കശ്മീർ വിഷയവും അനുച്ഛേദം 370 പിൻവലിച്ചതും തമസ്കരിക്കാനാണ് BJP-യുടെ ശ്രമം -മെഹബൂബ മുഫ്തി

ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തി   ബുഡ്ഗാം ജില്ലയിലെ സോയിബുഗിൽ  പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി
ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തി ബുഡ്ഗാം ജില്ലയിലെ സോയിബുഗിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ചിത്രം: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

ധ്യ കശ്മീരിലെ  ഗ്രാമവും നഗരവും കൈകോര്‍ക്കുന്ന സോയ്ബഗ് പ്രദേശം.ശ്രീനഗറില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെ, ബദ്ഗാം ജില്ലയില്‍ നെല്‍കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരുടെ ഭൂമി. പക്ഷേ, ഈ പ്രദേശത്തിന്റെ വിലാസം അതില്‍ ഒതുങ്ങുന്നില്ല. ലോകം മുഴുവൻ ഈ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത് മറ്റൊരു നിറത്തിലാണ്.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവി മുഹമ്മദ് യൂസഫ് ഷാ എന്ന സയ്യിദ് സലാഹുദ്ദീന്റെ ജന്മസ്ഥലമെന്ന വിലാസമാണ് സോയ്ബഗ് ഗ്രാമത്തിന് മേൽ നിഴല്‍ വീഴ്ത്തുന്നത്.  കശ്മീരിലെ ഭീകരവാദത്തിൻ്റെയും ഭീകരാക്രമണങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടേയും  പ്രഭവം ബദ്ഗാം ജില്ലയിലും സോയ്ബഗ് ഗ്രാമത്തിലുമായിരുന്നുവെന്ന് ചരിത്രം .1987-ലെ തിരഞ്ഞെടുപ്പ് അട്ടിമറി അതിന് കാരണമായി. അന്ന് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സയ്യിദ് സലാവുദീൻ പരാജയപ്പെട്ടതോടെ  താഴ്വരയിൽ വെടിയൊച്ചകൾ ഉയരാൻ തുടങി. എൺപതുകളുടെ ഒടുവിൽ പാകിസ്താനിലേക്ക് കടന്ന സലാവുദീൻ ഹിസ്ബുൾ മുജാഹിദീൻ നേതാവായത് തുടർച്ച. അപ്പോഴും കുടുബം കശ്മീരിൽ തുടർന്നു.

പൂര്‍വകാലം ചരിത്രത്തിലേക്ക് മാറ്റിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് വീണ സോയ്ബഗ് നഗരത്തിലെ പൊള്ളിക്കുന്ന ഉച്ചവെയിലിലേക്കാണ് പി.ഡി.പി. നേതാവ് മെഹബൂബാ മുഫ്തി വെള്ളിയാഴ്ച കടന്നു വന്നത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയില്‍ പ്രാദേശിക നേതാക്കള്‍ പ്രസംഗം തകര്‍ക്കുമ്പോള്‍ അണികള്‍ ആരവമുയര്‍ത്തി കയ്യടിക്കുന്നു.താളത്തില്‍ പാടുന്നു. പ്രധാന നേതാവിന്റെ വാഹനമെത്തിയതോടെ ആവേശം ഇരട്ടിച്ചു. മാലകളും കശ്മീരിൻ്റെ പതിവ് രീതിയായ മിഠായികളും നേതാവിനെ ലക്ഷ്യമാക്കി പറന്നു (ആദരവെന്ന നിലയിൽ നേതാക്കൾക്ക് നേരെ മിഠായികൾ വാരിയെറിയുന്ന പതിവുണ്ട് കശ്മീരിൽ). വരവേൽപ്പ്  ഏറ്റുവാങ്ങി മെഹബൂബ വേദിയിലിരിക്കുമ്പോഴും പ്രാദേശിക നേതാക്കള്‍ മൈക്ക് വിടുന്നില്ല. പി.ഡി.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'കലം ഓര്‍ ദവാത്' (പേനയും മഷിക്കുപ്പിയും) പതിച്ച ബാനറുകള്‍ നിരന്ന വേദിയില്‍ യുവസ്ഥാനാര്‍ഥി ആഗാ സയ്യിദ് മുംതസര്‍ മെഹ്ദിയും പ്രസംഗിച്ചു, ഒരു മണിക്കൂര്‍.

സ്ഥാനാര്‍ഥിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ മെഹബൂബ പ്രസംഗിക്കാനെഴുന്നേറ്റു. ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സിനെതിരെ (എൻ.സി) തലങ്ങും വിലങ്ങും വിമര്‍ശനം. നാഷണല്‍ കോണ്‍ഫറൻസുമായി ബന്ധമുണ്ടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ക്കും എന്‍.സിയാണ് മുഖ്യ ശത്രു. നാഷണല്‍ കോണ്‍ഫറന്‍സിനെയും അബ്ദുള്ളമാരെയും വിമര്‍ശിക്കുന്ന ശൗര്യം പക്ഷെ ബി.ജെ.പിക്കെതിരെ ഉയരുന്നില്ല എന്നതും ശ്രദ്ധേയം.

