ഇവർ കളക്ടേഴ്‌സ് സൂപ്പർ, ഗോത്രവിഭാഗത്തിൽനിന്ന്‌ ഡോക്ടറാവാൻ രണ്ടു മിടുക്കികൾ

#ആർ. ആതിര
മിഥില, ഭദ്രാ സന്തോഷ്
മിഥില, ഭദ്രാ സന്തോഷ്

തിരുവനന്തപുരം: ഗോത്രവിഭാഗത്തിൽനിന്ന് സ്വപ്നങ്ങൾ എത്തിപ്പിടിക്കാനൊരുങ്ങി രണ്ടുമിടുക്കികൾ. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗോത്ര ഊരിൽ നിന്നാണ് ‌ചെരുപ്പുകാണി സെറ്റിൽമെന്റിലെ മിഥിലയും ഭദ്രാ സന്തോഷും മെഡിക്കൽ പഠനത്തിന് എത്തുന്നത്. എം.ബി.ബി.എസിനും ബി.ഡി.എസിനുമാണ് ഇരുവരും പ്രവേശനം നേടിയത്. കേരളത്തിലെ എസ്.ടി. റാങ്കിൽ 51-ാം സ്ഥാനമാണ് മിഥിലയ്ക്ക്. 102 ആണ് ഭദ്രയുടെ റാങ്ക്. ആദ്യ ശ്രമത്തിൽ സ്വപ്നം കൈപ്പിടിയിലൊതുക്കിയ മിഥില വട്ടപ്പാറ എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കൽ സയൻസിൽ താത്‌കാലിക പ്രവേശനം നേടിയിരുന്നു. ഭദ്ര കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലാണ് പ്രവേശനം നേടിയത്. തുടർന്നുവരുന്ന അലോട്മെന്റുകളിൽ സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ശ്രീകാര്യം കട്ടേല മോഡൽ റെസിഡൻഷ്യൽ സ്കൂളിലാണ് മിഥില പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. മിഥുനാഭവനിൽ റബ്ബർ ടാപ്പിങ് തൊഴിലാളിയായ മോഹൻകുമാറിന്റെയും ദീപാ വി. ചന്ദ്രന്റെയും മകളാണ്. സഹോദരി മിഥുന എറണാകുളത്ത് സ്വകാര്യ വെറ്ററിനറി ആശുപത്രി ലാബ് ജീവനക്കാരി.

ഇന്ദ്രഗിരി വലിയകളത്തിൽ വില്ലേജ് അസിസ്റ്റന്റായ സന്തോഷിന്റെയും എൽ.പി. സ്കൂൾ അധ്യാപികയായ ആർ.പി. രതിയുടെയും മകളാണ് ഭദ്ര. വിതുര ഗവ. എച്ച്.എസ്.എസിലായിരുന്നു സ്കൂൾപഠനം. സഹോദരൻ കാർത്തിക് പത്താംക്ലാസ് വിദ്യാർഥി.

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളക്ടേഴ്‌സ് സൂപ്പർ 100-ലെ വിദ്യാർഥികളായിരുന്നു മിഥിലയും ഭദ്രയും. ബേട്ടീ ബചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഭാഗമായി സന്നദ്ധസംഘടനയായ കനലിന്റെ സഹകരണത്തോടെയാണ് കളക്ടേഴ്‌സ് സൂപ്പർ 100 നടപ്പാക്കുന്നത്.

Content Highlights: Mithila and Bhadra Santosh from the Cheruppukani tribal settlement in Thiruvananthapuram have overcome odds to secure medical admissions for MBBS and BDS through the Collector's Super 100 initiative.