കൂറുമാറില്ല, ഇത് സത്യം! മണിപ്പൂരിലും സ്ഥാനാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്

പനജി: കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവയക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. ഇഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാര്‍ഥികള്‍ തുടര്‍ന്ന് ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, മുസ്ലീം പള്ളി എന്നിവിടങ്ങളിലെത്തി പ്രതിജ്ഞ എടുത്തു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു. 2017ലെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനേത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നത്.
കോണ്‍ഗ്രസ് മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്നും അതിനാലാണ് വിവിധ സമുദായങ്ങളുടെ പ്രധാന ആരാധനാലയങ്ങളിലെത്തി പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചതെന്നും കംഗ്ല കോട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇബോബി സിങ് പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ജനവിധിയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്ന് ഭക്ത ചരണ്‍ ദാസും പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പില്‍ ചില എംഎല്‍എമാര്‍ കൂറുമാറി ജനവിധിയെ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗോവയില്‍ കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുപ്പിച്ചിരുന്നു. ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും തങ്ങളുടെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുമെന്നാണ് സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്.
Content Highlights: After Goa, Manipur Congress' 'Loyalty Oath' In Temple, Mosque And Church
Content Highlights: