  ) എന്ന പ്രദേശത്തെ കവലയിലേക്ക്.അവിടെ നിന്ന് അമ്പതോളം  വാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് പ്രചരണ യാത്ര ആരംഭിച്ചു.ആവേശം പറത്തുന്ന മുദ്രാവാക്യങ്ങളുമായി അണികള്‍ പുറകെ.

പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ആലിംഗനം ചെയ്യുന്നു | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

ജമ്മുകാശ്മീരില്‍ വിഘടന വാദത്തിന്റെ വിത്തുകളിട്ടവരില്‍ പ്രധാനിയായ അബ്ദുള്‍ ഘനി ലോണിന്റെ മകനാണ് സജ്ജാദ് ഘനി ലോണ്‍.2002 ല്‍ ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ അബ്ദുള്‍ ഘനി ലോണ്‍ വെടിയേറ്റ് മരിച്ചു.തുടര്‍ന്ന് വിഘടനവാദ സന്ദേശവുമായി പീപ്പിള്‍സ് കോണ്‍ഫ്രന്‍സ്  പാര്‍ട്ടിയുടെ ചരടുകള്‍ സജ്ജാദ് ഏറ്റെടുത്തു.

2009 ല്‍ ബാരാമുള്ള ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചു.ബാരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഷരീഫുദ്ദിന്‍ ഷരീഖിനോട് സജ്ജാദ് തോറ്റു.എന്നാല്‍ രണ്ടാം മണ്ഡലമായ ഹാന്ദ്വാര മണ്ഡലത്തില്‍ നിന്ന് അയ്യായിരം വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2016 മുതല്‍ 2018 വരെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബി.ജെ.പി -പി.ഡി.പി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു.അതിനാല്‍ രാഷ്ട്രീയത്തില്‍ സജ്ജാദിന് രാഷ്ട്രീയനിറങ്ങളോട് അകല്‍ച്ചയില്ല.സജ്ജാദുള്‍പ്പടെ ചെറുപാര്‍ട്ടികളുടെ നേതാക്കള്‍ ബി.ജെ.പി.യുടെ പ്രോക്സികളാണെന്ന ആരോപണം നാഷണല്‍ കോണ്‍ഫ്രന്‍സും പി.ഡി.പി.യും ഉയര്‍ത്തുന്നത് ഈ സാഹചര്യത്തിലാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ളയില്‍ മത്സരിച്ചെങ്കിലും സജ്ജാദ് മൂന്നാം സ്ഥാനത്തായിരുന്നു.

സജ്ജാദ് ഘനി ലോണ്‍ മാതൃഭൂമിയോട് സംസാരിക്കുന്നു:

  • ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നാണ് പൊതുവിലയിരുത്തല്‍.എന്താണ് താങ്കളുടെ അഭിപ്രായം?

ഈ തിരഞ്ഞെടുപ്പ് ജമ്മുകാശ്മീരിനെ സംബന്ധിച്ച് നിര്‍ണായകമാണ്.കൂടുതല്‍ ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പാണ് നടന്നു കൊണ്ടിരിക്കുന്നത്.ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും രംഗപ്രവേശം തിരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും.

  • എന്നാല്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരും ബി.ജെ.പിയുടെ പ്രോക്സികളാണെന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സും പി.ഡി.പിയും ആരോപിക്കുന്നത്.അതെക്കുറിച്ച് എന്താണ് പ്രതികരണം?

അവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതമില്ല.മുഖ്യധാരയിലേക്ക് കടന്നു വരുന്നവര്‍ക്ക് നേരെ ഇത്തരം ബ്രാന്‍ഡിംഗ് നേരത്തെയും നടത്തിയിട്ടുണ്ട്.എനിക്ക് നേരെയും ഉണ്ടായിട്ടുണ്ട്.

  • അനുച്ഛേദം 370 പിന്‍വലിച്ച നടപടി ഈ തിരഞ്ഞടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാണോ?

അതെ.അനുച്ഛേദം പിന്‍വലിച്ചതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വികമരമുണ്ട്.അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഈ വികാരം പ്രതിഫലിച്ചിരുന്നു.

Content Highlights: Sajjad Gani Lone: From separatism to democracy in Northern Kashmir