മിസോറമില്‍ MNF - ZPM പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, കോണ്‍ഗ്രസ് മൂന്നാമത്, BJP നാലാമത്

സോറംതങ്ക, ലാല്‍ഡുഹോമ | ANI, twitter.com/SadvilkarKomal
സോറംതങ്ക, ലാല്‍ഡുഹോമ | ANI, twitter.com/SadvilkarKomal

ഐസ്വാള്‍: മിസോറമില്‍ പ്രാദേശികപ്പാര്‍ട്ടികളായ എം.എന്‍.എഫും (മിസോ നാഷണല്‍ ഫ്രണ്ട്) സെഡ്.പി.എമ്മും (സോറം പീപ്പിള്‍സ് മുവ്‌മെന്റ്) തമ്മില്‍ നടന്നത് കനത്ത പോരാട്ടമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എം.എന്‍.എഫ്. വീണ്ടും അധികാരത്തില്‍ വരുമെന്ന് ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ സെഡ്.പി.എം. സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തുമെന്നും പ്രവചനങ്ങളുണ്ട്. 

റിപ്പബ്ലിക് - മാട്രൈസ് പ്രവചനപ്രകാരം എം.എന്‍.എഫ്. 17 മുതല്‍ 22 വരെ സീറ്റുകള്‍ നേടി അധികാരത്തുടര്‍ച്ച നേടും. സെഡ്.പി.എം. ഏഴുമുതല്‍ 12 വരെയും സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് ഏഴുമുതല്‍ 12 വരെയും ബി.ജെ.പി. ഒന്നോ രണ്ടോ സീറ്റുകളിലൊതുങ്ങുമെന്നും പ്രവചിക്കുന്നു. അതേസമയം ജന്‍ കി ബാത്ത് പ്രവചനമനുസരിച്ച് സെഡ്.പി.എം. 15 മുതല്‍ 25 സീറ്റുകള്‍ വരെ നേടും. എം.എന്‍.എഫ്. 10-14 സീറ്റുകളിലൊതുങ്ങുമ്പോള്‍ കോണ്‍ഗ്രസ് അഞ്ച് മുതല്‍ ഒന്‍പത് വരെയും ബി.ജെ.പി. പരമാവധി രണ്ടു സീറ്റുവരെയും നേടുമെന്നും പ്രവചിക്കുന്നു. 

ടൈംസ് നൗ - ഇ.ടി.ജി.യുടെ പ്രവചനമനുസരിച്ചാണെങ്കില്‍ എം.എന്‍.എഫ്. 14-18 സീറ്റുകള്‍ നേടും. സെഡ്.പി.എം. 10-14 സീറ്റുകളും കോണ്‍ഗ്രസ് 9-13 സീറ്റുകളും നേടും. ബി.ജെ.പി. പരമാവധി രണ്ടു സീറ്റുകള്‍ വരെ നേടിയേക്കാം. 

എ.ബി.പി. ന്യൂസ് സീ വോട്ടര്‍ സര്‍വേ നിരീക്ഷണ പ്രകാരം എം.എന്‍.എഫ്. 15-21, സെഡ്.പി.എം. 12-18, കോണ്‍ഗ്രസ് 2-8 സീറ്റുകള്‍ നേടും. ബി.ജെ.പി. ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്നും എ.ബി.പി. ന്യൂസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ടി.വി-സി.എന്‍.എക്‌സ്: എം.എന്‍.എഫ്.-14-18, കോണ്‍ഗ്രസ്- 8-10, ബി.ജെ.പി.- 0-2, മറ്റുള്ളവര്‍: 12-16.

ആകെ 40 നിയമസഭാ മണ്ഡലങ്ങളാണ് മിസോറമിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 21 മണ്ഡലങ്ങളിലെ വിജയം അത്യാവശ്യം. പ്രാദേശികപ്പാര്‍ട്ടികളായ എം.എന്‍.എഫിനും സെഡ്.പി.എമ്മിനുമൊപ്പം കോണ്‍ഗ്രസും ബി.ജെ.പി.യും മത്സരക്കളത്തിലുണ്ട്. മിസോറമിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസും എം.എന്‍.എഫുമാണ് ഇതുവരെ അധികാരത്തിലിരുന്നത്. സെഡ്.പി.എം. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ്. ആറ് പ്രാദേശികപ്പാര്‍ട്ടികള്‍ ചേര്‍ന്നാണ് സെഡ്.പി.എം. രൂപവത്കരിച്ചത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
 

Content Highlights: mizoram election 2023, exit poll results