അവർ ജമ്മുകശ്മീരിലെ യുവാക്കളുടെ കയ്യിൽ കല്ലുവെച്ചുകൊടുത്തു; കോണ്‍ഗ്രസിനും NCക്കും PDP-ക്കുമെതിരേ മോദി

ശ്രീനഗറിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ശ്രീനഗറിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI

ശ്രീനഗര്‍: കോണ്‍ഗ്രസിനെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും പി.ഡി.പിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ യുവാക്കളുടെ കൈകളില്‍ കല്ലുവെച്ച് കൊടുത്തതും രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി അവരുടെ ഭാവി തകര്‍ത്തതും ഈ പാര്‍ട്ടികളാണെന്ന് അദ്ദേഹം ആരോപിച്ചു. 

രണ്ടാം ഘട്ട പോളിങ്ങിന്‌ മുന്നോടിയായി ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മറ്റൊരു തലമുറയെ കൂടെ നശിപ്പിക്കാന്‍ ജമ്മു കശ്മീരിലെ മൂന്ന് കുടുംബങ്ങളെ താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ യുവാക്കള്‍ പഠനത്തില്‍നിന്ന് അകലെയാണ്. അവരുടെ കൈകളില്‍ കല്ലുവെച്ച് കൊടുക്കുന്നതില്‍ ഈ മൂന്ന് കുടുംബങ്ങള്‍ (കോണ്‍ഗ്രസ്, എന്‍.സി., പി.ഡി.പി.) സന്തുഷ്ടരാണ്. തങ്ങളുടെ താത്പര്യത്തിനു വേണ്ടി ഈ കുടുംബങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി നശിപ്പിച്ചു. ജമ്മു കശ്മീരിനെതിരേ ഗൂഢാലോചന നടത്തുന്ന എല്ലാ ശക്തികളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇവിടെ മോദിയുടെ ഉദ്ദേശ്യം, മോദിയുടെ പ്രതിജ്ഞ, പ്രധാനമന്ത്രി പറഞ്ഞു. 

അധികാരം ഏതുവിധവും കൈവശപ്പെടുത്തുക എന്നത് തങ്ങളുടെ ജന്മാവകാശമാണെന്നാണ് മൂന്ന് കുടുംബങ്ങളും കരുതുന്നതെന്നും മോദി പറഞ്ഞു. അവര്‍ ജമ്മു കശ്മീരില്‍ ഭയവും അരാജകത്വവും പടര്‍ത്തുന്നതായും അദ്ദേഹം ആരോപിച്ചു. ഇന്ന് ജമ്മു കശ്മീര്‍ ഈ മൂന്ന് കുടുംബങ്ങളുടെ പിടിയിലല്ല ഉള്ളത്. ഇന്ന് നമ്മുടെ യുവാക്കള്‍ അവരെ വെല്ലുവിളിക്കുന്നു. പുരോഗതിയിലേക്ക് നീങ്ങാന്‍ അവര്‍ അനുവദിക്കാതിരുന്ന യുവാക്കള്‍ ഇന്ന് അവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 

Content Highlights: prime minister narendra modi criticises congress nc and pdp in jammu kashmir