സ്വതന്ത്രരേയും ചെറുപാർട്ടികളേയും റാഞ്ചി ഭരണം പിടിക്കുമോ?; ജമ്മു കശ്മീരിൽ ചരടുവലികളുമായി ബി.ജെ.പി

ജമ്മുകാശ്മീരില്‍ ഭരണം പിടിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ആവര്‍ത്തിക്കുന്നതിനിടയില്‍ കാശ്മീരില്‍ പാര്‍ട്ടി മത്സരിക്കുന്നത് കേവലം 19 സീറ്റുകളില്‍ മാത്രമാണ്. സര്‍ക്കാരുണ്ടാക്കാന്‍ 47 എന്ന മാന്ത്രിക സംഖ്യ വേണമെന്നിരിക്കെ, അനുച്ഛേദം 370 പിന്‍വലിച്ചതിന്റെ നേട്ടങ്ങള്‍ പ്രചരണായുധമാക്കുന്ന ഭരണപ്പാര്‍ട്ടി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ചുരുങ്ങിയതിന്റെ പുറകിലെ രാഷ്ട്രീയമാണ് ജമ്മുകാശ്മീര്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.അനുച്ഛേദം 370 പിന്‍വലിച്ചതിനെക്കുറിച്ചുള്ള ഹിതപരിശോധനയായി തിരഞ്ഞെടുപ്പ് മാറുമെന്ന പ്രചരണം നിലനില്‍ക്കെ, ബി.ജെ.പി. സ്വീകരിച്ചിരിക്കുന്ന ഈ അടവ് നയത്തിന്റെ ഉള്ളുകള്ളികളിലേക്കാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പതിവില്ലാത്ത വിധം സ്വതന്ത്ര സ്ഥാനാര്‍ഥികളും ചെറുകിട പാര്‍ട്ടികളും കളം നിറഞ്ഞിരിക്കുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഈ പ്രതിഭാസത്തിന്റെ ഉള്ളടക്കം പരിശോധനയാണ് ഇന്ത്യാ സഖ്യവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത്. പ്രാദേശികമായി സ്വാധീനമുള്ള ഈ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയുടെ പ്രോക്‌സികളാണെന്നാണ് നാഷണൽ കോൺഫറൻസും (എന്‍.സി) കോണ്‍ഗ്രസും പി.ഡി.പിയും ആരോപിക്കുന്നത്. ജമ്മുവില്‍ പരമാവധി സീറ്റുകള്‍ നേടുക, കാര്യമായ വേരോട്ടമില്ലാത്ത കാശ്മീരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണച്ച് സീറ്റെണ്ണം ഉറപ്പിക്കുക എന്ന രാഷ്ട്രീയഗണിത ശാസ്ത്രമാണ് ബി.ജെ.പി. പയറ്റുന്നതെന്നാണ് ആരോപണം. ചുരുക്കത്തില്‍, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം.
2014-ന് സമാനമായി തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ കേന്ദ്രത്തിന്റെ ഭരണബലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നുണ്ട്. 2014-ലെ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് നിലവില്‍ വന്നത്. 28 സീറ്റകള്‍ പി.ഡി.പിക്ക്, ബി.ജെ.പിക്ക് 25, നാഷണല്‍ കോണ്‍ഫറന്‍സിന് 15, കോണ്‍ഗ്രസിന് 12.എന്നിങ്ങനെയായിരുന്നു കക്ഷി നില. തുടര്‍ന്ന് പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. സര്‍ക്കാര്‍ 2018 വരെ നീണ്ടു നിന്നു.
രാജ്യത്തെ വലിയ പാര്‍ട്ടിയായിട്ടും ജമ്മുകാശ്മീരില്‍ കേവലം പത്തൊമ്പത് സീറ്റുകളിലേക്ക് ഒതുങ്ങിയതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഇതെല്ലാം ബി.ജെ.പിയുടെ തന്ത്രപരമായ നീക്കമാണെന്നാണ് ബി.ജെ.പി. സംസ്ഥാന വക്താവ് അല്‍താഫ് താക്കൂര്‍ പറയുന്ന ന്യായീകരണം. ജമ്മുവില്‍ തങ്ങള്‍ക്ക് മുഴുവന്‍ സീറ്റുകളും ലഭിക്കും. കാശ്മീരില്‍ ലഭിക്കുന്ന സീറ്റുകൊണ്ട് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു. ശ്രീനഗറില്‍ സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് മാതൃഭുമിയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- ബാക്കി സീറ്റുകളില്‍ ആര്‍ക്ക് പിന്തുണ നല്‍കും?
