'കശ്മീരില്‍ വികസനമെത്തിയെങ്കില്‍ ബിജെപി അത് കാണിച്ചുതരട്ടെ, ജനം സത്യം തിരിച്ചറിയും'| അഭിമുഖം

അഭിമുഖത്തിന്റെ ഒടുവിലത്തെ ചോദ്യം സീതാറാം യച്ചൂരിയുമായുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു.ചോദ്യത്തിന് മുന്നില്‍ യൂസഫ് തരിഗാമി തെല്ലുനേരം നിശബ്ദനായി.കണ്ണുകള്‍ നനഞ്ഞു.വാക്കുകള്‍ മുറിഞ്ഞു. 'ഈ കാലത്തിന് ഇപ്പോള്‍ ആവശ്യമുള്ള നേതാവായിരുന്നു സീതാറാം. അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാന്‍ ശേഷിയുള്ള,എല്ലാവരുടെയും സുഹൃത്ത്. ജമ്മുകാശ്മീരിന് ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തിനെ നഷ്ടമായിരിക്കുന്നു'-തരിഗാമി പറഞ്ഞു.
ശ്രീനഗറില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള കുല്‍ഗാമിലെ പാര്‍ട്ടി ഓഫീസില്‍ രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പമായിരുന്നു യൂസഫ് തരിഗാമി. പ്രിയ സഖാവിനോട് കുശലം പറഞ്ഞും രാഷ്ട്രീയത്തിനൊപ്പം ചായ പങ്കിട്ടും പ്രായഭേദമില്ലാതെ നാട്ടുകാര്‍.അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് സൗമ്യസാന്നിധ്യം പോലെ തരിഗാമി.നാല് വട്ടം നിയമസഭാംഗവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയാണ് ജമ്മുകാശ്മീരിലെ ഇടത് രാഷ്ട്രീയത്തിന്റെ മുഖം. 1996 മുതല്‍ പ്രതിനിധീകരിക്കുന്ന കുല്‍ഗാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ തരിഗാമി മാതൃഭൂമിയോട് സംസാരിക്കുന്നു.
-പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മുകാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു.ജമ്മുകാശ്മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം ആദ്യം നടക്കുന്ന വിധിയെഴുത്താണിത്. എന്താണ് തിരഞ്ഞെടുപ്പ് രംഗം പറയുന്നത് ?
ഇതിന് മുമ്പൊക്കെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം പ്രകാരം ജമ്മുകാശ്മീരിന് പ്രത്യേക പദവിയുണ്ടായിരുന്നു. അതിപ്പോഴില്ല.ആരുമായും ചര്‍ച്ച ചെയ്യാതെ,സമൂഹത്തിലെ ഒരു വിഭാഗത്തോടും കൂടിയാലോചിക്കാതെ,കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്, രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ വീട്ടുതടങ്കലിലാക്കിക്കൊണ്ട് ഈ അനുച്ഛേദം റദ്ദാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.സംസ്ഥാനത്തെ വിഭജിച്ചു.സംസ്ഥാനത്തെ മുഴുവന്‍ ഒരു ജയിലിനുള്ളിലാക്കിയത് പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത് ചെയ്തത്. ഇങ്ങനെയൊക്കെ രൂപപ്പെട്ട സങ്കീര്‍ണമായ അന്തരീക്ഷത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.സെപ്തംബര്‍ അവസാനത്തിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഉത്തരവില്‍ തന്നെ ജമ്മുകാശ്മീരിന് സംസ്ഥാന പദവി എത്രയും വേഗം തിരിച്ചു നല്‍കണമെന്നും പറഞ്ഞിരുന്നു. ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
അത് മാത്രമല്ല,തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം പോലും ജമ്മുകാശ്മീര്‍ പുനഃസംഘടനാ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നിര്‍ണായക അധികാരങ്ങളില്‍ ചിലത് കൂടി ലഫ്.ഗവര്‍ണറില്‍ നിക്ഷിപ്തമാക്കി.കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുക്കപ്പെടാത്ത പ്രതിനിധിയായ ലഫ്.ഗവര്‍ണര്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെക്കാള്‍ അധികാരം. ഇക്കാര്യമെല്ലാം ജനങ്ങള്‍ തിരിച്ചറിയും. തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും.
