മണിപ്പുരില്‍ വാഗ്ദാനപ്പെരുമഴയുമായി ബി.ജെ.പി.

#ഇംഫാലില്‍നിന്ന് ടി.എസ്. കാര്‍ത്തികേയന്‍
ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം നേതാക്കള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ I Photo: ANI
ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം നേതാക്കള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ I Photo: ANI

ഇംഫാല്‍: പഠനമികവുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഇരുചക്രവാഹനം, പ്‌ളസ്ടു നല്ല മാര്‍ക്കില്‍ ജയിക്കുന്നവര്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, സംസ്ഥാനത്ത് 'എയിംസ്' ശാഖ തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളുമായി ബി.ജെ.പി.യുടെ മണിപ്പുര്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രിക.

ഇംഫാലില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ബി.ജെ.പി. സംസ്ഥാനാധ്യക്ഷ എ. ശാരദാദേവി, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സാംബിത് പത്ര, മന്ത്രി ടി. ബിശ്വജിത് തുടങ്ങിയവരും പങ്കെടുത്തു.

പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ പാചകവാതക സിലിന്‍ഡറുകള്‍, പിന്നാക്കവിഭാഗത്തിലെയും സാമ്പത്തിക പിന്നാക്കവിഭാഗത്തിലെയും വിദ്യാര്‍ഥിനികള്‍ക്ക് 25,000 രൂപയുടെ സാമ്പത്തികസഹായം എന്നിവയും വാഗ്ദാനമുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ 200 രൂപയില്‍നിന്ന് 1000 രൂപയാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ 25 ലക്ഷം വരെ പലിശരഹിത വായ്പ നല്‍കാന്‍ 100 കോടിയുടെ ഫണ്ട് നീക്കി വെക്കും. 'ഫോളോ ഫുട്ഹില്‍സ്' പദ്ധതി പ്രകാരം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ തീവണ്ടി ഗതാഗതം ആരംഭിക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി പ്രകാരമുള്ള വാര്‍ഷിക കര്‍ഷകസഹായം 6000 രൂപയില്‍ നിന്ന് 8000 രൂപയാക്കും.

Content Highlights: Manipur Assembly Election 2022 BJP

Content Highlights: