വിഐടി എൻജിനീയറിങ് പ്രവേശന പരീക്ഷ, ഏപ്രിൽ 27 മുതൽ; അപേക്ഷകൾ ക്ഷണിച്ചു

#Education desk

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി.) 2027 അക്കാദമിക് വർഷത്തേക്കുള്ള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ VITEEE 2027-യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമെ ഗുണമേന്മയുള്ള അണ്ടർഗ്രാജ്വേറ്റ് എഞ്ചിനീയറിങ് കോഴ്സുകൾ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ viteee.vit.ac.in വഴി അപേക്ഷിക്കാം.

പ്രധാന തീയതികൾ

  • രജിസ്ട്രേഷൻ തുടക്കം: ഒക്ടോബർ 20

  • അവസാന തീയതി: 2027 മാർച്ച് 31

  • അഡ്മിറ്റ് കാർഡ്: 2027 ഏപ്രിൽ 25 - 30 (താത്കാലികം)

  • പരീക്ഷാ തീയതി: 2027 ഏപ്രിൽ 27 - മേയ് 2 (താത്കാലികം)

  • ഫലപ്രഖ്യാപനം: 2027 മേയ് രണ്ടാം വാരം (താത്കാലികം)

  • ഓൺലൈൻ കൗൺസിലിങ്: 2027 മേയ് രണ്ടാം വാരം (താത്കാലികം)

യോഗ്യത

2025, 2026 വർഷങ്ങളിൽ പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 2027-ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. SC/ST വിഭാഗക്കാർക്കും ജമ്മു കശ്മീർ, ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും 50% മാർക്ക് മതിയാകും.

പരീക്ഷാ രീതിയും മാർക്കിങ് രീതിയും

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (സി.ബി.ടി.) 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും:

  • മാത്തമാറ്റിക്സ് / ബയോളജി: 40 ചോദ്യങ്ങൾ

  • ഫിസിക്സ്: 25 ചോദ്യങ്ങൾ

  • കെമിസ്ട്രി: 25 ചോദ്യങ്ങൾ

  • ആപ്റ്റിറ്റ്യൂഡ്: 5 ചോദ്യങ്ങൾ

  • ഇംഗ്ലീഷ്: 5 ചോദ്യങ്ങൾ

ശരിയായ ഉത്തരങ്ങൾക്ക് നാല് മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വീതം കുറയ്ക്കുന്നതാണ്. ഉത്തരം എഴുതാത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടപ്പെടില്ല.

അപേക്ഷിക്കേണ്ട വിധം

  1. viteee.vit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  2. പുതിയ ഉപയോക്താവായി പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

  3. ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പ്രൊഫൈലിൽ പ്രവേശിക്കുക.

  4. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പൂരിപ്പിക്കുക.

  5. ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

  6. അപേക്ഷാ ഫീസ് അടച്ച് വിശദാംശങ്ങൾ ഉറപ്പുവരുത്തിയ ശേഷം സമർപ്പിക്കുക.

  7. കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Content Highlights: Registration is open for VITEEE 2027 with the last date to apply being March 31, 2027