നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്

#ഡോ. എസ്. രാജൂകൃഷ്ണൻ
Photo: National Insurance Academy
Photo: National Insurance Academy

കേന്ദ്ര ധനകാര്യമന്ത്രാലയവും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും സംയുക്തമായി സ്ഥാപിച്ചിട്ടുള്ള മാനേജ്‌മെന്റ് സ്ഥാപനമായ, പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി, 2024-26 ലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇൻഷുറൻസ്, പെൻഷൻ, അനുബന്ധമേഖലകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പഠനം, ഗവേഷണം, പബ്ലിക്കേഷൻ, കൺസൾട്ടൻസി എന്നീ മേഖലകളിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മാനേജ്മെന്റ്, ഇൻഷുറൻസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചുനടത്തുന്ന രണ്ടു വർഷത്തെ റെസിഡൻഷ്യൽ പ്രോഗ്രാം, എ.ഐ.സി.ഇ.ടി. അംഗീകാരം ഉള്ളതാണ്.

പാഠ്യപദ്ധതിയിൽ 60 ശതമാനം ഭാഗം ഫൈനാൻസ്, ഹ്യൂമൺ റിസോഴ്‌സ്, മാർക്കറ്റിങ്, അനലറ്റിക്സ് ആൻഡ് ടെക്‌നോളജി എന്നിവയുമായും 40 ശതമാനം, ജനറൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, റീ-ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയവയുമായും ബന്ധപ്പെട്ടുള്ളതാണ്. കോഴ്‌സിന്റെ ഭാഗമായി എട്ട് ആഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പും ഉണ്ടാകും.

കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം 50 ശതമാനം മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്‌സിന്റെ അന്തിമവർഷപ്പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 30-നകം ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം.

അപേക്ഷകർക്ക് കാറ്റ് 2023/എക്സ്.എ.ടി. 2024/സിമാറ്റ് 2024-നിശ്ചിത പെർസന്റൈൽ സ്കോർവേണം. മുൻ അക്കാദമിക് മികവ് (10, 12 ക്ലാസുകൾ, ബിരുദം), കാറ്റ് 2023/സാറ്റ് 2024/സിമാറ്റ് 2024 സ്കോർ, ഗ്രൂപ്പ് ഡിസ്‌കഷൻ/പഴ്‌സണൽ ഇൻർവ്യൂമികവ് (റിട്ടൺ ഇംഗ്ലീഷ് പ്രാഗല്‌ഭ്യം ഉൾപ്പെടെ) എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

അപേക്ഷ മാർച്ച് 15 വരെ niapune.org.in ലെ ‘പി.ജി.ഡി.എം. അഡ്മിഷൻ 2024’ ലിങ്ക് വഴി നൽകാം. പ്രോഗ്രാം ഫീസ് രണ്ടു വർഷത്തേക്ക് 11 ലക്ഷം രൂപയാണ്. പ്രതിവർഷം ഒരുലക്ഷം രൂപയുടെ ഒൻപത് സ്കോളർഷിപ്പുകൾ, മികവുകാട്ടുന്നവർ, വനിതകൾ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർ എന്നിവർക്ക് നൽകുന്നുണ്ട്.

Content Highlights: National Insurance Academy, management, Fees, Cut off, Courses, Admission 2024