വിദ്യാർഥികളുടെ വ്യക്തിഗതവിവരം ചോരുമെന്ന ആശങ്ക; കെ-റീപ് സോഫ്റ്റ്‌വേറിനോട് മുഖംതിരിച്ച് സർവകലാശാലകൾ

Photo: Gettyimages
Photo: Gettyimages

തിരുവനന്തപുരം: വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ബലപ്പെട്ടതോടെ, നാലുവർഷബിരുദത്തിന്റെ ഭാഗമായുള്ള കെ-റീപ് ഏകീകൃത സോഫ്റ്റ്‌വേറിനോടു മുഖംതിരിച്ച് സർവകലാശാലകൾ.

ഡേറ്റാ ചോർച്ചയെക്കുറിച്ച് സംശയമുയർന്നതിനാൽ തത്കാലം പങ്കാളിയാവേണ്ടെന്ന നിലപാടിലാണ് കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകൾ. ഇതോടെ, എല്ലാ സർവകലാശാലകളെയും ഒരു കുടക്കീഴിലാക്കുന്ന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പദ്ധതി പ്രതിസന്ധിയിലായി.

സോഫ്റ്റ്‌വേറിന്റെയും വിവരങ്ങളുടെയും ഉടമസ്ഥാവകാശം ആർക്കാണെന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് കേരള സർവകലാശാലയുടെ നിലപാട്. പദ്ധതിയെക്കുറിച്ചുള്ള രൂപരേഖയും വ്യക്തമല്ല.

കെ-റീപ്പുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ സർവകലാശാലയിലെ വിവിധ സെക്‌ഷനുകൾ കൈകാര്യം ചെയ്യണമെന്നിരിക്കേ റൂൾസ് ഓഫ് ബിസിനസിലെ മാറ്റം, മാന്വൽ പരിഷ്കാരം, ഓഫീസ് നടപടിക്രമങ്ങൾ തുടങ്ങിയവയിലൊന്നും വ്യക്തതയില്ലെന്നും സർവകലാശാലാ അധികൃതർ ചൂണ്ടിക്കാട്ടി. ഒന്നേകാൽ ലക്ഷം കുട്ടികൾ പഠിക്കുന്നതിനാൽ വിവരചോർച്ചയെക്കുറിച്ചും ആശങ്കയുണ്ടെന്ന് അധികൃതർ പറഞ്ഞു.

സമാനമായ സംശയത്തിൽ മാറിനിൽക്കുകയാണ് കാലിക്കറ്റ്, എം.ജി. സർവകലാശാലകൾ. ഇവിടങ്ങളിലെ ഭരണ-പ്രതിപക്ഷ അധ്യാപകസംഘടനകളും പദ്ധതി നടപ്പാക്കുന്നതിലെ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കുകയോ സർവകലാശാലകളെ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ, പദ്ധതി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധ്യാപക-അനധ്യാപക സംഘടനകൾ.

ആദ്യം കണ്ണൂരിൽ നടപ്പാക്കിയപ്പോൾത്തന്നെ പ്രശ്നങ്ങളുണ്ടായി. കെ-റീപ് നടപ്പാക്കാൻ എം.കെ.സി.എൽ. എന്ന മഹാരാഷ്ട്ര കമ്പനിയെ ഏൽപ്പിച്ചതാണ് പ്രശ്നം. അസാപ്പിനു നൽകിയ കരാർ അവർ എം.കെ.സി.എലിനെ ഏൽപ്പിക്കുകയായിരുന്നു.

വകുപ്പിന്റെ വീഴ്ച; കൗൺസിലിന്റെ നിർബന്ധം

ഐ.ടി.ഐ., ടി.സി.എസ്. തുടങ്ങിയ കമ്പനികളൊക്കെ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കൗൺസിലാണ് എം.കെ.സി.എലിനെ ഏൽപ്പിച്ചത്. പദ്ധതിക്ക് ടെൻഡർ വിളിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശുപാർശ ചെയ്തെങ്കിലും നടപ്പായില്ല. മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശമനുസരിച്ച് ഇതു മറികടന്നെന്നാണ് ആക്ഷേപം.

മന്ത്രി വിളിച്ച വി.സി.മാരുടെയും രജിസ്ട്രാർമാരുടെയും യോഗമാണ് കെ-റീപ് തീരുമാനിച്ചതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നുമാണ് കണ്ണൂർ സർവകലാശാലയുടെ വിശദീകരണം.

Content Highlights: universities doesnt show interest for kreap software