ആളും ആരവവും ഒഴിഞ്ഞ് ബിഎസ്പി ഓഫീസ്; ഈ നിശബദ്ത ബിജെപിക്കു വേണ്ടിയെന്ന് കോണ്‍ഗ്രസും എസ്പിയും

#പ്രകാശന്‍ പുതിയേട്ടി
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ബി.എസ്.പി. ആസ്ഥാനം ആളൊഴിഞ്ഞ നിലയില്‍ | ഫോട്ടോ: പി.ജി.  ഉണ്ണിക്കൃഷ്ണന്‍
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ബി.എസ്.പി. ആസ്ഥാനം ആളൊഴിഞ്ഞ നിലയില്‍ | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ 58 മണ്ഡലങ്ങളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം അടുത്തിട്ടും ഒരിക്കല്‍ സംസ്ഥാനം ഭരിച്ച മായാവതിയുടെ ബി.എസ്.പി. ആസ്ഥാനത്ത് ആളും ആരവവും ഇല്ല. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബി.ജെ.പി., എസ്.പി., കോണ്‍ഗ്രസ് ആസ്ഥാനങ്ങളിലൊക്കെ ദിവസവും പത്രസമ്മേളനങ്ങളും തിരഞ്ഞെടുപ്പ് പരിപാടികളും നടക്കുമ്പോഴാണ് ബി.എസ്.പി. ആസ്ഥാനത്തെ നിശ്ശബ്ദത.

ഞായറാഴ്ച ബി.എസ്.പി. ഓഫീസില്‍ ചെന്നപ്പോള്‍ പ്രധാന കവാടം ഉള്‍പ്പെടെ അടഞ്ഞു കിടക്കുന്നു. വശത്തെ ചെറിയ ഗേറ്റ് തുറന്നു കണ്ടതിനാല്‍ അകത്തു കടന്നപ്പോള്‍ നേതാക്കളും ചുമതലക്കാരും വിവിധ  മണ്ഡലങ്ങളിലാണെന്ന്  ഓഫീസിലുണ്ടായിരുന്ന ഒന്നു രണ്ടു പേര്‍  പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പത്രക്കാരാണെന്നറിയിച്ചപ്പോള്‍ മാധ്യമ ചുമതലയുള്ള  പ്രദീപ് മിശ്രയുടെ നമ്പര്‍ തന്നു. അദ്ദേഹം  ഓഫീസില്‍ വരാറില്ലെന്നും വിളിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.

ബി.ജെ.പി.ക്കു വേണ്ടിയാണ് ബി.എസ്.പി. നിശ്ശബ്ദമായിരിക്കുന്നതെന്നാണ് എസ്.പി.യുടെയും  കോണ്‍ഗ്രസ്സിന്റെയും ആരോപണം.  എന്നാല്‍ എസ്.പി. ഒരു ജാതിക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ഭരണ കാലത്തെല്ലാം ബാബാ അംബേദ്കറെയും ദളിതരെയും അവര്‍ വിസ്മരിച്ചെന്നും മായാവതി തിരിച്ചടിക്കുന്നു. കോവിഡും അമ്മയുടെ മരണവുമെല്ലാം കാരണം വിശ്രമത്തിലായ താന്‍ തിരഞ്ഞെടുപ്പ് രംഗത്തില്ലെന്ന വ്യാജ പ്രചാരണം മാധ്യമങ്ങള്‍ നടത്തുന്നതായും യു.പി.യുടെ ദളിത് തലസ്ഥാനമായ ആഗ്രയില്‍  നടത്തിയ ആദ്യ റാലിയില്‍ മായാവതി ആരോപിച്ചു.

തൂക്കുസഭ വരുന്ന രീതിയിലാണ് ബി.എസ്.പിയുടെ പ്രവര്‍ത്തനമെന്നും അതിനനുസൃതമായാണ് മായാവതി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതെന്നും ബി.എസ്.പി. വൃത്തങ്ങള്‍ പറയുന്നു. തൂക്കുസഭ വന്നാല്‍ ബി.എസ്.പി. നിര്‍ണായക ശക്തിയാവുമെന്ന് ഭരണം തീരുമാനിക്കുമെന്നുമാണ് നേതാക്കളുടെ അവകാശവാദം.

