'പരസ്പരം റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്നവര്‍'; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മോദി

രാജസ്ഥാനിലെ ചുരു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ നരേന്ദ്രമോദി സംസാരിക്കുന്നു | ഫോട്ടോ: Screen grab of video on X (twitter) posted by @ANI
രാജസ്ഥാനിലെ ചുരു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ നരേന്ദ്രമോദി സംസാരിക്കുന്നു | ഫോട്ടോ: Screen grab of video on X (twitter) posted by @ANI

ജയ്പൂര്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നതിനിടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ 'യോര്‍ക്കര്‍' തൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ പ്രചാരണത്തിനായാണ് മോദി രാജസ്ഥാനിലെത്തിയത്. അഞ്ച് വര്‍ഷമായി പരസ്പരം റൗണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ക്രിക്കറ്റ് ടീമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് എന്ന് സച്ചിന്‍ പൈലറ്റിനെയും അശോക് ഗെഹലോത്തിനെയും ഉന്നമിട്ട് അദ്ദേഹം പറഞ്ഞു.

'ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ തന്റെ ടീമിനായി പരമാവധി റണ്ണെടുക്കാനാണ് ശ്രമിക്കുക. പക്ഷേ, രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ കലഹമാണ്. തങ്ങളുടെ ടീമിനായി റണ്ണെടുക്കുന്നതിന് പകരം നേതാക്കള്‍ പരസ്പരം റണ്ണൗട്ടാക്കാനാണ് അഞ്ച് വര്‍ഷമായി ശ്രമിക്കുന്നത്', ചുരു ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. 

'നിങ്ങള്‍ ബി.ജെ.പിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അഴിമതിക്കാരുടെ ടീമിനെ ഞങ്ങള്‍ രാജസ്ഥാനില്‍ നിന്ന് തൂത്തെറിയും. വികസനത്തിനായുള്ള റണ്‍ ബി.ജെ.പി. വളരെ പെട്ടെന്ന് സ്‌കോര്‍ ചെയ്യും. രാജസ്ഥാന്റെ ഭാവി വിജയിക്കും. ആ വിജയം രാജസ്ഥാനിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതാകും', മോദി പറഞ്ഞു. 

'സദുദ്ദേശങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഇരുളും വെളിച്ചവും തമ്മിലുള്ള ബന്ധം പോലെയാണ്. കുടിവെള്ള പദ്ധതിക്കായി പണം വാരിക്കൂട്ടുന്ന സര്‍ക്കാറിന്റെ ഉദ്ദേശം എന്തായിരിക്കും?', രാജസ്ഥാനിലെ ജല്‍ജീവന്‍ മിഷന്‍ അഴിമതി ചൂണ്ടിക്കാട്ടി മോദി ചോദിച്ചു. 

'കോണ്‍ഗ്രസും വികസനവും ശത്രുക്കളാണ്. അവര്‍ ശത്രുക്കളായി തന്നെ തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തന്റെ എം.എല്‍.എമാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോത്ത് തന്നെ ഒരു പൊതുയോഗത്തില്‍ തുറന്നു പറഞ്ഞതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പണം കൊള്ളയടിക്കുന്ന തിരക്കിലാണ്', മോദി പറഞ്ഞു.

Content Highlights: Trying to run out each other says Modi attacking Rajastan congress amid cricket world cup final