സ്‌കോളര്‍ഷിപ്പോടെ സയന്‍സ് പഠിക്കാം; നെസ്റ്റ് ജൂണ്‍ 14ന്

റ്റമിക് എനര്‍ജി വകുപ്പിന്റെ രണ്ടു മുന്‍നിര ദേശീയസ്ഥാപനങ്ങളില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം (അഞ്ചുവര്‍ഷം) പ്രവേശനത്തിന് നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) ജൂണ്‍ 14ന്. 

ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിസര്‍ 200 സീറ്റ്), മുംബൈ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (യു.എം. ഡി.എ.ഇ. സി.ഇ.ബി.എസ്.-57 സീറ്റ്) എന്നീ സ്ഥാപനങ്ങളിലെ അടിസ്ഥാനശാസ്ത്രവിഷയങ്ങളിലെ മാസ്റ്റേഴ്‌സ് പഠനമാണ് നെസ്റ്റിന്റെ പരിധിയില്‍വരുന്നത്.

ഡി.എസ്.ടി. ഇന്‍സ്‌പെയര്‍ഷീ/ഡി.എ.ഇ. ദിശ പദ്ധതികളില്‍ ഒന്നുവഴി വര്‍ഷം 60,000 രൂപ സ്‌കോളര്‍ഷിപ്പും 20,000 രൂപ സമ്മര്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും.

സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു പഠിച്ച് മൊത്തം 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം) 2019ലോ 2020ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവര്‍, ഈ പരീക്ഷ 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാര്‍ഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്.

നെസ്റ്റ് ഓണ്‍ലൈന്‍/കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ജൂണ്‍ 14ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതല്‍ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതല്‍ ആറുവരെ) നടത്തും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍നിന്ന് 50 മാര്‍ക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഈ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്‌കോര്‍ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങള്‍ക്കും പ്രത്യേകം റാങ്ക് പട്ടികകള്‍ തയ്യാറാക്കും. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ www.nestexam.inല്‍ ഉണ്ട്. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, സിലബസ് എന്നിവയും ഉണ്ട്. കേരളത്തില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

അപേക്ഷ വെബ്‌സൈറ്റ് വഴി ഫെബ്രുവരി 24 മുതല്‍ ഏപ്രില്‍ 30 വരെ നല്‍കാം. അപേക്ഷാഫീസ് 1200 രൂപ. പെണ്‍കുട്ടികള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 600 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: NEST exam on June 14, Scholarship

Content Highlights: