ഐ.ഐ.ടി മദ്രാസിലും കാൺപൂർ വെബ്സൈറ്റിലും സുരക്ഷാവീഴ്ച, ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി യുവാവ്

ചെന്നൈ: ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌തുവെന്ന അവകാശവാദവുമായി യുവാവ്. പ്രവേശന നടപടികളിലെ അപാകതകൾ ചൂണ്ടിക്കാണിക്കാനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനുമാണ് ഹാക്ക് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നു.
ഐ.ഐ.ടി മദ്രാസിന്റെ ബാച്ചിലർ ഓഫ് സയൻസ് ഇൻ സൈബർ സെക്യൂരിറ്റി കോഴ്‌സിലേക്ക് ഇയാൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷാ ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകളും സൈബർ സുരക്ഷാരംഗത്തെ മുൻ പരിചയവും സമർപ്പിക്കുകയും ചെയ്തെങ്കിലും തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്തില്ലെന്നാണ് ആരോപണം.
തിരഞ്ഞെടുക്കപ്പെട്ട പല ഉദ്യോഗാർഥികളേക്കാൾ മെച്ചപ്പെട്ട യോഗ്യത തനിക്കുണ്ടെന്നും പ്രവേശനത്തിന്റെ ഭാഗമായുള്ള ക്യാപ്ചർ ദി ഫ്ലാഗ് ചലഞ്ചുകൾ പൂർത്തിയാക്കാൻ ചിലർക്ക് കഴിയാത്തതിനാൽ എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
ഹാക്കിങ്ങിലൂടെ ഐ.ഐ.ടി മദ്രാസിന്റെയും കാൺപൂരിന്റെയും അഡ്മിനിസ്ട്രേറ്റീവ് സെർവറുകൾ, ഡാറ്റാബേസ്, പെയ്‌മെന്റ് സിസ്റ്റം, അപേക്ഷകരുടെ വിവരങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. വെബ്‌സൈറ്റുകളിൽ സുരക്ഷാ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻപ് ഇമെയിൽ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
സംഭവം നടന്ന് തൊട്ടുപിന്നാലെ വെബ്‌സൈറ്റുകളിൽ '502 Bad Gateway' എറർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് സൈബർ അക്രമത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഹാക്കിങ്ങിനെ ഒരു വിഭാഗം ശക്തമായി എതിർക്കുമ്പോൾ, നിലവിലെ പ്രവേശന രീതിയിലെ പോരായ്മകളാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് മറ്റുള്ളവരുടെ വാദം.
Content Highlights: A youth claimed to have hacked the administrative servers and payment systems of IIT Madras and IIT Kanpur to highlight alleged irregularities and seat vacancies in their Cyber Security admissions process.