ഗൈഡുകളുടെ കാര്യത്തില്‍ യു.ജി.സി.നിയന്ത്രണം; പിഎച്ച്.ഡി. രജിസ്ട്രേഷന്‍ കുറയും

തൃശ്ശൂര്‍: ഗവേഷണത്തിന് ഗൈഡുകളുടെ കാര്യത്തില്‍ യു.ജി.സി. കൊണ്ടുവരുന്ന നിയന്ത്രണം സര്‍വകലാശാലകളിലെ പിഎച്ച്.ഡി. രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. ഗവേഷണത്തിന്റെ ഗുണനിലവാരമുയര്‍ത്താനാണ് ഗൈഡുകളുടെ എണ്ണത്തില്‍ നിയന്ത്രണംകൊണ്ടുവരുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ഗൈഡാകാന്‍ അഞ്ചുവര്‍ഷത്തെ അധ്യാപനപരിചയം നിര്‍ബന്ധമാക്കിയതാണ് പ്രധാനമാറ്റം.
മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നിലവില്‍വരും. കേന്ദ്രസര്‍വകലാശാലകളില്‍ ആദ്യം നടപ്പാക്കും. നിലവില്‍ അസിസ്റ്റന്റ് പ്രൊഫസറായി സര്‍വീസില്‍ കയറുന്നയാള്‍ക്ക് രണ്ടു ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഗൈഡായി പ്രവര്‍ത്തിക്കാന്‍ അപേക്ഷനല്‍കാം.
സര്‍വകലാശാലകളുടെ ഉയര്‍ന്ന സമിതികള്‍ അനുമതി നല്‍കിയാല്‍ ഗൈഡ് പദവികിട്ടും. ഇനിമുതല്‍ സര്‍വീസില്‍ക്കയറി അഞ്ചുവര്‍ഷത്തെ അധ്യാപനപരിചയവും മൂന്ന് അക്രഡിറ്റഡ് ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്താലേ ഗൈഡാകാന്‍ കഴിയൂ. പിഎച്ച്.ഡി.യുള്ള സ്ഥിരം അധ്യാപകനുമാത്രമേ ഗൈഡാകാന്‍ യോഗ്യതയുള്ളൂ. പ്രൊഫസര്‍ തസ്തികയിലുള്ള ഒരാള്‍ക്ക് ഒരുസമയം എട്ടുപേരില്‍ക്കൂടുതല്‍ ഗവേഷകര്‍ക്ക് ഗൈഡാകാനാവില്ല. അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഇത് ആറും അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നാലുംപേരാണ്.
Content Highlights: UGC Rules and Regulations 2022, UGC's new guidelines on PhD supervisors