2007-ല്‍ ആഗ്ര-അലിഗഢ് മേഖലയില്‍ ദളിതരെയും താക്കൂറുകളെയും ബ്രാഹ്‌മണരെയും ഒന്നിപ്പിച്ച് ബി.എസ്.പി. നടത്തിയ സാമൂഹിക ചതുരംഗക്കളി വിജയം കണ്ടിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ യു.പി.യിലെ  ബി.എസ്.പി.യുടെ ബ്രാഹ്‌മിണ്‍, താക്കൂര്‍ മുഖങ്ങളായ രംവീര്‍ ഉപാധ്യായയും ജയ്വീര്‍ സിങ്ങും ഇപ്പോള്‍ ബി.ജെ.പിയിലാണ്. എങ്കിലും മായാവതി താഴെത്തട്ടിലുള്ള കളി അറിയുന്ന ആളാണെന്നും അവരെ എഴുതിത്തള്ളാനാവില്ലെന്നും കിസാന്‍ മോര്‍ച്ച ഗവേഷണ വിഭാഗം തലവന്‍ അഭയ് സിങ് പറഞ്ഞു. ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പുകളില്‍ 26 ശതമാനം ടിക്കറ്റ് മുസ്ലിങ്ങള്‍ക്കും പിന്നാലെ പരിഗണന ഒ.ബി.സി., ദളിത് വിഭാഗങ്ങള്‍ക്കും നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

മായാവതിയുടെ വീട്

മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ യു.പി.യില്‍ എസ്.പി., ആര്‍.എല്‍.ഡി.  മഹാ സഖ്യത്തിനൊപ്പമാണെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥിയും മുസ്ലിമല്ലാത്ത മഹാസഖ്യ സ്ഥാനാര്‍ഥിയും ഉള്ള മണ്ഡലങ്ങളില്‍ ബി.എസ്.പി.യുടെ മുസ്ലിം സ്ഥാനാര്‍ഥിക്ക് മുസ്ലിങ്ങള്‍ വോട്ടു ചെയ്യുമെന്നാണ് ബി.എസ്.പി. പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ യു.പി.യില്‍ ഇത്തരം സാധ്യതകളാണ് ബി.എസ്.പി. പരീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് കാലുമാറി വന്ന പ്രമുഖ നേതാക്കളായ സല്‍മാന്‍ സയീദ്, ഇമ്രാന്‍ മസൂദിന്റെ സഹോദരന്‍ നോമാന്‍ മസൂസ് എന്നിവരെയടക്കം സ്ഥാനാര്‍ഥികളാക്കിയുള്ള തന്ത്രവും  ഇതിനായി ബി.എസ്.പി. പയറ്റുന്നു.

അതേസമയം, ബി.ജെ.പി.യുടെ ദളിത് ജാടവ് വോട്ടുകള്‍ കൈക്കലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണിക്കുറി ബി.ജെ.പി. നടത്തുന്നത്. ഇതിനായി പോഷക സംഘടനയിലെയും  ദളിത് മഹാസഭയിലെയും പ്രവര്‍ത്തകരെ സംസ്ഥാനത്തുടനീളമുള്ള  ജാടവ് വോട്ടര്‍മാരെ കാണാന്‍ നിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ സമ്പര്‍ക്ക പരിപാടിയും തുടങ്ങി, കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജാടവേതര ദളിതരെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി. നടത്തിയിരുന്നത്. ബി.എസ്.പി.യുടെ ശക്തമായ വോട്ടു ബാങ്കായ മായാവതി ഉള്‍പ്പെടുന്ന ജാടവുകളെ വശീകരിക്കാന്‍ അപ്പൊഴൊന്നും മുതിര്‍ന്നില്ല.

അംബേദ്കര്‍ മഹാസഭാ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ലാല്‍ജി നിര്‍മല്‍, മീററ്റിലെ പ്രമുഖ ദളിത് നേതാവും രാജ്യസഭ എം.പി.യുമായ കാന്താ കര്‍ദം എന്നിവരെയാണ് ജാടവ് സമ്പര്‍ക്കത്തിനായി ബി.ജെ.പി. നിയോഗിച്ചത്.  പ്രാദേശിക ദളിത് നേതാക്കളുടെ സഹായത്തോടെയുള്ള വന്‍ സമ്പര്‍ക്ക പരിപാടിയാണിവര്‍ നടത്തിയത്. സംസ്ഥാനത്തെ 21 ശതമാനത്തോളും വരുന്ന ദളിത് ജനസംഖ്യയില്‍ ഒമ്പതു ശതമാനം ജാടവും ബാക്കി 12 ശതമാനം ജാടവ് ഇതരരുമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 84 ദളിത് സംവരണ സീറ്റില്‍ 74-ലും എന്‍.ഡി.എ.യാണ് ജയിച്ചത് (ബി.ജെ.പി.-69). കഴിഞ്ഞ തവണ ജാടവിതര ദളിതരില്‍ വലിയൊരു വിഭാഗം ബി.ജെ.പി.ക്കാണ് വോട്ടു ചെയ്തതെന്നും ഇത്തവണ ജാടവ് വിഭാഗവും വോട്ടു ചെയ്യുമെന്നും ലാല്‍ജി നിര്‍മല്‍ പറഞ്ഞു. ജാടവ് വിഭാഗത്തില്‍ നിന്ന് വലിയ പ്രതികരണമാണ് സമ്പര്‍ക്ക സമയത്ത് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Uttar Pradesh Assembly Election 2022, BSP, Mayawati, BJP