വിഷയം റെഡി, ആശയങ്ങളുമായി വരൂ!; സ്പീക്ക് ഫോർ ഇന്ത്യ ബ്ലോക്ക്തല മത്സരങ്ങൾക്ക് തുടക്കമാകുന്നു

കൊച്ചി: 'ജീവിക്കാൻ അനുയോജ്യമായ ഇടമാണ് കേരളം, എന്നാൽ കരിയർ കെട്ടിപ്പടുക്കാൻ യോജിച്ചതല്ല...' ഇങ്ങനെയൊരു അഭിപ്രായത്തോട് നിങ്ങൾക്ക് യോജിപ്പുണ്ടോ. ഈ വിഷയത്തിൽ യോജിക്കുന്നവരായാലും വിയോജിക്കുന്നവരായാലും നിങ്ങൾക്ക് സ്വാഗതം, ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയുടെ ആശയപ്പോരാട്ട വേദിയിലേക്ക് വരൂ. ചിന്തകളുടെയും ആശയങ്ങളുടെയും മിന്നൽപ്പിണരുകളുമായി സ്പീക്ക് ഫോർ ഇന്ത്യയുടെ വേദിയുണരുമ്പോൾ ഇത്തവണ തകർപ്പനൊരു വിഷയം തന്നെയാണ് സംവാദത്തിനായി കേരളത്തിന്റെ കലാലയ യുവത്വത്തിന് മുന്നിലേക്കെത്തുന്നത്.
ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് അവതരിപ്പിക്കുന്ന സ്പീക്ക് ഫോർ ഇന്ത്യയുടെ പതിനൊന്നാം എഡിഷന്റെ ബ്ലോക്ക്തല മത്സരങ്ങൾ ഒക്ടോബർ 29-ന് തുടങ്ങുമ്പോൾ ആദ്യ റൗണ്ടിലെ വിഷയം 'ജീവിക്കാൻ അനുയോജ്യമായ ഇടമാണ് കേരളം, എന്നാൽ കരിയർ കെട്ടിപ്പടുക്കാൻ യോജിച്ചതല്ല'' എന്നതാണ്.
Debate topic English: ‘Kerala is a great place to live, but not to build a career’
മലയാള വിഷയം: ‘ജീവിക്കാൻ അനുയോജ്യമായ ഇടമാണ് കേരളം, എന്നാൽ കരിയർ കെട്ടിപ്പടുക്കാൻ യോജിച്ചതല്ല’.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സ്പീക്ക് ഫോർ ഇന്ത്യയുടെ പുതിയ എഡിഷനിലും സംവാദത്തിന്റെ കരുത്തിൽ കേരളത്തിന്റെ കലാലയയുവത്വം ജ്വലിക്കുമെന്ന് ഉറപ്പിക്കുന്നതാണ് വിഷയ പ്രഖ്യാപനം.
ഒക്ടോബർ 29-ന് തിരുവനന്തപുരം ബ്ലോക്ക്തല മത്സരം വഴുതക്കാട് ഗവ. വനിതാ കോളേജിൽ കിക്കോഫാകും. നവംബർ 11-ന് എറണാകുളം സെയ്ന്റ് ആൽബർട്സ് കോളേജിലാകും ആ സീസണിലെ അവസാന ബ്ലോക്കുതല മത്സരം നടക്കുന്നത്. അതിനുശേഷം സോണൽ മത്സരങ്ങളും സെമിഫൈനലും ഒടുവിൽ ജേതാക്കളെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ആകെ ഏഴുലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ് സ്പീക്ക് ഫോർ ഇന്ത്യയുടെ വിജയികളെ കാത്തിരിക്കുന്നത്.
ജില്ല/ബ്ലോക്ക്: തിരുവനന്തപുരം, തീയതി: 11.11.2026, വേദി: ഗവ. വിമൻസ് കോളേജ്, വഴുതയ്ക്കാട്
(വിവരങ്ങൾക്കും രജിസ്ട്രേഷനും; 9747533601, 9846918318, https://www.speakforindiakerala.com/)
Content Highlights: Speak For India 11th Edition jointly presented by Federal Bank and Mathrubhumi