'അവര്‍ 100 കോടി തരും, അക്കൗണ്ട് റെഡിയാക്കൂ'; കേന്ദ്രമന്ത്രിയുടെ മകന്റെ വീഡിയോ വിവാദത്തില്‍

ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രിയും ബി.ജെ.പി. നേതാവുമായ നരേന്ദ്ര സിങ് തോമറിന്റെ മകന്‍ ദേവേന്ദ്ര സിങ് തോമര്‍ കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ വിവാദമാകുന്നു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ ദിമനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്ര സിങ് തോമര്‍. കോണ്‍ഗ്രസ് ഇതിനകം വീഡിയോ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
ദേവേന്ദ്ര തോമര്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേവേന്ദ്ര തോമറിന്റെ ഏജന്റുമായുള്ള വീഡിയോ കോളാണ് ഇതെന്നാണ് കരുതപ്പെടുന്നത്. രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെ കുറിച്ചാണ് ഇവര്‍ വീഡിയോയില്‍ സംസാരിക്കുന്നത്. 'അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയ്യാറാക്കി വയ്ക്കൂ' എന്ന് ദേവേന്ദ്ര തോമര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
'പ്രിയ ഇ.ഡി., സി.ബി.ഐ., ഇന്‍കം ടാക്‌സ്, ഈ വീഡിയോ വൈറലായിരിക്കുകയാണ്. കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ നരേന്ദ്ര സിങ് തോമറിന്റെ മകന്‍ ദേവേന്ദ്ര തോമര്‍ ഇതില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെ കുറിച്ച് ചര്‍ച്ചചെയ്യുന്നതായി തോന്നുന്നു. ദയവായി ഇതിന്റെ ആധികാരികത പരിശോധിക്കൂ', വീഡിയോ പങ്കുവെച്ചുകൊണ്ട് മധ്യപ്രദേശ് പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേല്‍ എക്‌സില്‍ കുറിച്ചു.
വീഡിയോ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. നൂറുകണക്കിന് കോടി രൂപയുടെ ഇടപാട് ഒരാള്‍ നടത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദിച്ചു.
വീഡിയോ സത്യമാണെങ്കില്‍ നരേന്ദ്ര തോമര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. വീഡിയോ തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം തോമറിനെ വെല്ലുവിളിച്ചു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ദേവേന്ദ്ര തോമര്‍ രംഗത്തെത്തി. വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
Content Highlights: Union Minister Narendra Tomar's Son's Video Leaked Ahead of Madhya Pradesh Polls