-അനുച്ഛേദം 370 പിന്‍വലിച്ചതോടെ ജമ്മുകാശ്മീരിലേക്ക് വികസന പ്രവാഹമാണെന്ന് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും പറയുന്നു.എന്താണ് പ്രതികരണം ?
വികസനമെത്തിയെങ്കില്‍ അത് എന്തൊക്കെയെന്ന് അവര്‍ പറഞ്ഞു തരട്ടെ. ഇക്കാലയളവില്‍ കേന്ദ്രവും സംസ്ഥാനത്തെ ഭരണകൂടവും ജമ്മുകാശ്മീരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടിക പുറത്തു വിടാന്‍ ഞങ്ങള്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ഇതുവരെ അനക്കമില്ല. തൊഴിലില്ലായ്മയാണ് ഈ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രശ്നം.അതിന് എന്ത് പരിഹാരമുണ്ടാക്കി? കാശ്മീരിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. കാശ്മീരില്‍ ബി.ജെ.പിക്ക് സ്വാധീനം കുറവാണല്ലോ. എന്നാല്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള ജമ്മുവില്‍ എന്ത് വികസനമാണ് നടപ്പാക്കിയത്?, സാധാരണക്കാരുടെ ജീവിതം പരിശോധിക്കൂ, അവരുടെ കച്ചവടവും ബിസിനസുമെല്ലാം തകരാറിലാണ്. എന്നാല്‍ വികസനമെന്ന പേരില്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. ഇവിടെ കരാറുകാരെ പോലും ഇപ്പോഴത്തെ ഭരണകൂടം പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
-370 പിന്‍വലിച്ചതിന് ശേഷം ഭീകരവാദം കാശ്മീരില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.എന്തു പറയുന്നു ?
യഥാര്‍ഥത്തില്‍ ഭീകരവാദം കാശ്മീരിന്റെ അടിസ്ഥാന സ്വഭാവമല്ല. എന്നാല്‍ അങ്ങനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 1947 ല്‍ രാജ്യം വിഭജിക്കപ്പെട്ട കാലയളവില്‍,ലാഹോര്‍,പഞ്ചാബ്.,ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം വലിയ കലാപങ്ങള്‍ നടന്നു.എന്നാല്‍ കാശ്മീരില്‍ ഒരു അക്രമം പോലും നടന്നില്ല. ഇത് മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നതും മുസ്ലിം ഭൂരിപക്ഷമുള്ളതുമായ ഒരു സംസ്ഥാനം. അത്തരമൊരു സാഹചര്യത്തിലാണ് അനുച്ഛേദം 370 രൂപപ്പെടുത്തിയത്. അനുച്ഛേദം 370 എന്ന് പറയുന്നത് ഒരു ബന്ധത്തിന്റെ ഇഴയടുപ്പമാണ്. കേവലം ഒരു ഭരണഘടനാ വ്യവസ്ഥ മാത്രമല്ല. ഞങ്ങള്‍ക്കുള്ളത് വൈവിധ്യമുള്ള സംസ്‌കാരമാണ്. അത് സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടേതുമാണ്.മതേതരത്വത്തെ അടിസ്ഥാനമാക്കിയ ഈ വൈവിധ്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉറപ്പുകള്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ വ്യവസ്ഥകളാണ് അട്ടിമറിക്കപ്പെടുന്നത്.
-ജമ്മുകാശ്മീരില്‍ കുടുംബവാഴ്ചക്ക് അറുതി വരുത്താന്‍ കഴിഞ്ഞുവെന്ന അവകാശവാദവും ബി.ജെ.പി ഉയര്‍ത്തുന്നുണ്ട്.അതില്‍ വാസ്തവമില്ലേ ?
