എ.ബി. വാജ്പേയിയുടെ ഓര്‍മയില്‍ ഈ 'അടല്‍ ബിഹാരി വാജ്പേയി'

#പ്രകാശന്‍ പുതിയേട്ടി
അടല്‍ ബിഹാരി വാജ്പേയി| ഫോട്ടോ: പി.ജി ഉണ്ണിക്കൃഷ്ണന്‍
അടല്‍ ബിഹാരി വാജ്പേയി| ഫോട്ടോ: പി.ജി ഉണ്ണിക്കൃഷ്ണന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ എട്ടു കര്‍ഷകര്‍ കൊല്ലപ്പെട്ട സ്ഥലമാണ് ടിക്കുനിയ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ സ്വദേശമായ നിഘാസനിലാണിത്. നേപ്പാളിന്റെ അതിര്‍ത്തി പ്രദേശം. ഇത്തവണ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ബി.ജെ.പി. സ്ഥാനാര്‍ഥിയാവാനിരുന്ന മണ്ഡലമാണിത്. എന്നാല്‍ ആശിഷ് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 

നിഘാസനില്‍ നിന്ന് ലഖ്നൗവിലേക്ക് വരുംവഴി വോട്ടര്‍മാരുടെ അഭിപ്രായം തേടുന്നതിനിടയിലാണ് വഴിയരികിലെ 'ഹിന്ദുസ്ഥാന്‍ സാനിറ്ററി വെയേഴ്സ്' കടയുടെ മുന്നില്‍ കുറേപ്പേര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടത്. അരികിലേക്ക് ചെന്ന് കേരളത്തിലെ പത്രക്കാരനാണെന്നു പരിചയപ്പെടുത്തി, നിഘാസനില്‍ ആരു ജയിക്കുമെന്നു ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരേ സ്വരം- 'ബി.ജെ.പി.' എല്ലാവരും ബി.ജെ.പി. അനുഭാവികളും നരേന്ദ്രമോദി-യോഗി ആദിത്യനാഥ് ഭക്തരുമാണ്. പേരു ചോദിച്ചപ്പോള്‍ ആദ്യത്തെയാള്‍ പറഞ്ഞു- 'അടല്‍ ബിഹാരി വാജ്പേയി'. സംശയിച്ച് വീണ്ടും ചോദിച്ചപ്പോള്‍ ആവര്‍ത്തിച്ചു. 'അടല്‍ ബിഹാരി വാജ്പേയി' തന്നെ. നമ്മുടെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയുടെ അതേ പേര്. കേരളത്തിലെ ഒരാളുടെ അത്ഭുതം കണ്ടപ്പോള്‍ വാജ്പേയി ആധാര്‍ കാര്‍ഡ് എടുത്തു കാട്ടി പറഞ്ഞു- അച്ഛന് വാജ്പേയിയെ വലിയ ബഹുമാനമായിരുന്നു, അതാണ് ഈ പേരിടാന്‍ കാരണം. പരേതനായ സീതല പ്രസാദ് വാജ്പേയിയുടെയും ശകുന്തള ദേവിയുടെയും മകനാണ് ഈ വാജ്പേയി. ആറു മക്കളിലെ ഏക ആണ്‍തരി. ഭാര്യ അനുരാധ വാജ്പേയി. മൂന്നു മക്കള്‍. രണ്ടു പെണ്‍മക്കളും ഒരാണും.

അടല്‍ ബിഹാരി വാജ്പേയി ആ കടയില്‍ തന്നെ 36 വര്‍ഷമായി തൊഴിലാളിയാണ്. ഇപ്പോള്‍ 48 വയസ്സുണ്ട്. കടുത്ത ബി.ജെ.പി. അനുഭാവി. എല്ലായ്പ്പോഴും വോട്ടു ചെയ്തത് ബി.ജെ.പി.ക്ക്. 'വാജ്പേയിയെ നേരിട്ടു കാണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പറ്റിയില്ല. അതാണ് സങ്കടം'- അടല്‍ ബിഹാരി വാജ് പേയി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാജ്പേയി പറഞ്ഞു: 'ഫലം വന്നാല്‍ വിളിക്കണം, കേട്ടോ. ബാബാജി (യോഗി ആദിത്യ നാഥ്) ഇവിടെ വന്‍ഭൂരിപക്ഷത്തോടെ ജയിക്കും'. കാറിലിരുന്നപ്പോഴാണാലോചിച്ചത്- ഫോണ്‍ നമ്പര്‍ വാങ്ങാതെ ആര് എങ്ങിനെ വിളിക്കും.

Content Highlights: