നാല് വര്‍ഷ ബി.എഡ്: ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് ജൂലായ് 19 വരെ അപേക്ഷിക്കാം

Representational Image | Photo: freepik.com
Representational Image | Photo: freepik.com

ന്യൂഡല്‍ഹി: ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വര്‍ഷത്തെ ബി.എഡ് കോഴ്സായ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് (ITPE)ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആയിരിക്കും കോഴ്‌സ് നടത്തുക. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ (NCET)അടിസ്ഥാനത്തിലാണ് പ്രവേശനം. ഭാഷ അഭിരുചി, ജനറല്‍ ടെസ്റ്റ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമെയ്ന്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഭാഗങ്ങളിലായി 160 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. ജൂലായ് 19 ന് രാത്രി 11.30 ന് മുന്‍പായി അപേക്ഷിക്കണം. ജൂലായ് 20, 21 തിയ്യതികളില്‍ തെറ്റു തിരുത്താന്‍ അവസരമുണ്ട്. പരീക്ഷാതീയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിവരങ്ങള്‍ക്ക്: https://ncet.samarth.ac.in

രാജ്യത്തെ 178 നഗരങ്ങളിലായി 13 ഭാഷകളിലാണ് പ്രവേശന പരീക്ഷ നടക്കുക. മലയാളത്തിലും പരീക്ഷ എഴുതാന്‍ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍, എന്‍.ഐ.ടി, ഐഐ.ടി അടക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് കോഴ്‌സുകള്‍ ഉണ്ടാവുക. 

ബിരുദ കോഴ്സിനൊപ്പം ഒരു വര്‍ഷം ബി.എഡ് കോഴ്സും ചേര്‍ന്നാലാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. നിലവില്‍ രണ്ടു വര്‍ഷത്തെ കോഴ്സാണ് ബി.എഡ്. കോഴ്സിന് ഇടയില്‍ പഠനം നിര്‍ത്താനുള്ള എക്സിറ്റ് സംവിധാനം ഈ പുതിയ കോഴ്സിനുണ്ടാവും. നിലവിലെ രണ്ട് വര്‍ഷത്തെ കോഴ്സ് നിര്‍ത്തുന്നില്ല. പിജി ക്ക് ശേഷം പഠിക്കാനായി ഒരു വര്‍ഷത്തെ ബി.എഡ് കോഴ്സ് ആരംഭിക്കാനും സാധ്യതയുണ്ട്. 


 

Content Highlights: NTA NCET notification 2023,BEd Alternative, Four-Year Integrated BEd