ബി.ജെ.പി ഇപ്പോള്‍ കുടുംബരാഷട്രീയത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്തു കൊണ്ടാണ്?, 2014 ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ഇതേ പി.ഡി.പി തന്നെയല്ലേ? അന്ന് അത് കുടുംബരാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ലേ. അന്നത് ജനാധിപത്യവും ഇന്നത് കുടുംബരാഷ്ട്രീയവുമാകുന്നതെന്തു കൊണ്ടാണ്.വാജ്പേയിയുടെ ഭരണകാലത്ത് നാഷണല്‍ കോണ്‍ഫ്രന്‍സ് എന്‍.ഡി.എ.യുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിലുണ്ടായിരുന്നല്ലോ. അന്ന് അത് കുടുംബപാര്‍ട്ടിയല്ലായിരുന്നോ? ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ അത് ജനാധിപത്യ പാര്‍ട്ടി.ബി.ജെ.പിയില്‍ നിന്ന് അകന്നാല്‍ അതേ പാര്‍ട്ടി തന്നെ കുടുംബപാര്‍ട്ടിയാകുന്നു. ഇത് ഇരട്ടത്താപ്പാണ്.രാഷ്ട്രീയത്തില്‍ ഇതാണ് ബി.ജെ.പിയുടെ പെരുമാറ്റ രീതി.
- പി.ഡി.പി ഇക്കുറിയും ഇന്ത്യാ സഖ്യത്തിനൊപ്പമില്ലല്ലോ.ഇത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറാന്‍ കാരണമാകില്ലേ?, 2014 ആവര്‍ത്തിക്കില്ല എന്നുറപ്പുണ്ടോ ?
ശരിയാണ്.പി.ഡി.പിയുടെ നിലപാട് സംബന്ധിച്ച് എല്ലാവര്‍ക്കും ഈ മുന്‍ധാരണ ഉണ്ട്. അവരുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അവരെ വിശ്വസിക്കുക എളുപ്പമല്ല. എന്നാല്‍ പഴയ അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ പി.ഡി.പിക്ക് ഒരു അവസരം നല്‍കണം. വാതിലുകള്‍ അടച്ചു വയ്ക്കരുത്. ഇന്നലെ ചെയ്തത് തിരുത്താന്‍ ഇന്ന് അവര്‍ തയ്യാറാകുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കണം. ഇനിയും ബി.ജെ.പിയുടെ കെണിയില്‍ മതേതര പാര്‍ട്ടികള്‍ വീഴുമെന്ന് ഞാന്‍ കരുതുന്നില്ല. കേന്ദ്രത്തിലും ജമ്മുകാശ്മീരിലുമുള്ള ഭരണകൂടം വേണ്ടത്ര ദ്രോഹങ്ങള്‍ ചെയ്തു കഴിഞ്ഞു.ജമ്മുകാശ്മീരിലെ ജനങ്ങളെയും രാജ്യത്തെ ബാക്കിയുള്ള ഭാഗങ്ങളിലെ ജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലങ്ങള്‍ അവര്‍ തകര്‍ത്തുകളഞ്ഞു. ഈ പാലങ്ങള്‍ ഇനി പുനര്‍നിര്‍മിക്കണമെങ്കില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഭരണഘടനയിലും വിശ്വാസമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം.
-സഖ്യത്തില്‍ എന്തു കൊണ്ടാണ് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ കഴിയാതെ പോയത് ?
സഖ്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇത് പല സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു.അഭിപ്രായ വൈരുധ്യമുള്ളപ്പോഴും പൊതുകാരണത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് സഖ്യങ്ങളുടെ രീതി. ശരിയാണ്, പി.ഡി.പി ഇന്ത്യാ സഖ്യത്തിലുണ്ടായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി ഇതര സര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ അധികാരമേറുക എന്നതാണ് അടിയന്തരമായി പരമപ്രധാനം. ജമ്മുകാശ്മീരിലെയും രാജ്യത്തെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം.അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന്റെ രീതി എങ്ങനെയാലും ,തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണ് പ്രധാനം. അതാണ് നിര്‍ണായകം.അതുകൊണ്ട് സാധ്യതകള്‍ ഇനിയും ബാക്കിയുണ്ട്.