ആര്‍ക്കും ഞങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സമാനമനസ്‌കരായ പാര്‍ട്ടികളുണ്ട്. അവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണ നല്‍കിയിരുന്നു. സമാനമായ രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നടപടി സ്വീകരിക്കും. എന്നാല്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ക്ക് ആരുമായും സഖ്യമില്ല.
- ബാക്കി സീറ്റുകളില്‍ ബി.ജെ.പിയുടെ പ്രോക്‌സികളാണ് മത്സരിക്കുന്നതെന്നാണ് എന്‍.സി.ഉന്നയിക്കുന്ന ആരോപണം.എന്ത് പറയുന്നു?
ബി.ജെ.പിക്ക് എ ടീമോ ബി ടീമോ സി ടീമോ ഇല്ല. ഏജന്റില്ല. പ്രോക്‌സിയുമില്ല. ബി.ജെ.പിയുടെ പേരിലാണ് ഞങ്ങള്‍ മത്സരിക്കുന്നത്.എന്നാല്‍ ദുര്‍ബലരായ രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് നേരെ ഇത്തരത്തില്‍ ആരോപണങ്ങളുന്നയിക്കുകയാണ്. സജ്ജാദ് ലോണുമായോ എഞ്ചിനീയര്‍ റാഷിദുമായോ ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല.
- എഞ്ചിനീയര്‍ റഷീദുമായി ബി.ജെ.പിക്ക് രഹസ്യധാരണയുണ്ടെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആരോപണം. എന്താണ് നിലപാട്?
എഞ്ചിനീയര്‍ റാഷിദിന്റെ ആശയം പാകിസ്താന്റെ ആശയമാണ്. ബി.ജെ.പി. ഇന്ത്യക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. രാജ്യം ആദ്യമെന്നതാണ് ഞങ്ങളുടെ പ്രഖ്യാപിത നിലപാട്. ഭീകരവാദത്തിന് ധനസഹായം ചെയ്തുവെന്നതാണ് എഞ്ചിനീയര്‍ റാഷിദിനെതിരെയുള്ള കേസ്. അതിനാണ് ജയിലിലടച്ചത്. രാജ്യത്തിന്റെ സുരക്ഷ, രാജ്യാഭിമാനം തുടങ്ങിയവയില്‍ ബി.ജെ.പി. ഒരിക്കലും വിട്ടു വീഴ്ച ചെയ്യില്ല. എഞ്ചിനീയര്‍ റാഷിദിന്റെ ആശയവും ബി.ജെ.പിയുടെ ആശയവും വളരെ വ്യത്യസ്തമാണ്.
- അനുച്ഛേദം 370 ചരിത്രമായിക്കഴിഞ്ഞെന്ന് ബി.ജെ.പി പറയുന്നു. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അനുച്ഛേദം തിരിച്ചു കൊണ്ടുവരുമെന്ന് എന്‍.സി. പറയുന്നു.എന്താണ് പ്രതികരണം?
അനുച്ഛേദം 370 റദ്ദാക്കിക്കഴിഞ്ഞു. ഇനി അത് തിരിച്ചു വരില്ല. അനുച്ഛേദം പിന്‍വലിക്കും മുമ്പ് ജമ്മുകാശ്മീരിന്റെ സ്ഥിതി വളരെ പ്രയാസകരമായിരുന്നു. കല്ലേറുകള്‍, ഹര്‍ത്താലുകള്‍, വോട്ട് ബഹിഷ്‌കരണങ്ങള്‍ തുടങ്ങിയവയെല്ലാം പതിവായിരുന്നു. അനുച്ഛേദം പിന്‍വലിച്ചതിന് ശേഷം കാശ്മിരില്‍ പുതിയ സംസ്‌കാരം ഉടലെടുത്തു. സമാധാനം നിലവില്‍ വന്നു. സര്‍വകലാശാലകള്‍,കോളേജുകള്‍ എന്നിവയൊക്കെ സുഗമമായി പ്രവര്‍ത്തിക്കുന്നു.ആര് വിചാരിച്ചാലും അനുച്ഛേദം തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല. പാര്‍ലമെന്റാണ് പിന്‍വലിച്ചത്.നാഷണല്‍ കോണ്‍ഫറൻസിന്റെ രണ്ട് എം.പിമാര്‍ വിചാരിച്ചാല്‍ പാര്‍ലമെന്റില്‍ അനുച്ഛേദം തിരിച്ചു കൊണ്ടുവരാന്‍ കഴിയുമോ? ഇതൊക്കെ വെറും പ്രചരണം മാത്രമാണ്.
Content Highlights: BJP Jammu Kashmir spokesman Altaf Thakur talks with Mathrubhumi