തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശന കൗൺസലിങ് ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന കൗൺസലിങ് തിങ്കളാഴ്ച ആരംഭിച്ചു. ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ആദ്യരണ്ടുദിവസങ്ങളിൽ കൗൺസലിങ്ങിന് പരിഗണിക്കുക.
പൊതുവിഭാഗത്തിനുള്ള കൗൺസലിങ് 14 മുതൽ 19 വരെ നടക്കും. ആദ്യഘട്ട കൗൺസലിങ്ങിൽ 39,145 വിദ്യാർഥികളും ജൂലായ് 26-ന് തുടങ്ങുന്ന രണ്ടാംഘട്ട കൗൺസലിങ്ങിൽ 25,376 പേരും ഓഗസ്റ്റ് ഏഴിന് തുടങ്ങുന്ന അവസാനഘട്ട കൗൺസലിങ്ങിൽ 1,01,588 വിദ്യാർഥികളും പങ്കെടുക്കും. ഓഗസ്റ്റ് 26-ന് കൗൺസലിങ് അവസാനിക്കും.
ഈവർഷം 2,41,641 വിദ്യാർഥികളാണ് മെറിറ്റ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇവർക്ക് അണ്ണാ സർവകലാശാലയുടെ കീഴിലുള്ള 445 സർക്കാർ, സ്വകാര്യ കോളേജുകളിലെ ബിഇ, ബിടെക് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും.
Content Highlights: Tamil Nadu Engineering Counselling Begins