എഎപി പഞ്ചാബ് പിടിക്കുമോ?; എക്സിറ്റ് പോള്‍ സത്യമായാല്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരാനിരിക്കെ, പഞ്ചാബില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളൊക്കെ സൂചിപ്പിക്കുന്നത്. അത് സത്യമാകുകയും എഎപി അധികാരം പിടിക്കുകയും ചെയ്താല്‍ പറഞ്ഞറിയിക്കാനാകാത്ത പ്രതിസന്ധികളിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം പതിക്കുകയെന്നത് തീർച്ചയാണ്.
കോണ്‍ഗ്രസിന് മികച്ച അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുള്ള സംസ്ഥാനം. എന്നാല്‍ പഞ്ചാബിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് പഞ്ചാബില്‍ വലിയ തിരിച്ചടി നല്‍കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ സൂചന.
കടുത്ത ബിജെപി വിരുദ്ധ തരംഗം നിലനില്‍ക്കുന്ന പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഭഗവന്ത് മന്‍ ആണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മറുവശത്ത് കോണ്‍ഗ്രസിന്റെ ചര്‍ണജിത് ചന്നിയും എന്‍ഡിഎയുടെ അമരീന്ദര്‍ സിങ്ങും.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. അവിടെ നിന്നും ഇന്നത്തെ അവസ്ഥയിലെത്തിയത് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. പഞ്ചാബില്‍ തിരിച്ചടി നേരിട്ടാല്‍ വളരെയധികം ജനസമ്മതിയുള്ള നേതാവായ അമരീന്ദര്‍ സിങിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും പരാജയമായി വിലയിരുത്തപ്പെടും.
പഞ്ചാബ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ആകെ സീറ്റ് : 117
ആക്‌സിസ് മൈ ഇന്ത്യ
ആം ആദ്മി പാര്‍ട്ടി : 76-90
കോണ്‍ഗ്രസ് : 19-31
ശിരോമണി അകാലി ദള്‍ : 7-11
എന്‍ഡിഎ : 1-4
സീ-വോട്ടര്‍
ആം ആദ്മി പാര്‍ട്ടി : 51-61
കോണ്‍ഗ്രസ് : 22-28
ശിരോമണി അകാലി ദള്‍ : 22-26
എന്‍ഡിഎ : 7-13
റിപബ്ലിക് ടി വി
ആം ആദ്മി പാര്‍ട്ടി : 62-70
കോണ്‍ഗ്രസ് : 23-31
ശിരോമണി അകാലി ദള്‍ : 16-24
എന്‍ഡിഎ : 1-3
പോള്‍സ്ട്രാറ്റ്
ആം ആദ്മി പാര്‍ട്ടി : 56-61
കോണ്‍ഗ്രസ് : 24-29
ശിരോമണി അകാലി ദള്‍ : 22-26
എന്‍ഡിഎ : 3-7
ടുഡെയ്‌സ് ചാണക്യ
ആം ആദ്മി പാര്‍ട്ടി : 100
കോണ്‍ഗ്രസ് : 10
ശിരോമണി അകാലി ദള്‍ : 6
എന്‍ഡിഎ : 1
Content Highlights: exit poll point towards aap victory in punjab assembly elections