സ്പീക്ക് ഫോർ ഇന്ത്യ പതിനൊന്നാം എഡിഷൻ: ബ്ലോക്ക്തല മത്സരങ്ങൾ ഒക്ടോബർ 29 മുതൽ

കൊച്ചി: “നിങ്ങൾ പറയുന്ന അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിച്ചേക്കാം. എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണംവരെ ഞാൻ സംരക്ഷിക്കും...” വോൾട്ടയറുടെ വാക്കുകൾ പോലെ ഹൈവോൾട്ട് ചിന്തകളുടെയും ആശയങ്ങളുടെയും മിന്നൽപ്പിണരുകളുമായി ആ വേദികൾ വീണ്ടുമുണരുന്നു. സംവാദത്തിന്റെ കരുത്തിൽ കലാലയയുവത്വം ജ്വലിക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’യുടെ പുതിയ എഡിഷനിലേക്ക് ഇനി കേരളം കാതും കണ്ണും സമർപ്പിക്കും. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് അവതരിപ്പിക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’യുടെ പതിനൊന്നാം എഡിഷന്റെ ബ്ലോക്ക്തല മത്സരങ്ങൾ ഒക്ടോബർ 29-ന് തുടങ്ങും.

സാമൂഹിക വിഷയങ്ങളിലെ യുവതലമുറയുടെ ഊർജസ്വലമായ ഇടപെടലുകൾക്ക് വാക്കിന്റെ മൂർച്ചയിലൂടെ വേദിയൊരുക്കുന്ന സ്പീക്ക് ഫോർ ഇന്ത്യ പുതിയ എഡിഷനിലും അതേ പാതയിൽ തന്നെയാകും സഞ്ചാരം. കേരളത്തിന്റെ കലാലയ യുവത്വം ആകാംക്ഷയോടെ കാത്തിരിക്കുന്ന വേദിയിൽ ഇത്തവണയും നൂറുകണക്കിന് മത്സരാർഥികളാകും വാക്‌പോരിനെത്തുന്നത്.

ഒക്ടോബർ 29-ന് തിരുവനന്തപുരം ബ്ലോക്ക്തല മത്സരത്തിന്‌ വഴുതക്കാട് ഗവ. വനിതാ കോളേജിൽ കിക്കോഫാകും. അതിനടുത്ത ദിവസം കൊല്ലം എസ്.എൻ. കോളേജിൽ ആശയപോരാട്ടത്തിന് വേദിയൊരുക്കും. നവംബർ 11-ന് എറണാകുളം സെയ്ന്റ് ആൽബർട്സ് കോളേജിലാകും സീസണിലെ അവസാന ബ്ലോക്ക്തല മത്സരം. അതിനുശേഷം സോണൽ മത്സരങ്ങളും സെമിഫൈനലും ഒടുവിൽ ഗ്രാൻഡ് ഫിനാലെയും അരങ്ങേറും.

ആകെ ഏഴുലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ് സ്പീക്ക് ഫോർ ഇന്ത്യയുടെ വിജയികളെ കാത്തിരിക്കുന്നത്.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ­സി.എസ്.ആർ. ­പദ്ധതിയുടെ ഭാഗമായാണ് ‘സ്പീക്ക് ഫോർ ഇന്ത്യ’ മത്സരം ഒരുക്കുന്നത്.

(വിവരങ്ങൾക്കും രജിസ്‌ട്രേഷനും; 9747533601, 9846918318, https://www.speakforindiakerala.com/)

Content Highlights: Speak for India 11th edition block-level competitions begin on October 29