2012ൽ വിദ്യാർഥി, ഇപ്പോൾ അധ്യാപകൻ; വഴികാട്ടിയായി അനസ് മാഷുണ്ട്, പോളിയിലെ കുട്ടികൾ വേറെ ലെവലാണ്

#എൻ. സൗമ്യ
വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ കംപ്യൂട്ടർ എൻജിനിയറിങ് (ഹിയറിങ് ഇംപയേഡ്) വിഭാഗത്തിലെ ലാബിൽ അധ്യാപകരായ അനസ് റഹ്മാൻ (ഇടത്), വി. സന്ധ്യ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം
വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ കംപ്യൂട്ടർ എൻജിനിയറിങ് (ഹിയറിങ് ഇംപയേഡ്) വിഭാഗത്തിലെ ലാബിൽ അധ്യാപകരായ അനസ് റഹ്മാൻ (ഇടത്), വി. സന്ധ്യ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ കംപ്യൂട്ടർ എൻജിനിയറിങ് (ഹിയറിങ് ഇംപയേഡ്) വിഭാഗത്തിലെത്തിയാൽ കാണാം അനസ് മാഷിനെയും കുട്ടികളെയും. 2012-ൽ വിദ്യാർഥിയായാണ് അനസ് ഇവിടെ ആദ്യമെത്തിയത്. ഇപ്പോൾ അതേയിടത്ത് ഗസ്റ്റ് അധ്യാപകൻ. പോളിയിലെ ലക്ചറർ തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയിൽ ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ അനസ് റഹ്മാൻ വൈകാതെ ഇവിടെ ലക്ചറർ ആവും. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു നേട്ടം.

ഹിയറിങ് ഇംപയേഡ് (എച്ച്.ഐ.) ബാച്ചിൽ 15 കുട്ടികളാണുള്ളത്. എല്ലാവരും 60 ശതമാനത്തിനുമേൽ കേൾവിക്കുറവുള്ളവർ. കോഴിക്കോടിനുപുറമെ തിരുവനന്തപുരം (കംപ്യൂട്ടർ എൻജിനിയറിങ്), എറണാകുളം (സിവിൽ) എന്നിവിടങ്ങളിലാണ് എച്ച്.ഐ. ബാച്ചുള്ളത്. കോഴിക്കോട് കഴിഞ്ഞ രണ്ടുവർഷവും 100 ശതമാനമാണ് പ്ലേസ്‌മെന്റ്.

അരക്കിണർ സ്വദേശിയായ അനസ് പോളി പഠനത്തിനുശേഷം എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി. താത്കാലിക അധ്യാപകൻ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, തിരുവനന്തപുരം ടെക്‌നോപാർക്കിലെ സിഡാക്കിൽ ഡെവലപ്പർ എന്നിങ്ങനെ ജോലിചെയ്തു. “ഞാൻ പഠിപ്പിക്കുന്ന കുട്ടികളെല്ലാം സന്തോഷത്തിലാണ്. അവരും ഞാനും ഒരുപോലെയാണെന്നത് മാത്രമല്ല, അവരെ പഠിപ്പിക്കുന്നത് പൂർണമായും ആംഗ്യഭാഷയിലാണല്ലോ. എങ്ങനെയാണ് ജോലികിട്ടിയത്. എവിടെവരെ പഠിച്ചു തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ടവർക്ക്” -അനസ് സന്തോഷം പങ്കിടുമ്പോൾ വിദ്യാർഥികളെല്ലാം ആത്മവിശ്വാസത്തിലാണ്.

തൊഴിൽനേടുന്നുവെന്ന് മാത്രമല്ല, മൂന്നുവർഷമായി ടെക് ഫെസ്റ്റും നടത്തുന്നുണ്ട്. ഇത്തവണത്തെ ഫെസ്റ്റോടെ സംസ്ഥാനത്തെ ആദ്യ ആംഗ്യഭാഷാ സൗഹൃദകാംപസായി വെസ്റ്റ്ഹിൽ പോളി മാറുമെന്നും എച്ച്.ഐ. വിഭാഗം മേധാവിയുടെ ചുമതലയുള്ള വി. സന്ധ്യ പറഞ്ഞു.

Content Highlights: west hill politechnic college teacher anas and students