നയിക്കാൻ രാഹുലെത്തും; ജമ്മുകശ്മീരിലെ കോൺഗ്രസിന്റെ പ്രചാരണത്തിന് രണ്ട് റാലികളോടെ ബുധനാഴ്ച തുടക്കമാകും

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി | Photo: Asian News International
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി | Photo: Asian News International

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ബുധനാഴ്ച തുടക്കമാകും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന രണ്ട് പൊതുറാലികളോടെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടുക. സെപ്റ്റംബര്‍ 18-ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ബുധനാഴ്ച കോണ്‍ഗ്രസ് തുടക്കമിടുന്നത്. 

രാഹുല്‍ ഗാന്ധിക്ക് പുറമെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സോണിയാഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ 40 താരപ്രചാരകരും റാലികളില്‍ പങ്കെടുക്കും. 

'ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ഗാന്ധി നാളെ തുടക്കമിടും. അനന്ത്‌നാഗിലും റംബാനിലും നടക്കുന്ന രണ്ട് പൊതുറാലികളെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.' -ജമ്മു കശ്മീര്‍ പി.സി.സി. അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. 

2019 ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വര്‍ഷത്തിന് മുമ്പാണ് ഇതിന് മുമ്പ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 

നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലുമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരവും നടക്കും. പാന്തേഴ്‌സ് പാര്‍ട്ടിക്കും സി.പി.എമ്മിനും ഓരോ സീറ്റ് വീതവും സഖ്യം നല്‍കിയിട്ടുണ്ട്.

നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.

Content Highlights: Rahul Gandhi to launch Cong's Jammu Kashmir poll campaign with 2 rallies on Wednesday