‘സ്കിബിഡി’യെ കേംബ്രിജെടുത്തു; ഡെലൂലു, ഇൻസ്പോ, ട്രാഡ്‌വൈഫ് തുടങ്ങിയവയും നിഘണ്ടുവിൽ

ലണ്ടൻ: സ്കിബിഡി, ഡെലൂലു, ഇൻസ്പോ എന്നൊക്കെ കേൾക്കുമ്പോൾ ഇതൊക്കെയാണോ വാക്ക് എന്ന് ചോദിക്കാൻവരട്ടെ. ജെൻ സിയുടെയും ജെൻ ആൽഫയുടെയും ഓൺലൈൻ നിഘണ്ടുവിലെ ഈ വാക്കുകളെ കേംബ്രിജ് നിഘണ്ടു അങ്ങെടുത്തു. നിഘണ്ടുവിൽ ഇടംനേടുന്ന ആറായിരത്തിലധികം പുതിയ വാക്കുകളുടെ കൂട്ടത്തിൽ ഇവയും ഒപ്പം ട്രാഡ്‌വൈഫ്, മൗസ് ജിഗ്ളർ എന്നീ പദങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്.
‘സ്കിബിഡി ടോയ്‌ലറ്റ്’ എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്കിബിഡി. സന്ദർഭമനുസരിച്ച് എന്തർഥവും കൈവരുന്ന പദം. ഡെലൂഷണൽ (ഭ്രമാത്മകമായത്) എന്ന വാക്കിന്റെ ചുരുക്കെഴുത്താണ് ഡെലൂലു. സാമൂഹികമാധ്യമങ്ങളിൽ പരമ്പരാഗത സ്ത്രീസങ്കല്പം പിന്തുടരുന്ന സ്ത്രീകളാണ് ട്രാഡ്‌വൈഫ്. ട്രഡീഷണൽ വൈഫിന്റെ ചുരുക്കമാണിത്. പ്രചോദനത്തിന്റെ (ഇൻസ്പിറേഷൻ) ചുരുക്കെഴുത്താണ് ഇൻസ്പോ. മൗസ് ജിഗ്ളർ എന്നതാകട്ടെ വീട്ടിലിരുന്നുള്ള ഓഫീസ്ജോലിയുമായി ബന്ധപ്പെട്ട പദമാണ്.
വീട്ടിൽ വെറുതേയിരിക്കുമ്പോഴും ജോലിചെയ്യുന്നുണ്ടെന്നു നടിക്കുന്നയാളാണ് മൗസ് ജിഗ്ലർ.
Content Highlights: New Words in Cambridge Dictionary: Skibidi, Delulu, More