റായ്ബറേലിയോട് ബി.ജെ.പിക്ക് ചിറ്റമ്മനയം- സോണിയാ ഗാന്ധി

റായ്ബറേലി (യു.പി.): റായ്ബറേലിയോട് ബി.ജെ.പി. ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യണമെന്നും റായ്ബറേലിയില്‍ നിന്നുള്ള ലോക്സഭാ എം.പി.യായ സോണിയ ജനങ്ങളോട് ആവശ്യപ്പെട്ടു. നാലാംഘട്ട വോട്ടെടുപ്പിന്റെ അവസാന ദിവസത്തെ പ്രചാരണത്തില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ സംസാരിക്കുകയായിരുന്നു സോണിയ. യു.പി. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സോണിയയുടെ ആദ്യ പ്രസംഗമാണിത്.
കോവിഡ് മഹാമാരി കൈകാര്യംചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോണിയ വിമര്‍ശിക്കുകയും ചെയ്തു. നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് യു.പി.യില്‍ നടക്കുന്നത്. അഞ്ചുവര്‍ഷമായി ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്തിട്ടില്ലെന്നും സോണിയ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ രാഷ്ടീയം ജനസേവനവും ജനങ്ങള്‍ക്ക് അവകാശം നല്കുന്നതുമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. ''ജനങ്ങള്‍ക്കായി മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന നിയമസഭാംഗത്തെ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തൊഴിലെന്ന അവകാശം നേടാനായി കോണ്‍ഗ്രസ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ബി.ജെ.പി. വെട്ടിക്കുറച്ചത് അപലപനീയമാണ്''- സോണിയ പറഞ്ഞു. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യിലേക്ക് മാറിയതിനാല്‍ റായ്ബറേലിയില്‍ കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ബുധനാഴ്ചയാണ് റായ്ബറേലിയിലെ വോട്ടെടുപ്പ്.
Content Highlights: rae bareli gets step-motherly treatment from bjp alleges sonia gandhi