പ്രോജക്റ്റ് ചെയ്തത് ചാറ്റ് ജിപിടി;ബിരുദ ദാന ചടങ്ങില്‍ എഐയെ പുകഴ്ത്തി വിദ്യാര്‍ത്ഥി,പോസ്റ്റ്

നിര്‍മ്മിത ബുദ്ധിയുടെ (എഐ) വളര്‍ച്ച ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെട്ടിട്ടുണ്ട്. ഇമെയിലുകള്‍ എഴുതുന്നത് മുതല്‍ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നത് വരെ ചാറ്റ്‌ബോട്ടുകളുടെ സഹായം സ്വീകരിക്കുന്നത് സ്ഥിരം കാഴ്ച്ചയാണിപ്പോള്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസ് ഏഞ്ചലസിലെ (യുസിഎല്‍എ) വിദ്യാര്‍ത്ഥിയെന്ന് അവകാശപ്പെടുന്നയാളുടെ ബിരുദ ദാന ചടങ്ങാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കോളേജ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ചാറ്റ് ജിപിടി ഉപയോഗിച്ചതായി ബിരുദദാന ചടങ്ങില്‍ വെച്ച് പരസ്യമായി സമ്മതിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ബിരുദധാരിയുടെ വേഷം ധരിച്ച വിദ്യാര്‍ത്ഥി തന്റെ ലാപ്‌ടോപ്പ് പുറത്തെടുക്കുകയും തന്റെ അവസാന പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച OpenAI ടൂളായ ചാറ്റ് ജിപിടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
'ഔദ്യോഗികമായി ബിരുദം നേടുന്നതിന് തൊട്ടുമുമ്പ് തന്റെ അവസാന പ്രോജക്റ്റുകള്‍ക്കായി ഉപയോഗിച്ച ചാറ്റ് ജിപിടി കാണിച്ചുകൊണ്ട് UCLA ബിരുദധാരി ആഘോഷിക്കുന്നു' എന്നായിരുന്നു പോസ്റ്റിന് നല്‍കിയിരുന്ന അടിക്കുറിപ്പ്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. അവസാന മാര്‍ക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാല്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാത്തതിന് വലിയൊരു വിഭാഗം വിദ്യാര്‍ത്ഥിയെ വിമര്‍ശിച്ചു.
''ചതി എപ്പോഴും ഉണ്ടാകും; എന്നാല്‍ ഇത് ഇങ്ങനെ പരസ്യമായി കാണിക്കുന്നത് വലിയ വിഡ്ഢിത്തമാണ്. ഇതൊരു മണ്ടന്‍ നീക്കമാണ്. പ്രത്യേകിച്ചും ബിരുദദാനം എന്നത് ബിരുദം നല്‍കുന്നതിന് തുല്യമല്ലാത്തതിനാല്‍- ഒരാള്‍ പറഞ്ഞു.
Content Highlights: ucla-grad-chatgpt