യുദ്ധവേളകളിലെ ദൈവാരാധന പാഠ്യവിഷയം; ഒൻപതാം ക്ലാസിൽ പുതിയ പുസ്തകവുമായി NCERT

#Education desk
Representative Image: AI Image
Representative Image: AI Image

ന്യൂഡൽഹി: ഏഴാം നൂറ്റാണ്ട് മുതൽ ഇന്ത്യയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധവേളകളിൽ സംരക്ഷണത്തിനായി കാളി, ദുർഗ്ഗ, ഭവാനി തുടങ്ങിയ ദേവീരൂപങ്ങളെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന പാരമ്പര്യം നിലനിന്നിരുന്നതായി എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം.

പുതിയ അക്കാദമിക് വർഷം ആരംഭിച്ച് ആറുമാസത്തിന് ശേഷമാണ് ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് - പാർട്ട് 2’ എന്ന പേരിലുള്ള പുസ്തകം ചൊവ്വാഴ്ച പുറത്തിറക്കിയത്. Resistance and Resilience എന്ന അധ്യായത്തിലാണ് യുദ്ധങ്ങളിലെ മതപരമായ പാരമ്പര്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നത്.

ഏഴാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായ വിദേശ അധിനിവേശങ്ങളെയും അതിനെതിരെ അറബ്, തുർക്കി, മുഗൾ, യൂറോപ്യൻ ശക്തികൾക്കെതിരെ ഇന്ത്യൻ ഭരണാധികാരികളും സമൂഹവും നടത്തിയ ചെറുത്തുനിൽപ്പുകളെയും കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

യുദ്ധകാലങ്ങളിൽ ദേവീ ആരാധന നടത്തുന്നത് ഇന്ത്യയിൽ ദീർഘകാലമായി നിലനിൽക്കുന്ന രീതിയാണെന്ന് പുസ്തകത്തിൽ പറയുന്നു. ബസ്തറിലെ ഭരണാധികാരിയായ അന്നമരാജാവിന് മാണിക്യദേവിയിൽ നിന്നാണ് വാൾ ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നെന്നും മധുരയിലെ സുൽത്താനേറ്റ് ശക്തികൾക്കെതിരെ പോരാടാൻ വിജയനഗര രാജകുമാരനായ കുമാര കമ്പന ദേവി നൽകിയ വാൾ ഉപയോഗിച്ചതായും ഇതിൽ പറയുന്നു. സമാനമായി, ഛത്രപതി ശിവാജി മഹാരാജിന് തുൾജാ ഭവാനി ദേവിയിൽ നിന്നാണ് വാൾ ലഭിച്ചതെന്നാണ് പരമ്പരാഗതമായ വിശ്വാസമെന്നും അധ്യായത്തിൽ പരാമർഷിക്കുന്നു. 

സെക്കൻഡറി തലത്തിലെ സാമൂഹ്യശാസ്ത്ര പഠനം വിദ്യാർഥികളിൽ വിശകലന ശേഷിയും വിമർശനാത്മക ചിന്തയും വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എൻസിഇആർടി ഡയറക്ടർ ദിനേശ് സക്ലാനി പറഞ്ഞതായി പി.ടി.എ. റിപ്പോർട്ട് ചെയ്തു. 

Content Highlights: The 'Resistance and Resilience' chapter highlights Indian rulers worshipping deities like Kali, Durga, and Bhavani during wartime from the 7th century onwards.