ടി.ഐ.എഫ്.ആര്‍; ബയോളജിയില്‍ ഗവേഷണം, ഇപ്പോള്‍ അപേക്ഷിക്കാം

ആറ്റോമിക് എനര്‍ജി വകുപ്പിന്റെ കീഴിലുള്ള കല്പിതസര്‍വകലാശാലയായ, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്‍) ഹൈദരാബാദ് കാമ്പസിലെ ബയോളജി സബ്‌ജെക്ട് ബോര്‍ഡ് നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഇന്റര്‍ ഡിസിപ്ലിനറി സമീപനമാണ് സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നത്. പ്രത്യേക ഡിപ്പാര്‍ട്ടുമെന്റില്ലാത്ത തരത്തിലുള്ള ഘടന, ഓപ്പണ്‍ലാബ് സംസ്‌കാരം, കോഴ്‌സ് തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം, സ്ഥാപനത്തിലെ ഏതു ലാബിലും പ്രവര്‍ത്തിക്കാനുള്ള അനുവാദം എന്നിവയൊക്കെ ടി.ഐ.എഫ്.ആറിന്റെ പ്രത്യേകതകളാണ്.
പ്രോഗ്രാം കാലാവധി അഞ്ചുവര്‍ഷമാണ്. കോഴ്‌സ് വര്‍ക്ക്; രണ്ടുവര്‍ഷത്തിനകമോ സബ്‌ജെക്ട് ബോര്‍ഡ് വ്യവസ്ഥകള്‍ പ്രകാരമോ പൂര്‍ത്തിയാക്കണം. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്യണം. ടി.ഐ.എഫ്.ആര്‍ പ്രവേശനം നേടിയശേഷം രണ്ടുവര്‍ഷത്തെ റെഡിസന്‍ഡി കാലയളവ് തീസിസ് സമര്‍പ്പിക്കാന്‍ നിര്‍ബന്ധമാണ്.
തുടക്കത്തില്‍, പ്രതിമാസ സ്‌കോളര്‍ഷിപ്പ് 31,000 രൂപ. പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ഇത് 35,000 രൂപയായി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം കണ്ടിന്‍ജന്‍സി ഗ്രാന്റ് 40,000 രൂപയാണ്.
യോഗ്യത: ഫിസിക്‌സ്/കെമിസ്ട്രി/ബയോളജിയിലെ ഏതെങ്കിലും ശാഖ എന്നിവയിലൊന്നില്‍ എം.എസ്‌സി. ബിരുദമോ, എം.ഫാം, എം.ടെക്. പോലുള്ള പ്രൊഫഷണല്‍ മാസ്റ്റേഴ്‌സ് ബിരുദമോ, കുറഞ്ഞത് നാലുവര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെ നേടിയ സര്‍വകലാശാലാ ബിരുദമോ (എം.ബി.ബി.എസ്/ബി.ഡി.എസ് പോലെ) വേണം.
ബയോളജിക്കല്‍ സയന്‍സസ്/എന്‍ജിനിയറിങ്ങില്‍ സി.എസ്.ഐ.ആര്‍ യു.ജി നെറ്റ് 2023 (ജെ.ആര്‍.എഫ് യോഗ്യത) അല്ലെങ്കില്‍ ഡി.ബി.ടി ബി.ഇ.ടി 2023 (ജെ.ആര്‍.എഫ് യോഗ്യത) പരീക്ഷായോഗ്യത വേണം. അപേക്ഷ https://www.tifrh.res.in/ ല്‍ (നോട്ടീസിലുള്ള പ്രവേശന വിജ്ഞാപന ലിങ്ക് വഴി) ഓഗസ്റ്റ് 20 വരെ നല്‍കാം. സഹായങ്ങള്‍ക്ക്- https://gsadmissions.tifrh.res.in/applicants/
Content Highlights: Ph.d in Tata Institute of Fundamental Research, apply now