ലഖിംപുര്‍ ബുധനാഴ്ച ബൂത്തിലേക്ക്

ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍നിന്ന്‌|File Photo: ANI
ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍നിന്ന്‌|File Photo: ANI

ലഖിംപുര്‍ ഖേരി (ഉത്തര്‍പ്രദേശ്): കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ മരണങ്ങളുടെ കനലെരിഞ്ഞടങ്ങാത്ത ലഖിംപുര്‍ ഖേരി ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സമരംചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറി നാലു കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് ലഖിംപുര്‍ ദേശീയശ്രദ്ധ നേടിയത്. 

മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി.ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അജയ് മിശ്രയ്ക്കും തിരിച്ചടിയാകും. 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ യോഗേഷ് വര്‍മ സമാജ്വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മ മധുറിനെ 37,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2012-ല്‍ ബി.എസ്.പി.യുടെ ഗ്യാന്‍ പ്രകാശ് ബാജ്പേയിയെ ഉത്കര്‍ഷ് വര്‍മ മധുര്‍ തോല്‍പ്പിച്ചു. ഇത്തവണ ബി.ജെ.പി. സിറ്റിങ് എം.എല്‍.എ. യോഗേഷിനെത്തന്നെയാണ് രംഗത്തിറക്കിയത്. രവിശങ്കര്‍ ത്രിവേദിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.എസ്.പി. മോഹന്‍ ബാജ്പേയും മജ്‌ലിസ് പാര്‍ട്ടിയുടെ മുഹമ്മദ് ഉസ്മാന്‍ സിദ്ദിഖിയും ആം ആദ്മിയുടെ ഖുഷി കിന്നറും രംഗത്തുണ്ട്.

നാലാംഘട്ട പ്രചാരണം അവസാനിച്ചു

ഉത്തര്‍പ്രദേശില്‍ നാലാംഘട്ടത്തിലേക്കുള്ള പ്രചാരണം തിങ്കളാഴ്ച അവസാനിച്ചു. ഒമ്പത് ജില്ലകളിലായി 59 സീറ്റിലേക്ക് 624 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ലഖ്നൗ കന്റോണ്‍മെന്റ് മണ്ഡലത്തില്‍നിന്നും ജനവിധിതേടുന്ന സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പഥക്, ലഖ്നൗ ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന മന്ത്രി അശുതോഷ് ടണ്ഠന്‍, സരോജിനി നഗര്‍ മണ്ഡലത്തില്‍ ബി.ജെ.പി രംഗത്തിറക്കിയ മുന്‍ ഇ.ഡി. ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 2017-ല്‍ ഈ 59 സീറ്റില്‍ 51 എണ്ണവും ബി.ജെ.പി.യാണ് നേടിയത്.

Content Highlights: lakhimupur to give verdict on wednesday