- ബി.ജെ.പി കാശ്മീരില്‍ 19 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്.ചില ചെറുപാര്‍ട്ടികളുമായി ബി.ജെ.പി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്.എന്താണ് അടിസ്ഥാനം ?
സത്യമാണത്. ആരാണ് ഈ ചെറുപാര്‍ട്ടികള്‍ ?ബി.ജെ.പി ഒരു ഭാഗത്ത് ഭീകരവാദത്തിനെതിരെ പ്രസംഗിക്കുന്നു.മറുഭാഗത്ത് ഭീകരസംഘടനകളുമായും ഭീകരവാദ നേതാക്കളുമായും സഖ്യമുണ്ടാക്കുന്നു. ബി.ജെ.പിയുമായി ഇക്കുറി രഹസ്യചങ്ങാത്തമുണ്ടാക്കിയിരിക്കുന്ന ചില സംഘടനകളുടെ പ്രസ്താവനകള്‍ വായിച്ചു നോക്കു. ഭീകരവാദം പേറുന്ന സംഘടനകളും നേതാക്കളുമാണ് ബി.ജെ.പിയുടെ രഹസ്യധാരണക്കാര്‍. ബി.ജെ.പി ഇവരുമായി സൗഹൃദമുണ്ടാക്കിയ ഉടന്‍ ഈ സംഘടനകളെല്ലാം ധീരദേശാഭിമാനികളുടേതായി മാറി എന്നത് വിചിത്രമല്ലേ? അവരൊക്കെ ബി.ജെ.പിയുടെ കണ്ണില്‍ രാജ്യസ്നേഹികളും മറ്റുള്ളവര്‍ ദേശദ്രോഹികളുമായിരിക്കുന്നു. കേവലം തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് ഈ ഹീനസമീപനങ്ങള്‍ സ്വീകരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമെല്ലാം സ്വാഭാവികമാണ്.അതൊരു വലിയ പ്രശ്നമല്ല.ജനാധിപത്യത്തിലുള്ള വിശ്വാസമാണ് പ്രധാന വിഷയം.അധികാരത്തിലിരിക്കുന്നവര്‍ ഭാവിയെക്കുറിച്ച് ചില പ്രതീക്ഷകളെങ്കിലും സൃഷ്ടിക്കണ്ടേ.അതെല്ലാം തകര്‍ത്ത ശേഷം,ഇതെല്ലാം രാജ്യത്തിന്റെ നന്‍മക്ക് വേണ്ടി ചെയ്തതാണെന്ന് അവര്‍ അവകാശപ്പെടുന്നു.ഇടുങ്ങിയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മഹത്തായ ഈ രാജ്യത്തെ ഉപയോഗിക്കരുതെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.
-ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ ?
എനിക്ക് പ്രതീക്ഷയുണ്ട്. അതിശയോക്തികളും അമിത പ്രതീക്ഷകളും ബി.ജെ.പി വളര്‍ത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അയോധ്യയിലേക്ക് നോക്കൂ. അവിടെ ക്ഷേത്രം നിര്‍മിച്ചു. എന്നാല്‍ അയോധ്യയിലോ ഫൈസാബാദ് മണ്ഡലത്തിലോ തിരഞ്ഞെടുപ്പില്‍ അതിന്റെ സ്വധീനമുണ്ടായില്ല. ജനങ്ങളുടെ ബുദ്ധിയെയും വിവേകത്തെയും കുറച്ച് കാണരുത്. വികാരങ്ങള്‍ക്ക് പുറകെ താല്‍ക്കാലികമായി പോയാലും ഒടുവില്‍ അവര്‍ യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചു വരും. ജമ്മുകാശ്മീരിലെ ജനതയും ഇത്തരത്തില്‍ അവരുടെ ബുദ്ധി ഉപയോഗിക്കും.