ആർ.ബി.ഐ.യിൽ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്

ബാങ്കിങ് ധനകാര്യം, നയരൂപവത്കരണം തുടങ്ങിയ മേഖലകളിൽ കരിയർ ലക്ഷ്യംവെക്കുന്ന വിദ്യാർഥികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം അടുത്തറിയാൻ അവസരം നൽകുന്ന ഇൻറ്റേൺഷിപ്പ് പദ്ധതി ‘സമ്മർ പ്ലേയ്സ്മെന്റ് പ്രോഗ്രാ’മിലേക്ക് അപേക്ഷിക്കാം. ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാർഗനിർദേശത്തോടെ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രോജക്ടുകൾ ചെയ്യാൻ അവസരം ലഭിക്കും.
ആർ.ബി.ഐ.യുടെ വിവിധ ഓഫീസുകളിലാണ് അവസരം. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ പരമാവധി മൂന്നുമാസമാണ് പ്ലേയ്സ്മെന്റ്. ബാങ്കിന്റെ വിവേചനാധികാരമനുസരിച്ച് ഇത് കുറയ്ക്കുകയോ നീട്ടുകയോചെയ്യാം. ഇന്റേൺഷിപ്പ് തുടങ്ങുന്നതിനു മുൻപ് രഹസ്യസ്വഭാവം പാലിക്കുമെന്ന പ്രഖ്യാപനം (ഡിക്ലറേഷൻ ഓഫ് സീക്രസി) ബാങ്കിന് സമർപ്പിക്കണം.
പേരിൽ “പ്ലേയ്സ്മെന്റ്” ഉണ്ടെങ്കിലും ഇതൊരു ജോലി നിയമനമല്ല. ബാങ്കുമായി ബന്ധപ്പെട്ട പ്രോജക്ടിൽ പ്രവർത്തിക്കാൻ വിദ്യാർഥിയെ നിയോഗിക്കുന്ന ഹ്രസ്വകാല ഇന്റേൺഷിപ്പാണിത്. ഇതിൽ പങ്കെടുക്കുന്നതുകൊണ്ട് ആർ.ബി.ഐ.യിൽ നിയമനത്തിനുള്ള അവകാശമുണ്ടാകില്ല.
യോഗ്യത
ഇന്ത്യൻ പൗരത്വമുള്ളവരും ഇന്ത്യയിൽ പഠിക്കുന്നവരുമായിരിക്കണം. പ്രമുഖ സ്ഥാപനങ്ങളിലും കോളേജുകളിലും മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, നിയമം, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ബാങ്കിങ്, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനോ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സിനോ ചേർന്നവർക്ക് അപേക്ഷിക്കാം. മൂന്നുവർഷ ഫുൾടൈം പ്രൊഫഷണൽ എൽ.എൽ.ബി. വിദ്യാർഥികളും യോഗ്യരാണ്. അപേക്ഷിക്കുന്ന ദിവസം കോഴ്സിന്റെ അവസാനവർഷത്തിന് തൊട്ടുമുൻപുള്ള (പെനൾട്ടിമേറ്റ്) വർഷത്തിൽ പഠിക്കുന്നവരാകണം. അതായത് രണ്ടുവർഷ എം.ബി.എ./എം.എ. വിദ്യാർഥി ഒന്നാം വർഷത്തിലും അഞ്ചുവർഷ കോഴ്സിലെ വിദ്യാർഥി നാലാംവർഷത്തിലും മൂന്നുവർഷ എൽ.എൽ.ബി. വിദ്യാർഥി രണ്ടാം വർഷത്തിലുമായിരിക്കണം.
കേരളത്തിലെ വിദ്യാർഥികൾക്ക്
കേരളത്തിലെയും ലക്ഷദ്വീപിലെയും സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുള്ള കൺട്രോൾ ഓഫീസ് തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള റിസർവ് ബാങ്ക് റീജണൽ ഓഫീസാണ്. കേരളത്തിലെ സ്ഥാപനത്തിൽ പഠിക്കുന്നവർ, ജന്മനാട് ഏതായാലും തിരുവനന്തപുരം കേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ ജനിച്ച് ബെംഗളൂരുവിലോ ചെന്നൈയിലോ ഡൽഹിയിലോ പഠിക്കുന്നവർ ആ സംസ്ഥാനത്തിന്റെ കൺട്രോൾ ഓഫീസ് തിരഞ്ഞെടുക്കണം. കൺട്രോൾ ഓഫീസ് ലിസ്റ്റ്, മാർഗരേഖയോടൊപ്പമുണ്ട്.
ആനുകൂല്യം
പ്രതിമാസം 25,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്സ്റ്റേഷൻ ട്രെയിനികൾക്ക് പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് പ്ലേയ്സ്മെന്റ് സ്ഥലത്തേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്രയ്ക്ക് എ.സി. രണ്ടാം ടിയർ നിരക്കിൽ അല്ലെങ്കിൽ തത്തുല്യ തുക യാത്രാച്ചെലവ് നൽകും. താമസസൗകര്യം സ്വയം കണ്ടെത്തണം.
അപേക്ഷ
opportunities.rbi.org.in വഴി ഡിസംബർ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. വിവരങ്ങൾക്ക്: opportunities.rbi.org.in/scripts/summer.aspx
Content Highlights: The Reserve Bank of India (RBI) has invited online applications until December 15 for its three-month Summer Placement internship program