വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ മിസോറമില്‍ 18% പോളിങ്, ഛത്തീസ്ഗഢില്‍ 11 %

റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഛത്തീസ്ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്തര്‍ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. മിസോറമിൽ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. മിസോറമില്‍ ഇതുവരെ 18 ശതമാനം പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഢില്‍ 11 ശതമാനമാണ് പോളിങ് നിരക്ക്.
ഇതിനിടെ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സ്‌ഫോടനം നടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതോടെ ബൂത്തുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. 25000-ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിവിധ ബൂത്തുകളിലായി വിന്യസിച്ചിരിക്കുന്നത്.
ശ്രീകാന്ത് എന്ന് ജവാനാണ് പരിക്കേറ്റത്. പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡി.യില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം.
2018-ല്‍ മിസോറമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 40-ല്‍ 28 മണ്ഡലങ്ങളും മിസോ നാഷണല്‍ ഫ്രണ്ടിനൊപ്പമായിരുന്നു. മിസോറമിലെ പരമാവധി ആളുകളും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിട്ടുമുണ്ട്. പ്രാദേശികപ്പാര്‍ട്ടികളായ എം.എന്‍.എഫും സെഡ്.പി.എമ്മും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വേ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസുകൂടി ചേര്‍ന്നുള്ള ത്രികോണ മത്സരമായിരിക്കുമെന്ന സൂചനകളും വരുന്നുണ്ട്. മിസോറമില്‍ കോണ്‍ഗ്രസും എം.എന്‍.എഫും മാറിമാറിയാണ് വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്നത്. പുതിയ പാര്‍ട്ടിയായ സെഡ്.പി.എം. ഇത്തവണ കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 8.51 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
ആദിവാസിവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ഛത്തീസ്ഗഢിൽ ആദ്യഘട്ടത്തിലേറെയും. വികസനത്തില്‍ പിന്നാക്കംനില്‍ക്കുന്ന ഈ വനമേഖലയിലെ 12 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളാണ്. 2018 വരെ ബി.ജെ.പി.ക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 2018-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 20 മണ്ഡലങ്ങളിൽ 17-ലും കോൺഗ്രസ് വിജയിച്ചു. 2 സീറ്റുകളാണ് ബി.ജെ.പി.ക്ക് നേടാനായത്. കാര്‍ഷികമേഖലയില്‍ ഇരുപാര്‍ട്ടികളോടുമുള്ള ജനസമീപനം വ്യക്തമാക്കുന്ന വിധിയെഴുത്ത് സംസ്ഥാനഭരണസാധ്യതയില്‍ നിര്‍ണായകമാണ്. നേരത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ മേഖലയില്‍ സി.പി.ഐ.യുടെ ചില സ്വാധീനപ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ഇക്കുറി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ആറുമണ്ഡലങ്ങളില്‍ ആപ് പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ സ്വാധീനിക്കാനിടയുണ്ട്.
ഇരുസംസ്ഥാനങ്ങളിലും രണ്ടാം ഘട്ടം നവംബർ 17-ന് നടക്കും. ഡിസംബർ 3-നാണ് വോട്ടെണ്ണൽ.
Content Highlights: chhattisgarh assembly election, first phase of polling, crpf jawan injured in ied blast, mizoram