'പി.ഡി.പി. മത്സരിക്കുന്നത് കേവലം വിജയം ലക്ഷ്യമിട്ടല്ല. പാര്‍ട്ടിയുടെ അജണ്ട ഉയര്‍ത്തിപ്പിടിക്കുന്നതിനാണ്. മുഫ്തിയുടെ ഭരണ കാലം മറ്റ് പാര്‍ട്ടികളുടെ ഭരണകാലത്തുണ്ടായ വികസനത്തെക്കാള്‍ എത്രയോ പതിന്‍മടങ്ങാണ്.1987-ലെ വോട്ടെടുപ്പ് അട്ടിമറി നടത്തിയത് നാഷണല്‍ കോണ്‍ഫറൻസിന്റെ തീരാകളങ്കമാണ്.അന്ന് മുതലാണ് ജമ്മു കശ്മീര്‍ തോക്കിന്റെ കീഴിലായത്.' -സോയ്ബഗ് പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തെയും സ്പര്‍ശിച്ചാണ് പരാമര്‍ശം.

2014-ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പി.ഡി.പി. സര്‍ക്കാരുണ്ടാക്കിയതിനെ വിമര്‍ശിക്കുന്ന ഒമര്‍ അബ്ദുള്ളക്ക് മറുപടി പറയാനും മെഹബൂബ മറക്കുന്നില്ല.

'മുൻ‍ കാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നാഷണല്‍ കോണ്‍ഫ്രന്‍സിനെയാണ് വിഷമത്തിലാക്കുക.വാജ്‌പേയി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള കശ്മീര്‍ വിഷയം തമസ്‌കരിക്കാന്‍  ലോകം മുഴുവന്‍ യാത്ര ചെയ്ത കാര്യം മറക്കേണ്ട.' -മെഹബൂബ തിരിച്ചടിച്ചു. സദസ്സില്‍ ഓരോ വരിക്കും കയ്യടിച്ച് അണികള്‍.

പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ മാതൃഭൂമി ലേഖകൻ്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് മെഹബൂബ.

  • 2014 ന് സമാനമായി തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ വീണ്ടും പി.ഡി.പിയും ബി.ജെ.പിയും കൈകോര്‍ക്കുമെന്നാണ് നാഷണൽ കോൺഫ്രൻസിൻ്റെ ആരോപണം. എന്ത് പറയുന്നു?

തങ്ങളുടെ അജണ്ട ജമ്മു കശ്മീരില്‍ നടപ്പാക്കാന്‍ കഴിഞ്ഞതിന് ബി.ജെ.പി നാഷണല്‍ കോണ്‍ഫ്രന്‍സിനോടാണ് നന്ദി പറയണ്ടേത്.ജമ്മു കശ്മീരിനെ തകര്‍ക്കാന്‍ കഴിഞ്ഞതിന് അബ്ദുള്ളമാരുടെ കുടുംബത്തോടാണ് ബി.ജെ.പി നന്ദി പറയേണ്ടത്.തന്റെ പിതാവ് ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി മൂന്ന് മാസത്തോളം വീട്ടു പടിക്കല്‍ കാത്ത് നിന്നിട്ടാണ്.അനുച്ഛേദം...ദുര്‍ബലമാക്കരുത്,കൂടുതല്‍ റോഡുകള്‍ തുറക്കണം,പാകിസ്താനുമായും ഹുറിയത്തുമായും ചര്‍ച്ച നടത്തണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ ബന്ധം.

  • അനുച്ഛേദം 370 ആണല്ലോ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം.അതെക്കുറിച്ച് പി.ഡി.പിയുടെ നിലപാട് എന്താണ്?

കശ്മീര്‍ വിഷയവും അനുച്ഛേദം പിന്‍വലിച്ചതും തമസ്‌കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.അത് ഓര്‍മിപ്പിക്കാനാണ് പി.ഡി.പി മത്സരിക്കുന്നത്.ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും അനുച്ഛേദത്തെക്കുറിച്ച് സംസാരിക്കണം.വോട്ടിലൂടെ ഈ അനുച്ഛേദത്തിലുള്ള എതിര്‍പ്പ് രേഖപ്പെടുത്തണം.ജമ്മു കശ്മീരില്‍ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നുണ്ട്.എന്നിട്ടും എന്തു കൊണ്ടാണ്  പത്ത് വര്‍ഷമായി തിരഞ്ഞെടുപ്പ് നടത്താതിരുന്നത്.ജനങ്ങള്‍ ഭയത്തിലാണ്.തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അവര്‍ക്ക് ഒരു സര്‍ക്കാര്‍ വേണം .

Content Highlights: PDP leader Mehbooba Mufti talks with Mathrubhumi