ഒഴിഞ്ഞുകിടക്കുന്നത് നൂറുകണക്കിന് സീറ്റുകള്‍; ആളില്ലാതെ ആയുര്‍വേദ, സിദ്ധ, യുനാനി, ഫാര്‍മസി കോഴ്സുകള്‍

തിരുവനന്തപുരം: മെഡിക്കൽ അനുബന്ധകോഴ്‌സുകളിൽ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടും വിവിധ വിഷയങ്ങളിൽ സ്വാശ്രയ കോളേജുകളിൽ നൂറുകണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി ഫാർമസി കോഴ്‌സുകളിലാണ് സീറ്റുകൾ എടുക്കാൻ ആളില്ലാത്തത്. പ്രവേശനനടപടികൾ നവംബർ 30-ന് അവസാനിച്ചതിനാൽ ഇക്കൊല്ലം ഈ സീറ്റുകൾ നികത്താനാകില്ല.
ആയുർവേദ ബിരുദ (ബി.എ.എം.എസ്.) കോഴ്‌സിൽ 30 ശതമാനം സീറ്റുകൾ നികത്താനായില്ല. കേരള സ്റ്റേറ്റ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനു (കിസ്മ) കീഴിലെ ആയുർവേദ കോളേജുകളിൽ മാത്രമായി 225 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഫാർമസിയിൽ 850-ഓളം സീറ്റുകൾ നികത്താനായില്ല. സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്.) കോളേജുകളിൽ പകുതിയോളം സീറ്റുകളിൽ ആളില്ല.
തുടർച്ചയായ വർഷങ്ങളിൽ ആവശ്യത്തിന് വിദ്യാർഥികളെ കിട്ടാതായതോടെ ഈ മേഖലയിലെ സ്വാശ്രയ കോളേജുകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കുന്നു.
പ്രവേശനനടപടികളിൽ അനാവശ്യ കാലതാമസവും സർക്കാർ ഇടപെടലും ഉണ്ടായതാണ് ഇത്രയും സീറ്റുകൾ അവശേഷിക്കാൻ കാരണമെന്നാണ് മാനേജ്‌മെന്റുകൾ പറയുന്നത്. ബി.എ.എം.എസിൽ 2022-ൽ 1250 സീറ്റുകളിൽ പകുതിയും ഒഴിഞ്ഞുകിടന്നിരുന്നു. നവംബർ 10 മുതൽ 25 വരെ തീയതികളിലായി പ്രവേശനപരീക്ഷാ കമ്മിഷണർ ഒരു അലോട്‌മെന്റുകൂടി നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന കുട്ടികൾമാത്രമാണ് ചേർന്നത്.
മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും മാനേജ്‌മെന്റുകൾ അനുമതി തേടിയിരുന്നു. നവംബർ 28-ന് വൈകീട്ടാണ് ഇക്കാര്യം അനുവദിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് അനുസരിച്ച് മാനേജ്‌മെന്റുകൾക്ക് ഒരുദിവസം മാത്രമാണ് പ്രവേശനത്തിനായി ലഭിച്ചത്.
സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ (കിസ്മ) അടിയന്തരയോഗം ഞായറാഴ്ച ചേരും.
പ്രവേശനനടപടികൾ ലഘൂകരിക്കുന്നതടക്കമുള്ള നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിനും പ്രോസ്പെക്ടസിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമാണ് യോഗമെന്ന് കിസ്മ പ്രസിഡന്റ് ഡോ. കെ. തുളസീധരൻ നായർ പറഞ്ഞു.
Content Highlights: over 100 seats vacant in Ayurveda,Siddha, Unaniand pharmacy courses