ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ കാറ്റ് 2025 അടിസ്ഥാനമാക്കി മാസ്റ്റേഴ്സ്

കല്പിത സർവകലാശാലയായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) മുംബൈ കാമ്പസിൽ നടത്തുന്ന മൂന്ന് ഫുൾ ടൈം റെഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
• പ്രോഗ്രാമുകൾ
1. മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎച്ച്എ)
2. എംഎ ഇൻ ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് ലേബർ റിലേഷൻസ് (എച്ച്ആർഎം ആൻഡ് എൽആർ)
2. എംഎ ഇൻ ഓർഗനൈസേഷൻ ഡിവലപ്മെൻറ് ചേഞ്ച് ആൻഡ് ലീഡർഷിപ്പ് (ഒഡിസിഎൽ -സെൽഫ് ഫൈനാൻസ്ഡ് പ്രോഗ്രാം)
• യോഗ്യത
എച്ച്ആർഎം ആൻഡ് എൽആർ, ഒഡിസിഎൽ, എംഎച്ച്എ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനം തേടുന്നവർക്ക് ബാച്ച്‌ലർ ബിരുദം (3/4 വർഷം) ഉണ്ടായിരിക്കണം. ഈ കോഴ്സുകളുടെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. മൂന്നുവർഷ ബിരുദ കോഴ്സാണെങ്കിൽ നാലാംസെമസ്റ്റർവരെയും നാലുവർഷ ബിരുദ കോഴ്സാണെങ്കിൽ ആറാം സെമസ്റ്റർവരെയുമുള്ള എല്ലാ സെമസ്റ്ററുകളിലും എല്ലാ വിഷയങ്ങളിലും ജയിച്ചിരിക്കണം. യോഗ്യത നേടിയതിന്റെ രേഖകൾ നിശ്ചിത തീയതിക്കകം നൽകണം.
ഒഡിസിഎൽ അപേക്ഷകർക്ക്, ബിരുദം നേടിയശേഷമുള്ള രണ്ടു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം 2026 മേയ് ഒന്നിന് ഉണ്ടായിരിക്കണം.
എംഎച്ച്എ പ്രോഗ്രാമിലേക്ക് എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ് ബിരുദധാരികൾ, അനുബന്ധ മെഡിക്കൽ/ഹെൽത്ത് സയൻസസ് യോഗ്യത ഉള്ളവർ എന്നിവരുടെ അപേക്ഷകൾ പ്രതീക്ഷിക്കുന്നു.
മൂന്നു പ്രോഗ്രാമുകൾക്കും മാസ്റ്റേഴ്സ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. എംഎച്ച്എ പ്രോഗ്രാമിന് ഇന്റേൺഷിപ്പും മറ്റുരണ്ട് പ്രോഗ്രാമുകൾക്ക് ഫീൽഡ് വർക്കും കോഴ്സിന്റെ ഭാഗമാണ്.
• തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പിന് രണ്ട് ഘട്ടങ്ങൾ ഉണ്ടാകും. ആദ്യഘട്ടം ഓൺലൈൻ അസസ്‌മെൻറ് (ഒഎ) ഷോർട്ട് ലിസ്റ്റിങ് ആണ്. അതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐഐഎം) നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2025 സ്കോർ, ജെൻഡർ ഡൈവേഴ്സിറ്റി/അക്കാദമിക് ഡൈവേഴ്സിറ്റി സ്കോർ എന്നിവയ്ക്ക് പ്രോഗ്രാമിനനുസരിച്ച് നിശ്ചിത വെയ്റ്റേജ് നൽകും.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എച്ച്ആർഎം ആൻഡ് എൽആർ, ഒഡിസിഎൽ കോഴ്‌സാണെങ്കിൽ ഓൺലൈൻ പേഴ്സണൽ ഇൻറർവ്യൂ ഉണ്ടാകും.
എംഎച്ച്എ കോഴ്സിന് ഓൺലൈൻ അസസ്‌മെൻറ് ഉണ്ടാകും.
അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കാറ്റ് 2025 സ്കോർ, ഓൺലൈൻ ഇൻറർവ്യൂ/ഓൺലൈൻ അസസ്‌മെൻറ് എന്നിവയ്ക്ക് നിശ്ചിത വെയ്റ്റേജ് നൽകും.
• അപേക്ഷ
tissadmission.samarth.edu.in വഴി ഡിസംബർ 10 വരെ നൽകാം. അപേക്ഷാഫീസ് ഒരു പ്രോഗ്രാമിന് 1750 രൂപ. ഒബിസി/ഇഡബ്ല്യുഎസ്- 1250 രൂപ, പട്ടികവിഭാഗം - 750 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
Content Highlights: Tata Institute of Social Sciences (TISS) Mumbai offers 3 full-time PG programs: MHA, HRM & LR, ODCL.