ഹോമി ബാബ സെന്ററിൽ ഫിസിക്സ് എൻ.ഐ.യു.എസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Physics NIUS Laboratory Session | Pic Credit: nius.hbcse.tifr.res.in
Physics NIUS Laboratory Session | Pic Credit: nius.hbcse.tifr.res.in

ബിരുദതല ഫിസിക്സ് വിദ്യാർഥികൾക്കുള്ള നാഷണൽ ഇനിഷ്യേറ്റീവ് ഓൺ അണ്ടർ ഗ്രാജ്വേവേറ്റ് സയൻസ് (എൻ.ഐ.യു.എസ്.) പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി(ടി.ഐ.എഫ്.ആർ.)ലെ ഹോമി ബാബ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ജൂൺമുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ ഒഴിവുകാലങ്ങളിൽ കേന്ദ്രത്തിൽ വന്ന് പ്രോജക്ടുകൾ ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു.

യോഗ്യത

ബിരുദ ആദ്യവർഷ വിദ്യാർഥിയാകണം. ഫിസിക്സ് ഒരു വിഷയമായി പഠിക്കുന്ന ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്); ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/എൻജിനിയറിങ് ഫിസിക്സ്, ഇവയിലെ നാല് വർഷ ബി.എസ്./ബി.ടെക്. /ബി.ഇ.; ഫിസിക്സ് ഒരു വിഷയമായി പഠിക്കുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്./എം.എസ്‌സി. എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്നവർ, ഫിസിക്സിൽ അതീവ താത്‌പര്യമുള്ള എൻജിനിയറിങ്/ടെക്നോളജിയിലെ ഏതെങ്കിലും ബ്രാഞ്ചിൽ നാല്/അഞ്ച് വർഷ ബി.ടെക്./ബി.ഇ. പ്രോഗ്രാമിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. 10, 12 ക്ലാസുകളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടണം.

പ്രവേശനം

10, 12 ക്ലാസുകളിലെ മികവ്, രണ്ട് റഫറികളുടെ ശുപാർശകൾ, 250 വാക്കിൽ കവിയാതെയുള്ള ഗവേഷണ വികസന മേഖലയിലെ താത്‌പര്യം വ്യക്തമാക്കുന്നതും ന്യായീകരിക്കുന്നതുമായ കുറിപ്പ്, കെ.വി.പി.വൈ./ഇൻസ്പെയർ/നാഷണൽ ഗ്രാജ്വേറ്റ് ഫിസിക്സ് എക്സാമിനേഷൻ/ഓറിയന്റേഷൻ കം സെലക്‌ഷൻ ക്യാമ്പ്/ ഇന്റർനാഷണൽ ഒളിമ്പ്യാഡ് തുടങ്ങിയ നേട്ടങ്ങൾ തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക മാർച്ച് 25-ന് പ്രസിദ്ധീകരിക്കും.

പ്രോജക്ട് ചെയ്യാം

ആദ്യ ക്യാമ്പ് ഹോമിബാബ സെന്ററിൽ ജൂൺ മൂന്നുമുതൽ 19 വരെ നടത്തും. ഇതിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്നുള്ള ക്യാമ്പുകളിൽ ഒരു മെന്ററുടെ മേൽനോട്ടത്തിൽ പ്രോജക്ട് വർക്ക് ചെയ്യണം.

അപേക്ഷ

https://nius.hbcse.tifr.res.in -ലുള്ള പ്രോഗ്രാം ലിങ്ക് വഴി ഫെബ്രുവരി 20-നകം നൽകണം. ലിങ്കിലുള്ള ഫോറം ഡൗൺലോഡുചെയ്തെടുത്ത് ഓഫ് ലൈനായും അപേക്ഷിക്കാം.

Content Highlights: Apply now for National Initiative on Undergraduate Science of HBCSE

Content Highlights: