എംസിസി നീറ്റ് പിജി കൗണ്‍സലിങ്: പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു, ആദ്യ റൗണ്ട് അലോട്മെന്റ് 20-ന്

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനങ്ങള്‍ക്ക്, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പിജി) 2025 അടിസ്ഥാനമാക്കി, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന 2025-ലെ അലോട്മെന്റുകളുടെ പുതുക്കിയ സമയക്രമം mcc.nic.in ല്‍ പ്രസിദ്ധീകരിച്ചു.
ആദ്യഘട്ട രജിസ്ട്രേഷന്‍, ഫീസടയ്ക്കാനുള്ള സൗകര്യം എന്നിവ നവംബര്‍ അഞ്ചുവരെ നല്‍കിയിരുന്നു. ആദ്യഘട്ടത്തിലേക്ക് ചോയ്സ് ഫില്ലിങ് നടത്താനുള്ള സൗകര്യം 17 മുതല്‍ 18-നുരാത്രി 11.55 വരെ വീണ്ടും ലഭിക്കും. ചോയ്സ് ലോക്കിങ് സൗകര്യം 18-നു വൈകീട്ട് നാലുമുതല്‍ അന്നുരാത്രി 11.55 വരെയും. ചോയ്സ് ലോക്കിങ് നടത്തുന്നില്ലെങ്കില്‍ സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും.
ആദ്യ അലോട്മെന്റ്
ആദ്യ റൗണ്ട് അലോട്മെന്റ് ഫലം 20-ന് പ്രഖ്യാപിക്കും. അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് കോളേജ് റിപ്പോര്‍ട്ടിങ്ങിന്/ജോയിനിങ്ങിന് 21 മുതല്‍ 27 വരെ അവസരമുണ്ടാകും.
രണ്ടാംഘട്ട നടപടികള്‍ ഡിസംബര്‍ രണ്ടിനുതുടങ്ങും. പുതിയ രജിസ്ട്രേഷന്‍ (ബാധകമെങ്കില്‍) ഏഴിന് ഉച്ചയ്ക്ക് 12 വരെ. ഫീസ് അടയ്ക്കല്‍ -ഏഴിന് വൈകീട്ട് മൂന്നുവരെ. ചോയ്സ് ഫില്ലിങ് -മൂന്നുമുതല്‍ ഏഴിന് രാത്രി 11.55 വരെ. ലോക്കിങ് -ഏഴിന് വൈകീട്ട് നാലുമുതല്‍ രാത്രി 11.55 വരെ.
രണ്ടാം റൗണ്ട് അലോട്മെന്റ് ഫലം 10-ന്. സ്ഥാപന റിപ്പോര്‍ട്ടിങ്/ജോയിനിങ് 11 മുതല്‍ 18 വരെ.
മൂന്നാം റൗണ്ട് അലോട്മെന്റ് നടപടികള്‍ 23-ന് തുടങ്ങും. രജിസ്ട്രേഷന്‍/തുക അടയ്ക്കല്‍ (ബാധകമെങ്കില്‍) 28 വരെ. ചോയ്സ് ഫില്ലിങ് -24 മുതല്‍ 28 വരെ. ലോക്കിങ് സൗകര്യം 28-ന്. സീറ്റ് അലോട്മെന്റ് ഫലം 31-ന്, റിപ്പോര്‍ട്ടിങ്: ജനുവരി ഒന്നുമുതല്‍ എട്ടുവരെ.
സ്ട്രേ വേക്കന്‍സി റൗണ്ട്
നടപടികള്‍ ജനുവരി 13-ന് തുടങ്ങും. 18 വരെ രജിസ്ട്രേഷന്‍/പേമെന്റ്, ചോയ്സ് ഫില്ലിങ് എന്നിവ. 18-ന് ലോക്കിങ് സൗകര്യം. അലോട്മെന്റ് ഫലം 21-ന് പ്രഖ്യാപിക്കും. 22-നും 31-നും ഇടയില്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് നടത്തണം.
സംസ്ഥാന അലോട്‌മെന്റുകള്‍
സംസ്ഥാന കൗണ്‍സലിങ് പുതുക്കിയ സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് നടപടികള്‍ നവംബര്‍ 19 മുതല്‍ 27 വരെ. സംസ്ഥാനതല ആദ്യ റൗണ്ട് പ്രവേശനം ഡിസംബര്‍ മൂന്നിനകം.
സംസ്ഥാനതല രണ്ടാം റൗണ്ട് നടപടികള്‍ എട്ടുമുതല്‍ 18 വരെ. രണ്ടാംറൗണ്ട് പ്രവേശനം 24-നകം. മൂന്നാം റൗണ്ട് -29 മുതല്‍ ജനുവരി എട്ടുവരെ. പ്രവേശനം 14-നകം.
സംസ്ഥാന സ്ട്രേ വേക്കന്‍സി റൗണ്ട്: ജനുവരി 19 മുതല്‍ 24 വരെ. പ്രവേശനം 31-നകം. പിജി മെഡിക്കല്‍ അക്കാദമിക് സെഷന്‍ ഡിസംബര്‍ 22-ന് തുടങ്ങും. വിവരങ്ങള്‍ക്ക്: mcc.nic.in
Content Highlights: MCC releases the revised NEET PG 2025 counselling schedule for postgraduate medical admissions. Check dates for registration, choice filling, and allotment results on mcc.nic.in.