സ്‌കൂളിൽ പോകൽ ഭാരമാവില്ല; സാധനങ്ങൾക്ക് വലിയ തോതിൽ വില വർധനയില്ല

#അനുഷ ഗോവിന്ദ്‌
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കോഴിക്കോട്‌: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വിലക്കയറ്റം സ്‌കൂൾവിപണിയെ ബാധിക്കാത്തതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കൾ. ഇക്കുറി കുട്ടികളെ സ്‌കൂളിലയയ്ക്കാൻ ഭാരിച്ച ചെലവ് വരില്ലെന്നാണ് പ്രതീക്ഷ. സ്‌കൂൾവിപണിയിൽ സാധനങ്ങൾക്കൊന്നും വലിയതോതിൽ വില വർധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിക്കുംമുമ്പേ സാധനങ്ങൾ ബുക്ക് ചെയ്യുകയോ സ്‌റ്റോക്ക് എടുക്കുകയോ ചെയ്യുന്നതിനാലാണിത്. എന്നാൽ യുദ്ധം തുടങ്ങിയശേഷം വലിയ ബ്രാൻഡുകൾ ഉൾപ്പെടെ പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്ക് വില ഉയരുന്നുണ്ട്. പെട്രോളിയം ഉപോത്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങൾക്കാണ് വരും ദിവസങ്ങളിൽ വില കൂടുക.

പ്ലാസ്റ്റിക്കുകൊണ്ടുള്ള വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്‌സ്, പെൻസിൽ ബോക്‌സ്, യൂണിഫോം തുണികൾ എന്നിവയ്‌ക്കെല്ലാം വില കൂടും. എന്നാൽ ഇത്തവണ അത് ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. വാങ്ങുന്നതിൽ അൽപം കരുതൽ വേണമെന്ന് മാത്രം. 10 ശതമാനം മുതൽ 40 ശതമാനം വരെ കിഴിവുമായി ത്രിവേണി സ്‌കൂൾ മാർക്കറ്റുകളും സജീവമാണ്.

ഒരു കുട്ടിയെ സ്‌കൂളിൽ അയയ്ക്കാൻ കുറഞ്ഞത് 2000 രൂപയെങ്കിലും ചെലവാകും. അത്യാവശ്യം ഗുണമേന്മയുള്ള ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുമ്പോഴത്തെ കണക്കാണിത്. ചെറിയ കുട്ടികൾക്കുള്ള കുട, ബാഗ് എന്നിവയ്ക്ക് വില കുറവാണെന്നതിനാൽ അവരുടെ സ്‌കൂൾപോക്കിന് ഇതിലും ചെലവ് കുറയും.

Content Highlights: School supplies for the 2026 academic year show minimal price increases., Early stock procurement by traders has helped keep prices stable., Anticipated price rise in petroleum-based products like plastic bottles and synthetic uniforms.,