LPG സബ്‌സിഡി, ആന്റി റോമിയോ സ്‌ക്വാഡ്, ഗോതമ്പിന് ബോണസ്; രാജസ്ഥാനില്‍ BJPയുടെ പ്രകടന പത്രിക

രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടന പത്രിക പുറത്തിറക്കുന്നു | Photo: PTI
രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടന പത്രിക പുറത്തിറക്കുന്നു | Photo: PTI

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. ദേശിയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകാശനം ചെയ്തത്.ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍.പി.ജി. സിലിണ്ടറിന് 450 രൂപ സബ്‌സിഡി, ഗോതമ്പിന് ക്വിന്റലിന് 2,700 രൂപ ബോണസ്, പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സേവിംഗ്സ് ബോണ്ട്, എല്ലാ ജില്ലയിലും മഹിളാ പോലീസ് സ്റ്റേഷനുകള്‍, എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ ഡെസ്‌കുകള്‍, സ്ത്രീ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലും ആന്റി റോമിയോ സ്‌ക്വാഡുകള്‍ എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

'കേവലം ഔപചാരികതയ്ക്കുവേണ്ടിയുള്ള പ്രകടന പത്രികയല്ല. മറിച്ച് വികസനത്തിനുള്ള വഴികാട്ടിയാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ പാലിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റും'. ജെ.പി. നദ്ദ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി ബി.ജെ.പി. 'ലാഡോ ഇന്‍സെന്റീവ് സ്‌കീം' ആരംഭിക്കുമെന്നും ഇതനുസരിച്ച് നവജാത പെണ്‍ശിശുക്കള്‍ക്ക് 2 ലക്ഷം രൂപ സേവിംഗ് ബോണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരെന്ന് നദ്ദ വിമര്‍ശിച്ചു.

അഴിമതി, അമ്മമാരെ അപമാനിക്കുക, സ്ത്രീകളോടും കര്‍ഷകരോടുമുള്ള അനാദരവ്, പെട്രോളിനും ഡീസലിനും ഏറ്റവുമധികം മൂല്യവര്‍ധിത നികുതി, യുവാക്കളുടെ ഭാവി തകര്‍ക്കുന്ന നടപടികള്‍ എന്നീ അഞ്ച് കാര്യങ്ങളാണ് അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണനേട്ടമെന്നും നദ്ദ പരിഹസിച്ചു.

Content Highlights: bjp gave priority to women and ordinary people rajasthan manifesto released