എക്‌സിറ്റ് പോള്‍ സമയംകൊല്ലി പരിപാടി, അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാര്‍ - ഒമര്‍ അബ്ദുള്ള

ജമ്മു-കസ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (JKNC) ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള | photo: pti
ജമ്മു-കസ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (JKNC) ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള | photo: pti

ജമ്മു-കശ്മീര്‍: എക്‌സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് ജമ്മു-കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (JKNC) ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. എക്‌സിറ്റ് പോള്‍ സമയംകൊല്ലി പരിപാടിയാണെന്നും ടിവി ചാനലുകളും മറ്റും എന്തിനാണ് അതിന്മേല്‍ ഇത്രയേറെ സമയവും ഊര്‍ജവും പാഴാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. 

ചൊവ്വാഴ്ച ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവരാനിരിക്കെ ശനിയാഴ്ച തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഒമര്‍ അബ്ദുള്ള എക്‌സിറ്റ് പോളിനെക്കുറിച്ചുള്ളഅഭിപ്രായം പങ്കുവെച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആധികാരികമായി കണ്ട് ചര്‍ച്ച നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളിലെ സകല ട്രോളുകളും മീമുകളും അര്‍ഹിക്കുന്നുണ്ടെന്നും ഒമര്‍ പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനം. എക്‌സിറ്റ് ഫലങ്ങളില്‍ ബി.ജെ.പിക്ക് വലിയ തോതിലുള്ള വിജയമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ശരിക്കുള്ള ഫലം വന്നപ്പോള്‍ മിക്കയിടങ്ങളിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഇതിനെ ഉദാഹരണമായി കാണിച്ചായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. 

Content Highlights: omar abdullah calls extit poll a joke jammu and kashmir assembly election 2024