വയനാട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് അധ്യയനം തുടങ്ങി; ആദ്യ ബാച്ചിൽ ഇടം നേടിയതിൻ്റെ സന്തോഷത്തിൽ അഖിലയും

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യദിനം ക്ളാസെടുക്കുന്ന കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. റോഷ്നി
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യദിനം ക്ളാസെടുക്കുന്ന കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. റോഷ്നി

മാനന്തവാടി: മകൾ അഖിലക്കൊപ്പം വയനാട് ഗവ. മെഡിക്കൽ കോളേജിലെത്തുമ്പോൾ മാനന്തവാടി ടൗണിലെ ഓട്ടോഡ്രൈവർ കല്ലുമൊട്ടംകുന്നിലെ വിനോദിനും ഭാര്യ മജിതയ്ക്കും എന്തെന്നില്ലാത്ത സന്തോഷമുണ്ടായിരുന്നു. മാനന്തവാടി എംജിഎം സ്കൂളിൽനിന്നാണ് അഖില പത്താംതരവും പന്ത്രണ്ടാംക്ലാസും പൂർത്തിയാക്കിയത്. ജില്ലയിലെ മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ചിൽ മകൾക്ക് പ്രവേശനംനേടാനായതിന്റെ സന്തോഷം. സാധാരണ കുടുംബ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഇവർ മകൾ നാളെയുടെ ഡോക്ടറാവുന്നത് ഇന്നേ മനസ്സിൽ കണ്ടുതുടങ്ങി.

‘മെഡിക്കൽ കോളേജായിട്ട് ഏറെനാളായി. അവസാനം ഇപ്പോൾ അംഗീകാരംലഭിച്ചു. ആദ്യബാച്ചിൽത്തന്നെ മോൾക്ക് പ്രവേശനം ലഭിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷം’ -വിനോദിന്റെ വാക്കുകളിൽ അളവറ്റ സന്തോഷം. ജില്ലാ ആശുപത്രിയെ മെ‍ഡിക്കൽ കോളേജായി ഉയർത്തിയിട്ട് ഏറെനാളായിരുന്നെങ്കിലും പഠിപ്പിക്കുന്ന സംവിധാനം എത്തിയിരുന്നില്ല. വേഗത്തിൽത്തന്നെ അധ്യയനംതുടങ്ങിയതിനും മോൾക്ക് ഇവിടെത്തന്നെ പഠിക്കാനായതിലും സന്തോഷം.” -വിനോദിനൊപ്പം മജിതയും ചേർന്നു. അഖിലയ്ക്കുപുറമേ വയനാട്ടിൽനിന്ന്‌ മറ്റുരണ്ടുപേരും മെഡിക്കൽ കോളേജിലെ ആദ്യബാച്ചിലുണ്ട്.

വയനാട്ടുകാരുടെ ദീർഘകാലമായുള്ള സ്വപ്നമായിരുന്നു ജില്ലയ്ക്ക്‌ സ്വന്തം മെഡിക്കൽ കോളേജെന്നത്. 2021-ൽ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും കഴിഞ്ഞമാസമാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചത്. 50 സീറ്റ്‌ അനുവദിച്ചിരുന്നെങ്കിലും 40 പേരാണ് ആദ്യവർഷം പ്രവേശനംനേടിയത്. ഏഴുസീറ്റ്‌ നീക്കിവെച്ച അഖിലേന്ത്യാ ക്വാട്ടയിൽ നാലുപേരും സംസ്ഥാനക്വാട്ടയിൽനിന്ന്‌ 36 പേരുമാണ് പ്രവേശനംനേടിയത്. മെഡിക്കൽ കോളേജിനോടുചേർന്ന്‌ നിർമിച്ച ആറുനിലക്കെട്ടിടത്തിലാണ് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചാംനിലയിലാണ് ക്ലാസ്‌മുറി.

115 അധ്യാപകതസ്തികകളും 25 അനധ്യാപകതസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ മെഡിക്കൽ കോളേജിനായി സൃഷ്ടിച്ചിരുന്നു. ആദ്യദിനമെത്തിയ വിദ്യാർഥികളെ എസ്എഫ്ഐ പ്രവർത്തകർ മധുരംനൽകി സ്വീകരിച്ചു.